കുടുംബവഴക്കിനിടെ ഭാര്യയെ പിറ്റ്ബുൾ നായയെക്കൊണ്ട് കടിപ്പിച്ചു
ഭർത്താവിനെതിരെ കേസ്
മർദനത്തിൽ മൂക്കിന്റെ പാലത്തിന് പൊട്ടൽ; ‘ആക്‌ഷൻ ഹീറോ ബിജു’ സിനിമയിലെ അതേ വകുപ്പ് ചുമത്തി പൊലീസ്
കുടുംബവഴക്കിനിടെ ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വളർത്തുനായയെക്കൊണ്ട് കടിപ്പിച്ച ഭർത്താവിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു. കരിങ്ങാതുരുത്ത് മുണ്ടുപാലം അറയ്ക്കപ്പാടത്ത് വീട്ടിൽ ജോസഫ് സുനിൽ (57) ആണ് പ്രതി. പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ കൈയ്ക്ക് പരുക്കേറ്റു. മർദനത്തിൽ മൂക്കിന്റെ പാലത്തിന്റെ അസ്ഥിക്കും പൊട്ടലുണ്ടായി.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുടുംബവഴക്കിനിടെ ജോസഫ് സുനിൽ ഭാര്യയുടെ മൊബൈൽ ഫോൺ എറിഞ്ഞുപൊട്ടിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ഇതേക്കുറിച്ച് സുഹൃത്തുക്കൾ ചോദ്യം ചെയ്തതോടെ വീട്ടിൽ വീണ്ടും വഴക്കുണ്ടായി. ഇതിനിടെ ഹാളിൽവച്ച് ഭാര്യയുടെ മൂക്കിൽ ഇടിക്കുകയും മുടിയിൽ പിടിച്ച് ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
തുടർന്നാണ് വീട്ടിൽ വളർത്തിയിരുന്ന പിറ്റ്ബുൾ നായയെക്കൊണ്ട് ഭാര്യയുടെ വലതുകൈയിലെ വിരലുകൾക്ക് താഴെ കടിപ്പിച്ചത്. ആക്രമണത്തിൽ കൈയ്ക്ക് മുറിവേറ്റതിനു പുറമെ മൂക്കിന്റെ പാലത്തിന്റെ അസ്ഥിക്കും പൊട്ടലുണ്ടായി. സംഭവത്തിൽ പരുക്കേറ്റ വീട്ടമ്മ നേരിട്ട് വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ഭാരതീയ ന്യായസംഹിതയിലെ മനഃപൂർവം പരുക്കേൽപ്പിക്കൽ, ഗുരുതരമായി പരുക്കേൽപ്പിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾക്കു പുറമെ 118(1) വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. അപകടകരമായ വസ്തുക്കൾക്കും മൃഗങ്ങൾക്കും പുറമെ ആയുധങ്ങൾ, തീ, വിഷം എന്നിവ ഉപയോഗിച്ച് മനഃപൂർവം പരുക്കേൽപ്പിക്കുന്നതിനുള്ള വകുപ്പാണിത്.
നിവിൻ പോളി നായകനായ 'ആക്‌ഷൻ ഹീറോ ബിജു' എന്ന സിനിമയിൽ നായയെ ഉപയോഗിച്ച് കുട്ടിയെ ആക്രമിച്ച സംഭവത്തിലെ പ്രതിക്കെതിരെയും ഇതേ വകുപ്പാണ് ചുമത്തിയിരുന്നത്. സിനിമയിലെ രംഗത്തെ ഓർമിപ്പിക്കുന്ന സംഭവത്തിൽ പൊലീസ് സ്വീകരിച്ച നിയമനടപടിയും ശ്രദ്ധേയമായി.
