തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; അട്ടക്കുളങ്ങരയില്‍ യുവാവിനെ വെട്ടി

 
crime

 തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ട ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനില്‍ യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലിസ് നല്‍കുന്ന വിവരം. രാത്രി ഒന്നരയോടു കൂടിയാണ് സംഭവം. അട്ടക്കുളങ്ങര ജംഗ്ഷനില്‍ നിന്നും കോട്ടക്കകത്തേക്ക് പോകുന്ന ഭാഗത്തേക്ക് യുവാവിനെ മാറ്റി നിര്‍ത്തിയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്.

പൂജപ്പുര സ്വദേശി മുഹമ്മദലി എന്നയാള്‍ക്കാണ് പരുക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം നഗരത്തില്‍ അടുത്തിടെ വലിയ തോതിലുള്ള ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. കുപ്രസിദ്ധ ഗുണ്ടാ നേതാക്കളായ ഓംപ്രകാശ്, ഒട്ടുപാല്‍ രാജേഷ് തുടങ്ങിയവര്‍ ഇത്തരം ഗുണ്ടാ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഭവങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ കേസിലെ പ്രതികളെ പിടികൂടാനാകാത്തതിന് പൊലിസ് പഴി കേള്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം.