ജൂൺ 1 ന് വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അവലോകനം

 
sivan

ജൂൺ 1 ന് വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് ഈ യോഗം വിളിച്ചു ചേർത്തത്. 

ഈ യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ സംബന്ധിച്ച അജണ്ട നിങ്ങൾക്ക് നേരത്തെ നൽകിയിരുന്നതാണ്. 

ആ വിഷയങ്ങളിൽ വിശദമായ പരിശോധനയും ഓരോ ജില്ലയിലെയും പോരായ്മകളും ചർച്ച ചെയ്യപ്പെടണം. 

സ്‌കൂളുകളിൽ അധ്യാപകരെ സമയബന്ധിതമായി നിയമിക്കാനും സ്ഥലം മാറ്റങ്ങൾ നടത്താനും ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥർ എന്ന നിലയ്ക്ക്  ഒരു സ്‌കൂളിലും അധ്യാപകർ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്നാണ് എനിക്ക് നിങ്ങളെ പ്രത്യേകമായി ഓർമ്മിപ്പിക്കാനുള്ളത്. 

രക്ഷകർത്താക്കളിൽ നിന്നും പൊതുസമൂഹങ്ങളിൽ നിന്നും സ്‌കൂളുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അടിയന്തിര ഇടപെടൽ നടത്തണം. 


അച്ചടക്ക നടപടികളിൽ സ്വീകരിക്കേണ്ട വിഷയങ്ങളിൽ ആയത് സ്വീകരിക്കണം. 

പി.റ്റി.എ. യുടെ പ്രവർത്തനം സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ടവരുടെ യോഗം അതാത് പരാതി ലഭിക്കുന്ന ഓഫീസുകളിൽ വിളിച്ചു ചേർത്ത് അടിയന്തിര പരിഹാരം കാണണം. 

സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ പലതിലും ഇപ്പോഴും അഴിമതിയും കാലതാമസവും ഉള്ളതായി എനിയ്ക്ക് ലഭിക്കുന്ന പരാതികളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു. 

ഭിന്നശേഷി ഉത്തരവ് വരുന്നതിന് മുമ്പ് നടത്തിയ നിയമനങ്ങളിൽ ഇതുവരെയും അംഗീകാരം കൊടുക്കാതെ നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതി വിശേഷം ഉണ്ട്.  

ആർ.ഡി.ഡി., എ.ഇ.ഒ., ഡി.ഇ.ഒ, ഡി.ഡി.  ഓഫീസുകളിലും ഫയലുകൾ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. 

ബാലിശമായ തടസ്സവാദങ്ങൾ ഫയലുകളിൽ നിരത്തി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്ഥിതിയുണ്ട്. 

പെൻഷൻ ഫയലുകളിൽ പെൻഷൻ ആനുകൂല്യങ്ങൾ കൃത്യ സമയത്ത് അനുവദിക്കാതെ ആഡിറ്റ് തടസ്സവാദങ്ങൾ നിരത്തി ഡി.സി.ആർ.ജി. ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. 

ഫയലുകൾ പൂഴ്ത്തിവയ്ക്കുന്നതും പാരിതോഷികങ്ങൾ ആവശ്യപ്പെടുന്നതും അടക്കം ഏത് വിഷയം ശ്രദ്ധയിൽപ്പെട്ടാലും വിട്ടുവീഴ്ചയില്ലാത്ത നടപടി സർക്കാർ സ്വീകരിക്കും എന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ്. 

പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂൾ ഓഫീസുകൾ 5 മണി വരെ പ്രവൃത്തിക്കണം. 

സാധ്യമായ ദിവസങ്ങളിൽ അല്ലാത്ത ശനിയാഴ്ചകളിൽ മറ്റും പ്രിൻസിപ്പൽ അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകൻ, ഓഫീസ് സ്റ്റാഫുകൾ എന്നിവർ ഓഫീസിലുണ്ടാകണം. 

ലാന്റ് ഫോണുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. 

പല ഓഫീസുകളിലും ഫോണുകൾ ഇപ്പോഴും പ്രവർത്തിക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. 

അധ്യാപകരുടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസെടുപ്പും സ്‌പെഷ്യൽ ട്യൂഷനും വളരെ ഗൗരവമായാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. 

