ദേഹാസ്വാസ്ഥ്യം: നടൻ മാമുക്കോയ ആശുപത്രിയിൽ

 
koya

നടന്‍ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം പൂങ്ങോട് സെവൻ ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. 20 മിനിറ്റോളം പരിപാടിയിൽ പങ്കെടുത്തിരുന്നു. ഉദ്ഘാടനച്ചടങ്ങു നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പരിപാടിയുടെ സംഘാടകരാണ് മാമുക്കോയയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.

തലച്ചോറിലേക്കുള്ള രക്തസമ്മർദ്ദം വർധിച്ചതാണ് കാരണമെന്നും കാർഡിയോളജി വിഭാഗത്തിൻെറ അടക്കം നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന വിവരം.