പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്

 
obit

 പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്ക് സമീപം പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്റ്റഫർ (58)നെ അഞ്ച് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക  അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ ഉത്തരവിൽ പറയുന്നു.


  2020 നവംബർ നാലിന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ കുട്ടിയും അനുജത്തിയും കൂടി നടന്ന് വരവെ  ഓട്ടോയിൽ ഇരുന്ന പ്രതി കുട്ടികളെ പ്രതിയുടെ വീട്ടിലേയ്ക്ക് കൊണ്ട് പോയി പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷൻ കേസ്‌. അച്ഛൻ്റെ കൂട്ടുകാരനാണ് താനെന്ന് പരിചയപ്പെടുത്തിയതിനാലാണ്   കുട്ടികൾ പ്രതിയുടെ  വീട്ടിലേക്ക് ചെല്ലാൻ  തയ്യാറായത്. അനിയത്തിയെ ഒരു മുറിയിലിരുത്തിയതിന് ശേഷം ഇരയെ മറ്റൊരു മുറിയിൽ കൊണ്ട് പോയാണ്  പീഡിപ്പിച്ചത്.കുട്ടി കരഞ്ഞപ്പോൾ പ്രതി കുട്ടിക്ക് പൈസ കൊടുത്തിട്ട് മുട്ടായി വാങ്ങി തിരിച്ച് വരാൻ പറഞ്ഞു.ഇത് പുറത്ത് ആരോടും പറയരുതെന്നും പറഞ്ഞു.വെളിയിൽ ഇറങ്ങിയ കുട്ടി അനിയത്തിയേയും കൂട്ടി വീട്ടിൽ ഓടി പോയി അമ്മയോട് വിവരം പറഞ്ഞു. വീട്ടുകാർ ഉടനെ പ്രതിയെ അന്വെഷിച്ച് വീട്ടിലെത്തിയപ്പോൾ പ്രതി വീടിൻ്റെ വാതിൽ അടച്ചു. തുടർന്നാണ് വിഴിഞ്ഞം പൊലീസിൽ  പരാതി കൊടുത്തത്.


 പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യുട്ടർ ആർ.എസ്.വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി.പ്രോസിക്യൂഷൻ പതിനേഴ് സാക്ഷികളെ വിസ്സതരിച്ചു. പതിനേഴ് രേഖകളും ഹാജരാക്കി. പിഴ തുക ഇരയക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമ്മാരായിരുന്ന അലോഷ്യസ്, കെ.എൽ.സമ്പത്ത് എന്നിവരാണ് കേസ് അന്വെഷിച്ചത്.