ഈ നിയമവിരുദ്ധ പ്രവർത്തനം പൊതുവിദ്യാഭ്യാസ നിലവാരം തകരുന്നതിന് കാരണമായി മാറുന്നുണ്ട്. 

പൊതുവിദ്യാലയങ്ങളിലെ ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്ന അധ്യാപർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. 

അധ്യാപകർ ഇത്തരത്തിൽ ക്ലാസെടുക്കുന്നില്ല എന്ന് അവരിൽ നിന്ന് ഈ വർഷം സത്യവാങ്മൂലം വാങ്ങണോ എന്ന കാര്യം ആലോചിക്കുന്നു.

ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയാണ്.

1)    അക്കാദിക മികവ്

മികച്ച പഠനാനുഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് ഈ അദ്ധ്യയന വർഷം ശ്രദ്ധിക്കേണ്ടതുണ്ട്. 

അക്കാദിക നിലവാരം ഉയർത്തുന്നതിനാവശ്യമായ പദ്ധതികൾ ഓരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. 

2023 ജൂൺ 6 നകം സ്‌കൂൾ തല വാർഷിക പ്ലാൻ തയ്യാറാക്കണം. 

കലാ മേളകൾ, കായിക മേളകൾ, ശാസ്ത്രമേളകൾ എന്നിവ മുൻകൂട്ടി തന്നെ ഇതിന്റെ ഭാഗമായി തീരുമാനിക്കണം. 

ഒന്നാം ടേം  ആസൂത്രണവും ഇതോടൊപ്പം പൂർത്തിയാക്കണം.  

എല്ലാ ആഴ്ചയും സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് (എസ്.ആർ.ജി.) യോഗം ചേർന്ന് പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും മിനിട്‌സ് രേഖപ്പെടുത്തുകയും വേണം. 

ഓരോ മാസവും സ്‌കീം ഓഫ് വർക്ക് കൃത്യമായി പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. 

പരമാവധി സ്‌കൂൾ അദ്ധ്യയന ദിവസങ്ങൾ (സാധ്യമായ മണിക്കൂറുകൾ)  ഉറപ്പു വരുത്തണം. 

2)    സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റക്കുറ്റപ്പണി

സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിനായി അടിയന്തിര സ്‌കൂൾ അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന ഫണ്ടിൽ നിന്നും പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. 

എസ്.പി.വി. കളുടെയും കെട്ടിട നിർമ്മാണം തടസ്സപ്പെട്ട മണ്ഡലങ്ങളിലെ എം.എൽ.എ. തുടങ്ങിയ ബന്ധപ്പെട്ടവരുടെയും യോഗം 2023 ഏപ്രിൽ 22 ന്  വിളിച്ചു ചേർക്കാനും കെട്ടിട നിർമ്മാണം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

3)    സ്‌കൂൾ ഫർണിച്ചർ മെയിന്റനൻസ്

സ്‌കൂൾ കെട്ടിടങ്ങളുടെ മെയിന്റനൻസിനും പുതിയ സ്‌കൂൾ കെട്ടിടങ്ങൾ പണിയുന്നതിനും തുക അനുവദിച്ചിട്ടുള്ളത്.  

കൂടാതെ സെക്കന്ററി സ്‌കൂളുകളിൽ ഫർണിച്ചർ വാങ്ങുന്നതിന് നോൺ പ്ലാൻ ശീർഷകത്തിൽ ചെറിയ ഒരു തുക അനുവദിച്ചു വരുന്നു. 

വായനയുടെ വസന്തം എന്ന പദ്ധതിയിലുൾപ്പെടുത്തി 203 സ്‌കൂളുകൾക്ക്  ലൈബ്രറി പുസ്തകങ്ങൾ വയ്ക്കുന്നതിനായി റാക്കിനായി തുക അനുവദിച്ചിട്ടുണ്ട്. 

വരുന്ന സാമ്പത്തിക വർഷം ഈ ആവശ്യത്തിനായി സർക്കാർ ഫണ്ടിൽ നിന്നും ഏതെങ്കിലും തുകകൾ അനുവദിക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിച്ചു വരുന്നു. പി.റ്റി.എ. യുടെയും പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെയും സഹകരണം അഭ്യർത്ഥിക്കാവുന്നതാണ്. 

