കേരളീയം ചലച്ചിത്രമേള തിരശ്ശീലയില്‍ ഓര്‍മകളുടെ തിരയിളക്കം

തിങ്ങിഞെരുങ്ങിയ തീയറ്ററുകള്‍. പടം കാണാന്‍ മണിക്കൂറുകള്‍ നീണ്ട വരിനില്‍പ്പുകള്‍.
 
ചലച്ചിത്രമേള

കൈരളിയിലെ പടിക്കെട്ടുകളില്‍ വീണ്ടും  'ഇരുത്തം' വന്ന ആള്‍ക്കൂട്ടം.  തിങ്ങിഞെരുങ്ങിയ തീയറ്ററുകള്‍. പടം കാണാന്‍ മണിക്കൂറുകള്‍ നീണ്ട വരിനില്‍പ്പുകള്‍. ഒരു ഐ.എഫ്.എഫ്.കെ വിളിപ്പുറത്തുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് കേരളീയം ചലച്ചിത്രമേള.

പ്രേക്ഷകര്‍ ഇരമ്പിക്കയറിയ    വ്യാഴാഴ്ച ഓര്‍മകളുടെ തിരയിളക്കത്തിനാണ് സാക്ഷിയായത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം തുടര്‍ച്ചയായി തീയറ്ററില്‍ ഓടിയ പടം ഗോഡ് ഫാദര്‍ ആണെന്ന ചരിത്രം ആര്‍ക്കും മറയ്ക്കാനാവില്ലെന്ന നടന്‍ മുകേഷിന്‍റെ പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഗോഡ് ഫാദറിന്‍റെ പുതു തലമുറപ്രേക്ഷകരെ അഭിവാദ്യം ചെയ്യാനെത്തിയതായിരുന്നു മുകേഷ്.

410 ദിവസം പ്രദര്‍ശിപ്പിച്ച ഏക ചിത്രം ഗോഡ് ഫാദറാണെന്നും ഇനിയൊരിക്കലും ആ റെക്കോര്‍ഡ് ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ചിത്രത്തിലഭിനയിക്കുമ്പോള്‍ 32 വര്‍ഷത്തിനുശേഷം നിറഞ്ഞ സദസ്സിന് മുമ്പാകെ ഇങ്ങനെ വികാരഭരിതനായി നില്‍ക്കേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ പ്രിവ്യൂ ഷോ നടത്തിയപ്പോള്‍ സംവിധായകന്‍ കെ. ബാലചന്ദറും മണിരത്നവും പടം കണ്ടിരുന്നു. ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്യില്ലെന്നും മലയാളതാരങ്ങള്‍ക്ക് പകരംവെക്കാന്‍ തമിഴില്‍ ആരുമില്ലാത്തതാണ് കാരണമെന്നും ബാലചന്ദര്‍ അഭിപ്രായപ്പെട്ടു. വീട്ടില്‍ രണ്ടുദിവസം ഗോഡ്ഫാദറിനെക്കുറിച്ച് മാത്രമായിരുന്നു മണിരത്നം സംസാരിച്ചതെന്നും സുഹാസിനി തന്നോട് പിന്നീട് പറഞ്ഞുവെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

നീലക്കുയിലില്‍ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍  69 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഷൂട്ടിംഗ് അനുഭവങ്ങളാണ് പങ്കുവെച്ചത്. നീലക്കുയിലിന്‍റെ മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള യഥാര്‍ത്ഥ തീയേറ്റര്‍ റീലീസ് പതിപ്പ് പ്രദര്‍ശിപ്പിച്ചു.

വെണ്‍മേഘഹംസങ്ങള്‍ എന്ന ഉപേക്ഷിക്കപ്പെട്ട സിനിമയില്‍ നിന്ന് മനു അങ്കിളിലേക്ക് ജൂബിലി ജോയ് തോമസും ഡെന്നീസ് ജോസഫും എത്തിച്ചേര്‍ന്ന കഥയാണ് ചിത്രത്തിന്‍റെ തിരക്കഥാകാരന്‍ ഷിബു ചക്രവര്‍ത്തി  കാണികളോട് പറഞ്ഞത്. ചിത്രത്തിന് ദേശീയപുരസ്കാരം കിട്ടിയപ്പോള്‍ സഭാകമ്പംമൂലം ഡെന്നീസ് ജോസഫ് അവാര്‍ഡ് വാങ്ങാന്‍ പോയില്ലെന്നും അദ്ദേഹം അനുസ്മരിച്ചു.

ഒരു വടക്കന്‍ വീരഗാഥയുടെ പ്രദര്‍ശനത്തിന് വന്‍ജനതിരക്കനുഭവപ്പെട്ടു. ചെമ്മീന്‍, കുമ്മാട്ടി എന്നീ ക്ലാസ്സിക് ചിത്രങ്ങള്‍ ഉള്‍പ്പെടെ 16 സിനിമകള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.