ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശ്യാമപ്രസാദിന്

 
prasad
മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ശ്യാമപ്രസാദിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. 
പ്രഥമ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ശശികുമാര്‍ ചെയര്‍മാനും എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബൈജു ചന്ദ്രന്‍, ദൃശ്യമാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആര്‍. പാര്‍വതീദേവി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് 2021ലെ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മലയാള ടെലിവിഷന് സൗന്ദര്യശാസ്ത്രപരമായ അടിത്തറ പാകിയ പ്രതിഭയാണ് ശ്യാമപ്രസാദ് എന്ന് ജൂറി അഭിപ്രായപ്പെട്ടു. 1984 മുതല്‍ 1994 വരെയുള്ള പത്തു വര്‍ഷക്കാലയളവില്‍ ടെലിവിഷന്‍ മാധ്യമത്തിന്റെ സകലമാന ദൃശ്യസാധ്യതകളെയും സൗന്ദര്യാത്മകമായി ഉപയോഗിച്ചുകൊണ്ട് അദ്ദേഹം ദൂരദര്‍ശനുവേണ്ടി മികച്ച പരിപാടികള്‍ ഒരുക്കി. ടെലിവിഷന്‍ മാധ്യമത്തിന് നവഭാവുകത്വം പകര്‍ന്ന ശ്യാമപ്രസാദ് പില്‍ക്കാലത്ത് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ നേതൃത്വത്തിലിരുന്നുകൊണ്ട് ക്വാളിറ്റി ടെലിവിഷന്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ യത്‌നിക്കുകയും ഈ മാധ്യമരംഗത്തിന് മൂല്യവത്തായ സംഭാവനകള്‍ നല്‍കുകയും ചെയ്തുവെന്ന് ജൂറി വിലയിരുത്തി. 
1960 നവംബര്‍ 7ന് പാലക്കാട്ട് ജനിച്ച ശ്യാമപ്രസാദ് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം ഇംഗ്‌ളണ്ടിലെ ഹള്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മീഡിയ പ്രൊഡക്ഷനില്‍ മാസ്റ്റര്‍ ബിരുദം നേടി. ബി.ബി.സിയിലും ചാനല്‍ ഫോറിലും ഇന്റേണ്‍ ആയി പ്രവര്‍ത്തിച്ചതിനുശേഷം 1994ല്‍ ദൂരദര്‍ശനില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആയി ജോലിക്കുചേര്‍ന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പ് (ആല്‍ബേര്‍ കമ്യൂ), നിലാവറിയുന്നു, (സാറാജോസഫ്), പെരുവഴിയിലെ കരിയിലകള്‍ (എന്‍. മോഹനന്‍), വിശ്വവിഖ്യാതമായ മൂക്ക് (ബഷീര്‍) മരണം ദുര്‍ബലം (കെ.സുരേന്ദ്രന്‍), ശമനതാളം (കെ.രാധാകൃഷ്ണന്‍) തുടങ്ങി, സാഹിത്യരചനകളെ ആസ്പദമാക്കി മികച്ച ടെലിഫിലിമുകളും സീരിയലുകളും ഒരുക്കിയ ശ്യാമപ്രസാദിന് 1993,1994,1996 വര്‍ഷങ്ങളില്‍ മികച്ച ടെലിവിഷന്‍ സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്‌നിസാക്ഷി, അകലെ, ഒരേ കടല്‍ എന്നീ ചിത്രങ്ങള്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡുകള്‍ നേടി. അഞ്ചു തവണ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.