4)    സ്‌കൂൾ  കിണറുകൾ/കുടിവെള്ള ടാങ്കുകൾ എന്നിവയുടെ ശുചീകരണം

സ്‌കൂളുകളിൽ പി.ടി.എ യുടെ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനും ഉള്ള നടപടികൾ 2023 മേയ് 30 ന് മുൻപ് പൂർത്തീകരിക്കേണ്ടതാണ്. 

സ്‌കളുകളിലെ കിണറുകളിലെ കുടിവെള്ളം പരിശോധിക്കാൻ വാട്ടർ അതോറിറ്റിയുടെ ലാബുകളെ കൂടി പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 

5)    സ്‌കൂൾ ക്യാമ്പസ് ശുചീകരണം  

ഗ്രീൻ ക്യാമ്പസ്  ക്ലീൻ ക്യാമ്പസ്

2023 - 24 അദ്ധ്യയന വർഷം മുതൽ നമ്മുടെ സ്‌കൂൾ ക്യാമ്പസുകൾ വൃത്തിയായും ശുചിയായും ഹരിതാഭമായും സൂക്ഷിക്കുന്നതിന് ആവശ്യമായ നൂതനമായ പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണ്. 

2023  ജൂൺ 5 ന് ഗ്രീൻ ക്യാമ്പസ്  ക്ലീൻ ക്യാമ്പസ് എന്ന ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടത്തും. 

2023-24 അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂളും, പരിസരവും വൃത്തിയാക്കേണ്ടതുണ്ട്.  

സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കേണ്ടതും, സ്‌കൂൾ ഭിത്തികൾ പെയിന്റ് ചെയ്ത് മനോഹരമാക്കേണ്ടതുമാണ്.  

സ്‌കൂളും പരിസരവും, ക്ലാസ് മുറികൾ, ടോയിലറ്റ്, കുട്ടികൾ പെരുമാറുന്ന മറ്റു സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കുകയും, മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്.  

ഇഴ ജന്തുക്കൾ കടക്കാൻ സാധ്യതയുളള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.  

നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളിൽ കുട്ടികൾക്ക്  സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണിനടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതും, കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാത്തവിധം നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കേണ്ടതുമാണ്.  

കുടിവെളള ടാങ്ക്, കിണറുകൾ, മറ്റുജല സ്രോതസുകൾ എന്നിവ നിർബന്ധമായും അണു വിമുക്തമാക്കേണ്ടതും, കുടിവെളള സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.  

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകൾ എസ്.പി.സി., എൻ.സി.സി. എൻ.എസ്.എസ്., മറ്റു സംഘടനകൾ എന്നിവരുടെ സഹകരണം ഉറപ്പാക്കണം. 

6)    അവധിക്കാല  സ്‌കൂൾ പച്ചക്കറി തോട്ടങ്ങൾ സംരക്ഷണം

സ്‌കൂളുകളിലെ പച്ചക്കറിത്തോട്ടം സ്‌കൂൾ അവധിക്കാലത്ത് നശിച്ചുപോകാതെ സംരക്ഷിക്കുന്നതിന് സ്‌കൂളിനു സമീപമുള്ള വിദ്യാർത്ഥികളുടെയും പ്രാദേശിക കർഷക സമൂഹത്തിന്റെയും സ്‌കൂളുകളിലെ വിവിധ ക്ലബുകളുടെയും അദ്ധ്യാപകരുടേയും രക്ഷകർത്താക്കളുടെയും സഹകരണത്തോടെ സ്‌കൂൾ ഉച്ചഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിൽ  പരിപാലിക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. 

കൃഷി വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും സഹകരണത്തോടെ പ്രാദേശിക കർഷക കൂട്ടായ്മയുമായി ചേർന്ന് കൂടുതൽ സ്‌കൂളുകളിൽ മികച്ച രീതിയിൽ അടുക്കള പച്ചക്കറിത്തോട്ടം വിപുലീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. 

അദ്ധ്യാപകരുടേയും രക്ഷകർത്താക്കളുടേയും സഹകരണം ഉണ്ടായാൽ മാത്രമേ ഈ പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിയും. 

സ്‌കൂളുകൾക്ക് അതാത് പ്രദേശത്തെ കൃഷി ഭവനുകളുടെ സഹായം ലഭ്യമാക്കുന്ന കാര്യം ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 

7)    സ്‌കൂൾ ബസുകളുടെ മെയിന്റനൻസ്

സ്‌കൂൾ ബസ്സുകൾ  അറ്റകുറ്റപണികൾ ചെയ്യുന്നതിന് ആവശ്യമായ ഫണ്ട്        പൊതുവിദ്യാഭ്യാസ വകുപ്പിൽ ലഭ്യമല്ല. 

