മികച്ച നിലവാരത്തിലേക്ക് ഉയരുന്നു: മന്ത്രി ഡോ. ആർ ബിന്ദു

 
bindhu

സംസ്ഥാനത്തെ സർവ്വകലാശാലകളും കോളേജുകളും പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മികച്ച മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെട്ടു വരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.

2021ലെ കണക്കുകൾ പ്രകാരം, അക്രെഡിറ്റ് ചെയ്യപ്പെട്ട 45 സർക്കാർ കോളേജുകളിൽ 17 കോളേജുകൾ A  ഗ്രേഡും ഒരു  കോളേജ് A+ ഗ്രേഡും കരസ്ഥമാക്കി. അക്രെഡിറ്റ് ചെയ്യപ്പെട്ട 185 സർക്കാർ എയ്ഡഡ് കോളേജുകളിൽ 92 എണ്ണം A ഗ്രേഡും, ഏഴെണ്ണം A+ ഗ്രേഡും  രണ്ടെണ്ണം  A++ ഗ്രേഡുകളും  കരസ്ഥമാക്കി. അക്രെഡിറ്റ് ചെയ്യപ്പെട്ട 60 സ്വാശ്രയ  കോളേജുകളിൽ 14  എണ്ണം A  ഗ്രേഡ് ഉള്ളവയാണ്. സർവ്വകലാശാലകളിൽ, ഏഴു സർവ്വകലാശാലകൾക്കു മാത്രമാണ് വാലിഡ് ആയ അക്രെഡിറ്റേഷൻ ഉണ്ടായിരുന്നത്. അഞ്ചു സർവ്വകലാശാലകൾക്ക് A  ഗ്രേഡും, ഓരോന്നിനു വീതം  B++ ഗ്രേഡും B ഗ്രേഡും ആയിരുന്നു ഉണ്ടായിരുന്നത്.

 2023ലെ കണക്കുകൾ പ്രകാരം, നമ്മുടെ കോളേജുകളിൽ 13 എണ്ണം  രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന ഗ്രേഡ് ആയ A++ നേടി. 23 കോളേജുകൾക്ക് A+ഉം 41 കോളേജുകൾക്ക് A ഗ്രേഡും ലഭിച്ചു. സർവ്വകലാശാലകളിൽ  കേരള സർവ്വകലാശാല  A++ ഉം കാലിക്കറ്റ്, കാലടി, കൊച്ചി സർവ്വകലാശാലകൾ A+ ഗ്രേഡുകളും സ്വന്തമാക്കി. എം ജി സർവ്വകലാശാല റീ-അക്രെഡിറ്റെഷൻ നടപടികളുടെ അവസാന ഘട്ടത്തിലാണ്. കൂടാതെ നിരവധി സ്ഥാപനങ്ങൾ അക്രഡിറ്റേഷന് തയ്യാറെടുക്കുന്നു.

ദേശീയ തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന NAAC (National Assessment & Accreditation Council) അക്രഡിറ്റേഷനിൽ കേരളത്തിൽ  A++, A+ ഗ്രേഡുകൾ നേടിയ സർവ്വകലാശാലകളെയും കോളേജുകളെയും സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ആദരിക്കും. 'എക്‌സലൻഷ്യ 23' എന്ന പേരിൽ ഫെബ്രുവരി 10ന് കാക്കനാട് രാജഗിരി വാലിയിലെ ആർ എസ് ഇ ടി  ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അക്രഡിറ്റേഷന് തയ്യാറെടുക്കുന്ന സ്ഥാപനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനുള്ള  സിമ്പോസിയവും നടക്കും. രാവിലെ 11 മണിക്ക് മന്ത്രി ഡോ.ആർ ബിന്ദു  'എക്‌സലൻഷ്യ 23' ഉദ്ഘാടനംചെയ്യും. 'നാക്' ചെയർമാൻ പ്രൊഫ. ഭൂഷൻ പട്വർദ്ധൻ മുഖ്യ പ്രഭാഷണം നടത്തും.

 85 ശതമാനത്തിൽ അധികം ഗവൺമെന്റ് - എയ്ഡഡ് കോളേജുകൾക്കും സാധുവായ നാക്  അക്രെഡിറ്റേഷൻ ഉണ്ട്. സർക്കാർ കോളേജുകളിൽ നല്ലൊരു പങ്കും അക്രഡിറ്റേഷൻ ഉള്ളവയാണെന്നത് അഭിമാനകരമായ പദവിയാണ്. നിലവിൽ A++ നേടിയ കോളേജുകളിൽ ഒരെണ്ണം സ്വാശ്രയ മേഖലയിൽ നിന്നുള്ളതാണ്.  

