കോവളത്തെ സ്പാകളിൽ 16-കാരിയെ പീഡിപ്പിച്ച കേസ്; 24-കാരൻ കൂടി അറസ്റ്റിൽ; പ്രതികളുടെ എണ്ണം ഒൻപതായി
കോവളത്തെ സ്പാകളിലെത്തിച്ച് 16-കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കന്യാകുമാരി ഉദയമാർത്താണ്ഡം സ്വദേശി ജിമിലൻ (24) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
കോവളത്തെ രണ്ട് സ്പാകളിൽവെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് ജിമിലനെതിരായ ആരോപണം. കേസിലെ മൂന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ സജിത്ത്കുമാറിന്റെ ഉടമസ്ഥതയിലുള്ള ആയുർ കേരള സ്പായിൽവെച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോവളത്തെ വൈക്കോൽക്കുളം സ്പായിലും പീഡനത്തിനിരയായതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.
ഈ സ്പായിൽനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്യാകുമാരിയിലെ കരിങ്കലിൽനിന്നാണ് പ്രത്യേക അന്വേഷണസംഘം ജിമിലനെ കസ്റ്റഡിയിലെടുത്തത്.