ഇക്കാര്യത്തിൽ സ്‌കൂൾ പി.റ്റി.എ. യുടെയും അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

8)    പാഠപുസ്തകം / യൂണിഫോം/ 

5 കിലോ അരി വിതരണം

പാഠപുസ്തക വിതരണം 

2023-24 അദ്ധ്യയന വർഷത്തെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം 2023 മാർച്ച് 25 ശനിയാഴ്ച  നിർവ്വഹിക്കുകയും 2023 മാർച്ച് 27 മുതൽ ജില്ലാ ഹബ്ബുകളിലെ സോർട്ടിംഗ് പൂർത്തീകരിച്ച് വിതരണം ആരംഭിക്കുകയും ചെയ്തിരുന്നു. 

ആകെ  പാഠപുസ്തകങ്ങളുടെ 82 ശതമാനമാണ് ഇതിനകം അച്ചടി പൂർത്തീകരിച്ചിട്ടുള്ളത്.

ഇവയിൽ 70.65 ശതമാനം പാഠപുസ്തകങ്ങൾ ജില്ലാ ഹബ്ബുകളിൽ എത്തിക്കുകയും ആകെ പാഠപുസ്തകങ്ങളുടെ 52.93  ശതമാനം വിതരണം ചെയ്തിട്ടുമുണ്ട്. 

പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട മോണിറ്ററിംഗുകൾ വളരെ നല്ല രീതിയിലാണ് സംസ്ഥാനത്തും ജില്ലാ-ഉപജില്ലാ തലങ്ങളിലും നടന്നുവരുന്നത്. 

പുസ്തക വിതരണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ  അത് ഉടൻ തന്നെ പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികൾ ഉണ്ടാകണം. 

സ്‌കൂൾ യൂണിഫോം പദ്ധതി

പ്രസ്തുത പദ്ധതി പ്രകാരം രണ്ട് തരത്തിൽ യൂണിഫോം വിതരണം നടത്തി   വരുന്നു.

1)    സംസ്ഥാനത്തെ സ്റ്റാന്റ് എലോൺ എൽ.പി., യു.പി.  സർക്കാർ സ്‌കൂളുകളിലും എൽ.പി. വിഭാഗം എയ്ഡഡ് സ്‌കൂളുകളിലും (1 മുതൽ 4 വരെ) സ്‌കൂളിലും കൈത്തറി യൂണിഫോം നൽകി വരുന്നത്. 

2)    സൗജന്യ കൈത്തറി യൂണിഫോം നൽകാത്ത 

1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന സർക്കാർ ഹൈസ്‌കൂളിലെ എ.പി.എൽ. വിഭാഗം ആൺ കുട്ടികള്ക്കും  എയ്ഡഡ് വിഭാഗത്തിലെ 1 മുതൽ 

8 വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും  

2 ജോഡി യൂണിഫോമിന് തയ്യൽ കൂലി അടക്കം 600/ രൂപ നല്കി വരുന്നു.

ഇനിയും തുക അനുവദിക്കാനുള്ള കുട്ടികളുടെ വിവരം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

കൈത്തറി യൂണിഫോം

2023 മാർച്ച് 25  ന് കൈത്തറി യൂണിഫോം വിതരണം നടക്കുകയും ആയതിനെ തുടർന്ന്  ക്ലസ്റ്ററുകളിൽ വന്നുകൊണ്ടിരിക്കുന്ന യൂണിഫോം സ്‌കൂളുകൾക്ക്  വിതരണം ചെയ്തു വരുന്നു.  

ആദ്യ ഘട്ടം എന്ന നിലയിൽ നാൽപത്തിയൊന്നേ പോയിന്റ് അഞ്ച് ലക്ഷം മീറ്റർ തുണിയാണ്      വിതരണം ചെയ്യുന്നത്.  

ആറായിരത്തി എണ്ണൂറ്റി മുപ്പത്തിയാറ് (6836) സ്‌കൂളുകൾക്കാണ് ആയത് വിതരണം നടത്തേണ്ടത്.  

