കാഴ്ചയുടെ വൈവിധ്യങ്ങളൊരുക്കിയ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് തിരശീല വീണു

 
idskkf

സമകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളും സർഗാത്മകമായ ദൃശ്യഭാഷയും തിരശ്ശീലയിൽ തെളിഞ്ഞ പതിനഞ്ചാമത് രാജ്യാന്തര  ഡോക്യുമെന്റി, ഹ്രസ്വചിത്രമേള സമാപിച്ചു.
 ഉദ്ഘാടന ചിത്രമായ  'സെവന്‍ വിന്റേഴ്‌സ് ഇന്‍ ടെഹ്‌റാന്‍' മുതൽ വിവിധ വിഭാഗങ്ങളിലായി മുന്നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.  പീഡനശ്രമത്തിനിടെ സ്വരക്ഷയ്ക്കായി അക്രമിയെ കൊല ചെയ്യേണ്ടി വന്ന ഇറാനിയന്‍ വനിത റെയ് ഹാന ജബ്ബാറിയുടെ കഥയാണ് ഉദ്ഘാടന ചിത്രമായ ഈ പേര്‍ഷ്യന്‍ ഡോക്യുമെന്ററി മുന്നോട്ടുവച്ചത്. 44 രാജ്യങ്ങളില്‍ നിന്നായി നവാഗതര്‍ ഉള്‍പ്പെടെയുള്ള സംവിധായകരുടെ അതിശക്തമായ കാലികപ്രസക്തിയുള്ള പ്രമേയങ്ങളുള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് ഇത്തവണത്തെ മേളയെ സമ്പുഷ്ടമാക്കിയത്. ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത ഷോനെക് സെന്നിന്റെ 'ഓള്‍ ദാറ്റ് ബ്രീത്‌സ്' ഉള്‍പ്പെടെ രാജ്യാന്തര മേളകളില്‍ ബഹുമതികള്‍ നേടിയ ചിത്രങ്ങള്‍ക്കൊപ്പം 78 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിനും  വേദിയായി. നൂതനസങ്കേതങ്ങളുടേയും ആശയവിസ്‌ഫോടനങ്ങളുടേയും ക്രിയാത്മക പ്രതിഫലനമായ മേളയില്‍ 63 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയത്.idsffk

അനിമേഷന്‍, ഹോമേജ്, ജൂറി ഫിലിം, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ്ങ് ഡോക്യുമെന്ററി, ഇന്റര്‍നാഷണല്‍ തുടങ്ങി 23 വിഭാഗങ്ങളിലെ ചിത്രങ്ങള്‍ അവകാശപ്പോരാട്ടം, ഗോത്രവര്‍ഗ സംഘര്‍ഷം, സ്ത്രീപക്ഷ ചെറുത്തുനില്‍പ്പുകള്‍, പാര്‍ശ്വവല്‍കൃതരുടെ വിഹ്വലതകള്‍ എന്നിവയിലേക്കാണ് വിരല്‍ചൂണ്ടി. ചലച്ചിത്ര വിദ്യാര്‍ത്ഥികളുടേയും  ആസ്വാദകരുടേയും പഠന കളരികൂടിയായ മേളയില്‍ കൈരളി,ശ്രീ,നിള എന്നീ തിയേറ്ററുകളിലായി ആയിരത്തി അഞ്ഞൂറോളം പേർ മേളയുടെ ഭാഗമായി

ഡോക്യുമെന്ററിയിലെ  സമഗ്രസംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടുന്ന ദീപ ധന്‍രാജ് ഉള്‍പ്പെടെയുള്ള ദേശീയ തലത്തിലെ പ്രമുഖരുടെ സാന്നിധ്യവും മേളയെ ശ്രദ്ധേയമാക്കി.  

സ്ത്രീകളുടെ രാഷ്ട്രീയപങ്കാളിത്തം, ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ദൃശ്യരേഖയൊരുക്കുന്ന ഡോക്യൂമെന്ററികളിലൂടെ ശ്രദ്ധേയയായ ദീപ ധന്‍രാജിന്റെ 9 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു..  ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാര ജേതാവായ ആര്‍ വി രമണിയുടെ 'ഓ ദാറ്റ്‌സ് ഭാനു' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ശ്രദ്ധേയമായി. 

കഥ-കഥേതര വിഭാഗങ്ങളിലെ ജൂറിമാരായ ഡോണ്‍ പാലത്തറ, കനു ബേല്‍, തിലോത്തമ ഷോം, ഷേര്‍ലി എബ്രഹാം, സര്‍വ്‌നിക് കൗര്‍, ഷോനക് സെന്‍ എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. 2023 ല്‍ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ഷോനക് സെന്നിന്റെ 'ഓള്‍ ദാറ്റ് ബ്രീത്‌സ്' ഉള്‍പ്പെടെ ജൂറി അംഗങ്ങളുടെ തിരഞ്ഞെടുത്ത ചിത്രങ്ങളും കാണികൾക്ക് പുത്തനനുഭവമായി.


വരുണ്‍ ഗ്രോവറും അങ്കിത് കപൂറും ചേര്‍ന്നൊരുക്കിയ 'മാജിക് റിയലിസം', സന്ദീപ് രവീന്ദ്രനാഥ് സംവിധാനം ചെയ്ത 'ആന്തം ഫോര്‍ കശ്മീര്‍' ഉള്‍പ്പെടെ ഏഴു ചിത്രങ്ങള്‍ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ  മ്യൂസിക് വീഡിയോ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത് വ്യത്യസ്തമായി. മനോഹരമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ പ്രമേയത്തെ അവിസ്മരണീയമാക്കുന്ന ശൈലിയിലുള്ളതാണ്  ഈ വിഭാഗത്തിലെ ചിത്രങ്ങള്‍.
ക്യാമ്പസ് സംവിധായകരുടെ ആഖ്യാന രീതിയും വ്യത്യസ്ത പ്രമേയങ്ങളും ഡോക്യുമെന്ററി ഹ്രസ്വ ചിത്രങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതായി. വിദ്യാർത്ഥികളും സിനിമ ഗവേഷകരും അണിയറ പ്രവർത്തകരുമടക്കമുള്ളവരുടെ സൗഹൃദത്തിന്റെയും സമാഗമത്തിന്റെയും വേദിയെന്ന നിലയിലാണ് പതിനഞ്ചാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള കടന്നു പോകുന്നത്.