പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം ഇൻസ്റ്റയിൽ : ഡോക്ടറെ യുവതി അടിച്ച് കൊന്നു

 
crim
പ്രതിശ്രുത വധുവായ യുവതിയുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കു കൈമാറുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത ഡോക്ടറെ യുവതിയും കൂട്ടുകാരും ചേര്‍ന്ന്‌ കൊലപ്പെടുത്തി. ബിടിഎം ലേഔട്ടിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഡോ.വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്.

പ്രതിശ്രുത വധുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണു വികാഷിനെ വകവരുത്തിയതെന്നു പൊലീസ് പറഞ്ഞു.

യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് കൃത്യം നടപ്പാക്കിയത്. പ്രതികളെല്ലാവരും ബിടിഎം ലേഔട്ടിലെ താമസക്കാരും ആർക്കിടെക്‌ടുമാരുമാണ്. ഒളിവിൽപ്പോയ സൂര്യയെ പൊലീസ് അന്വേഷിക്കുകയാണ്. യുക്രെയ്‌നിൽനിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാഷ്, രണ്ടുവര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണു ബെംഗളൂരുവിലേക്ക് വന്നത്.

വികാഷും യുവതിയും രണ്ടു വര്‍ഷമായി സൗഹൃദത്തിലും പ്രണയത്തിലുമായിരുന്നു. തുടർന്നു വിവാഹത്തിനു വീട്ടുകാർ സമ്മതം മൂളി. ഇതിനിടെ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ആരംഭിച്ച വികാഷ്, പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചെന്നാണ് ആരോപണം. തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചുകൊടുത്തു. സെപ്റ്റംബർ എട്ടിന് ഇന്‍സ്റ്റഗ്രാമില്‍ തന്റെ നഗ്നചിത്രങ്ങള്‍ കണ്ട യുവതി ഞെട്ടി.  തുടര്‍ന്ന് വികാഷിനോട് ഇത് ചോദിച്ചപ്പോള്‍ താന്‍ തമാശയ്ക്ക് ചെയ്തതെന്നായിരുന്നു മറുപടി.

സുഹൃത്ത് സുശീലിനോട് ഇക്കാര്യം യുവതി വെളിപ്പെടുത്തുകയും തുടര്‍ന്ന് വികാഷിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഇവര്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചതില്‍ ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശം പ്രതികള്‍ക്ക് ഇല്ലായിരുന്നു. ഇവര്‍ തന്നെയാണ് അബോധാവസ്ഥയില്‍ വികാഷിനെ ആശുപത്രിയില്‍ എത്തിച്ചതും എന്നാണ് പോലീസ് പറയുന്നത്.