യൂണിഫോം വിതരണത്തിൽ ലഭ്യമാകുന്ന പരാതികൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.


5 കിലോഗ്രാം അരി വിതരണം

എല്ലാ ജില്ലകളിലും 5 കിലോഗ്രാം സ്‌പെഷ്യൽ അരി വിതരണം സ്‌കൂൾ വേനലവധിക്ക് അടക്കുന്നതിന് മുൻപ് തന്നെ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. 

ആയതിൻ പ്രകാരം എല്ലാ ജില്ലകളിലും അരി വിതരണം പൂർത്തീകരിച്ചിട്ടുണ്ട്. 

ഇതിനായി സഹകരിച്ച എല്ലാ അദ്ധ്യാപകരെയും അഭിനന്ദിക്കുന്നു.

9)    സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി/പ്രഭാത ഭക്ഷണം

ഉച്ചഭക്ഷണ പദ്ധതിയുടെ മെറ്റീരിയൽ കോസ്റ്റ് വർദ്ധന സംബന്ധിച്ച് സമർപ്പിച്ച വിശദമായ പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണ്. 

കേന്ദ്രത്തിൽ നിന്നും 2022-23 വർഷത്തേയ്ക്ക് 125 കോടി ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിഹിതവും ചേർത്തുകൊണ്ട് പാചക ത്തൊഴിലാളികളുടെ ഫെബ്രുവരി വരെയുള്ള  മുഴുവൻ ഓണറേറിയവും മാർച്ച് മാസത്തെ ഓണറേറിയം ഭാഗികമായും നൽകിയിട്ടുണ്ട്. 

കൂടാതെ മെറ്റീരിയൽ കോസ്റ്റ് ഫെബ്രുവരി വരെ പൂർണ്ണമായും നൽകിയിട്ടുണ്ട്. 

സർക്കാരിൽ നിന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് മാർച്ച് മാസത്തെ മെറ്റീരിയൽ കോസ്റ്റും പാചകത്തൊഴിലാളികളുടെ മാർച്ച് മാസത്തെ ബാക്കിയുള്ള ഓണറേറിയം നൽകുന്നതാണ്. 

ഉച്ചഭക്ഷണ പദ്ധതിയിലുള്ള 12,037 സ്‌കൂളുകളിൽ  2,400 സ്‌കൂളുകളിലാണ് 2022-23 അദ്ധ്യയന വർഷം പ്രഭാത ഭക്ഷണം നൽകി വന്നിരുന്നത്. 

പുതിയ അദ്ധ്യയന വർഷം തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് പ്രഭാത ഭക്ഷണം കൂടുതൽ സ്‌കൂളുകളിൽ നടപ്പിൽ വരുത്തുന്നതാണ്. 

കുട്ടികൾക്ക് പാചകം ചെയ്തു നൽകാനുള്ള ഭക്ഷണ സാധനങ്ങൾ വൃത്തിയുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കേണ്ടതും ഭക്ഷണ സാധനങ്ങൾ പാചകപ്പുര എന്നിവ നിരന്തര പരിശോധന വകുപ്പ് തലത്തിൽ നടത്തി റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകേണ്ടതാണ്. 

10)    സ്‌കൂൾ പി.റ്റി.എ ജില്ലാതല യോഗം

എല്ലാ ജില്ലകളിലും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ടും പി.ടി.എ പ്രസിഡന്റുമാരുടെ യോഗം മന്ത്രിമാരുടെയും എം.എൽ.എ. മാരുടെയും നേതൃത്വത്തിൽ മേയ് 10 മുതൽ 20 വരെ ജില്ലാതലത്തിൽ വിളിച്ച് കൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

11)    പ്രീ-പ്രൈമറി ക്ലാസുകൾ

സംസ്ഥാനത്ത് ഗവൺമെന്റ് സ്‌കൂളുകളോട് അനുബന്ധിച്ച് പി.ടി.എ കളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന  2686 പ്രീ-പ്രൈമറി സ്‌കൂളുകളിലായി  ഓണറേറിയം ലഭിച്ചുവരുന്ന 2864 അദ്ധ്യാപകരും 1965 ആയമാരും നിലവിലുണ്ട്.    

