യുപിയിൽ ശ്രദ്ധ കൊലയ്ക്ക് സമാനമായ ക്രൂരത

മുൻകാമുകൻ യുവതിയെ കൊന്ന് 6 കഷണങ്ങളാക്കി
 
cr

ശ്രദ്ധ വാൽക്കറുടെ കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശിലെ അസംഗഢിലും സമാനമായ ക്രൂരത. അസംഗഢിലെ പശ്ചിംപട്ടി ഗ്രാമത്തിൽ മുൻ കാമുകിയെ കൊലപ്പെടുത്തി ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരാധന പ്രജാപതി (22) ആണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലും കുളത്തിലും തള്ളിയ യുവതിയുടെ മുൻ കാമുകൻ പ്രിൻസ് യാദവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

നവംബർ 15ന് പശ്ചിംപട്ടി ഗ്രാമത്തിലെ കിണറ്റിൽ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകം പുറത്തറിയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ ദിവസങ്ങൾ പഴക്കമുണ്ടായിരുന്നതായും അർദ്ധനഗ്നാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തനിക്ക് പകരം മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യം മൂലമാണ് ആരാധനയെ കൊലപ്പെടുത്തിയതെന്ന് പ്രിൻസ് പൊലീസിനോട് പറഞ്ഞു.

നവംബർ 10 മുതൽ യുവതിയെ കാണാനില്ലെന്ന പരാതി പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കിണറ്റിൽ കണ്ടെത്തിയ മൃതദേഹം ആരാധനയുടേതെന്ന് സ്ഥിരീകരിച്ചത്. പ്രിൻസിൻ്റെ മാതാപിതാക്കൾക്കും കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നു. മാതാപിതാക്കളുടെയും ബന്ധു സർവേഷിന്‍റെയും സഹായത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വർഷത്തോളം പ്രിൻസ് യുവതിയുമായി പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് ആരാധനയുടെ വിവാഹം കഴിഞ്ഞ വിവരം പ്രതി അറിയുന്നത്.