കോടതി വിധിയുടെ   അടിസ്ഥാനത്തിലാണ് 2012 ആഗസ്റ്റ് 1 വരെ സർവ്വീസിലുള്ള പി.ടി.എ നടത്തുന്ന സർക്കാർ സ്‌കൂളുകളിലെ പ്രീ-പ്രൈമറി ജീവനക്കാരുടെ നിയമനം സർക്കാർ, അംഗീകരിച്ചതും ഓണറേറിയം നൽകാൻ തീരുമാനിച്ചതും 

2012 ആഗസ്റ്റ് 1 ൽ 1 വർഷമെങ്കിലും ജോലി ചെയ്ത എല്ലാ പ്രീ-പ്രൈമറി ജീവനക്കാർക്കും യോഗ്യത കണക്കാക്കാതെയാണ് നിയമനം അംഗീകരിച്ചത്.  

തുടർന്ന് 2012 ഡിസംബർ 7 ന് ശേഷം പുതിയ നിയമനങ്ങൽ നടത്താനോ, പുതിയ പ്രീ- പ്രൈമറി ക്ലാസുകൾ ആരംഭിക്കുവാനോ പാടില്ല എന്ന് സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ളതാണ്. 

12)    ലഹരി വിരുദ്ധ സ്‌കൂൾ ക്യാമ്പസ്

ലഹരി വിരുദ്ധ സ്‌കൂൾ ക്യാമ്പസ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി ജില്ലാതല സമിതിയും അതിനെ തുടർന്ന്  വാർഡ് തല സമിതിയും രൂപീകരിക്കുകയുണ്ടായി. 

സ്‌കൂൾ തല ജനജാഗ്രത സമിതിയിൽ  പി.ടി.എ പ്രസിഡന്റ്  അധ്യക്ഷനും  പ്രിൻസിപ്പാൾ /  പ്രധാനാധ്യാപകൻ കൺവീനറായും പ്രവർത്തിക്കുന്നു. 

കൂടാതെ എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, ജെ.ആർ.സി, സ്‌കൗട്ട് & ഗൈഡ്‌സ് ലിറ്റിൽ കൈറ്റ്‌സ് ആന്റി് നർക്കോട്ടിക് ക്ലബ് മറ്റ് ക്ലബുകൾ എന്നിവയുടെ സജീവ പങ്കാളിത്തതോടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തി വരുന്നു. 

ഇത്തരത്തിൽ ഈ രംഗത്ത് വളരെ ജാഗ്രതയോടെ പ്രവർത്തനം ആരംഭിക്കാൻ മുൻ വർഷം കഴിഞ്ഞിട്ടുണ്ട്. 

പ്രസ്തുത പ്രവർത്തനങ്ങൾ വീഴ്ച കൂടാതെ കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. 

മുൻ വർഷത്തേതു പോലെ പി.റ്റി.എ., എസ്.എം.സി., മാതൃ സമിതി, എൻ.എസ്.എസ്., എസ്.പി.സി., എൻ.എസ്.എസ്., സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തുടങ്ങീ സന്നദ്ധ സംഘടനകൾ, ആരോഗ്യ വകുപ്പ്, പോലീസ്, എക്‌സൈസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതു സംഘടനകൾ എന്നിവയുടെ എല്ലാം സഹകരത്തോടെയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സമയബന്ധിതമായി നടപ്പിലാക്കുകയും വിലയിരുത്തുകയും വേണം. 

13)    അദ്ധ്യാപകർ - കുട്ടികളുടെ വീട്ടിലേയ്ക്ക്

പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന് പല സ്‌കൂളുകളിലെയും അധ്യാപകരെ ചില അധ്യാപക സംഘടനകളും കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. 

ഇത് വലിയ മതിപ്പാണ് നമ്മുടെ വകുപ്പിനെ കുറിച്ച് പൊതുസമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. 

ഈ പ്രവർത്തനം വ്യാപിപ്പിക്കേണ്ടതുണ്ട്. 

എ.ഇ.ഒ., ഡി.ഇ.ഒ., ഡി.ഡി. മാർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നത് നന്നായിരിക്കും. 

14)    അവധികാല രക്ഷകർത്തൃ സംഗമം

പ്രവേശനോത്സവം, സ്‌കൂൾ ശുചീകരണം, അടുത്ത അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ തുടങ്ങിയവയ്ക്ക് രൂപരേഖ തയ്യാറാക്കാൻ രക്ഷകർത്തൃ സംഗമങ്ങൾ വിളിച്ചു ചേർക്കുന്നത് ഉചിതമായിരിക്കും. 

15)    സ്‌കൂൾ പ്രവേശനം-  പ്രവേശനോത്സവം

സംസ്ഥാനത്ത് എല്ലാ വർഷവും ജൂൺ 1-ാം തീയതി സ്‌കൂൾ തുറക്കുന്നത് പ്രവേശനോത്സവമായി ആഘോഷപൂർവം നടത്തിവരുന്നു. 

പൊതു ജനങ്ങളുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥൻമാരുടേയും പങ്കാളിത്തം ഇക്കാര്യത്തിൽ ഉണ്ടോകേണ്ടതുണ്ട്. 

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിക്കുന്നതാണ്. 

ജില്ലാ അടിസ്ഥാനത്തിൽ അതത് ജില്ലകളിലുള്ള മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കേണ്ടതുണ്ട്. 

ജില്ലകളിലെ മേയർ, എം.പി മാർ, എം.എൽ.എ മാർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധിമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, റീജിയണൽ ഡയറക്ടർമാർ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചുകൂട്ടി പ്രവേശനോത്സവം വിജയിപ്പിക്കുന്നതിനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ജില്ലകൾ കേന്ദ്രീകരിച്ച് സ്‌കൂളുകളിൽ പ്രവേശനോത്സവം നടത്തുന്നതിനും നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. 

പ്രവേശനോത്സവത്തിന് മുന്നോടിയായി പി.റ്റി.എ., സ്‌കൂൾ സംരക്ഷണ സമിതി സ്റ്റാഫ് മീറ്റിംഗുകൾ തുടങ്ങിയവരുടെ സഹായത്തോടു കൂടി സംഘാടക സമിതി ചേർന്ന് പ്രവേശനോത്സവ പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം. 

16)    സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം

സർക്കാരിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് സ്‌കൂളുകളിൽ പൂർത്തീകരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർമാർ മുഖാന്തരം മുൻകൂട്ടി സർക്കാരിനെ അറിയിക്കേണ്ടതാണെന്ന് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. 

കെട്ടിട ഉദ്ഘാടന ചടങ്ങുകളിൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ കൃത്യമായി പങ്കെടുക്കണം. 

നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ മേൽനോട്ടവും വിലയിരുത്തലും സമയബന്ധിതമായി നടത്തണം. 

17)    സ്‌കൂൾ ക്യാമ്പസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച്

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂൾ കെട്ടിടങ്ങളും   വസ്തുക്കളും ക്യാമ്പസും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് അല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ പാടില്ലയെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 2000 ഏപ്രിൽ 5 ലെ നീതിന്യായത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകികൊണ്ട് 2022 ജൂൺ 7 ലെ സർക്കാർ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി തലത്തിലും  പൊതു വിദ്യാഭ്യാസ ഡയറക്ടർ തലത്തിലും ഉത്തരവുകൾ     പുറപ്പെടുവിച്ചിട്ടുണ്ട്.

18)    സ്‌കൂൾ കുട്ടികളെ മറ്റ് പരിപാടികളിൽ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്

സ്‌കൂൾ കുട്ടികളെ മറ്റ് പരിപാടികളിൽ സംഘടിപ്പിക്കുവാൻ പാടില്ല എന്ന് സർക്കാർ  നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഇക്കാര്യം കർശനമായി പാലിക്കണം. 

19)    ഹയർ സെക്കന്ററി അഡ്മിഷൻ

എസ്.എസ്.എൽ.സി. യുടെയും സി.ബി.എസ്.ഇ.  പത്താം ക്ലാസിന്റെയും പരീക്ഷാഫലം വരുന്നതിനനുസരിച്ച് പ്ലസ് വൺ അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നതാണ്. 

ഹയർ സെക്കന്ററി ബാച്ച് പുന:ക്രമീകരണ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ തീരുമാനമെടുക്കേണ്ടതായുണ്ട്. 

അതിനനുസരിച്ചും പ്രോസ്‌പെക്ടസിൽ മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അതിനനുസരിച്ചും സോഫ്റ്റ് വെയറിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. 

എന്തായാലും ജൂണിൽ അഡ്മിഷൻ നടപടികൾ ആരംഭിച്ച് ജൂലായ് ആദ്യ വാരം ക്ലാസ്സുകൾ തുടങ്ങും.