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിരന്തരമായ ഇടപെടലിന്റെ പ്രതിഫലനമാണ് പൊതുവിൽ നാം നേടിയ ഈ നേട്ടങ്ങൾ. അധ്യാപന ഒഴിവുകൾ പരമാവധി നികത്തിയത്, പുതിയ കോഴ്‌സുകൾ ആരംഭിച്ചത്, കരിക്കുലത്തിലും സിലബസിലും നടത്തുന്ന പരിഷ്‌കരണങ്ങൾ, ഗവേഷണ മേഖലക്ക് നൽകുന്ന പ്രോത്സാഹനം, സ്റ്റാർട്ട്-അപ്പ്, ഇൻക്യുബേഷൻ എന്നിവയ്ക്ക് നൽകുന്ന പ്രോത്സാഹനം, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നൽകുന്ന ഫെലോഷിപ്പുകളും സ്‌കോളർഷിപ്പുകളും, ഉയർന്ന വിദ്യാർഥി പ്രവേശന നിരക്ക്, സാമൂഹ്യമായി അരികുവത്കരിക്കപ്പെട്ടവരുടെ ഉയർന്ന പങ്കാളിത്തം, സർക്കാർ - എയ്ഡഡ് മേഖലകളിൽ ഭൗതിക സാഹചര്യം ഉയർത്താനുള്ള  പദ്ധതികൾ തുടങ്ങിയവയെല്ലാം ചേർന്നാണ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 'നാക്' അക്രഡിറ്റേഷനിൽ മികച്ച സ്‌കോർ നേടാനായത്.

ഉന്നതവിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഭാവിതലമുറയെ വാർത്തെടുക്കുന്നതിലെ പ്രതിജ്ഞാബദ്ധതയുടെ സൂചികയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉന്നതനിലവാരം ഉറപ്പുവരുത്താൻ നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നത്. പശ്ചാത്തലസൗകര്യ വികസനത്തിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രായോഗിക പരിശീലനത്തിനും തൊഴിൽ നൈപുണ്യ വികസനത്തിനും സംരംഭകത്വം വികസിപ്പിക്കുന്നതിനുമൊക്കെയുള്ള വിവിധ പദ്ധതികൾ തുടർഘട്ടങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിർദേശങ്ങൾ നൽകാൻ മൂന്ന് കമ്മീഷനുകളെ ഈ സർക്കാർ നിയോഗിച്ചിരുന്നു .അവർ ഏറ്റവും കൂടിയ വേഗത്തിൽ റിപ്പോർട്ടുകൾ സമർപ്പിക്കുകയും റിപ്പോർട്ടിലെ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കാൻ സർക്കാർ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലകളിലും കോളേജുകളിലും  ഇ-ഗവെർണൻസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരള റിസോഴ്‌സസ് ഫോർ എഡ്യൂക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിങ്  (K -REAP) എന്ന സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.  ബിരുദ പ്രോഗ്രാമുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി കരിക്കുലം പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. സംസ്ഥാനത്തെ വിവിധ കോളേജുകളെ സർവ്വകലാശാലാ പഠനവകുപ്പുകളുടെ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് കോൺസ്റ്റിറ്റുവന്റ് കോളേജുകൾ ആക്കി മാറ്റാനുള്ള നിർദേശം സജീവ പരിഗണനയിലാണ്.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിനുപുറത്തും  രാജ്യത്തിനു പുറത്തുമുള്ള സ്ഥാപനങ്ങളിലേക്കു പോകുന്നതിനെപ്പറ്റി ചർച്ചകൾ സജീവമായിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിദ്യാർഥികൾ പ്രവേശനം നേടുന്ന സ്ഥിതിയുണ്ടാക്കാനാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിന് നമ്മുടെ സ്ഥാപനങ്ങൾ ദേശീയ-അന്തർ ദേശീയ റാങ്കിങ്ങുകളിൽ  മികച്ച പ്രകടനം കരസ്ഥമാക്കേണ്ടതുണ്ട്. അതിനാവശ്യമായ  മാറ്റങ്ങൾ നമ്മുടെ സ്ഥാപനങ്ങളിൽ ഉണ്ടാക്കിയെടുക്കാനാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ.

ഉന്നതവിദ്യാഭ്യാസ രംഗത്ത് നാം ലക്ഷ്യമിടുന്ന ഗുണനിലവാരം ഉറപ്പുവരുത്താൻ കൂടുതൽ സ്ഥാപനങ്ങൾ വരും വർഷങ്ങളിൽ  അക്രെഡിറ്റേഷൻ നേടേണ്ടതായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും അക്രെഡിറ്റേഷൻ നടപടികൾ പൂർത്തീകരിക്കണം. (അക്രെഡിറ്റേഷൻ  പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ സംസ്ഥാനതലത്തിൽ നാക് അക്രെഡിറ്റേഷൻ മാതൃകയിൽ 'സാക്'  (SA AC) രൂപീകരിച്ചിട്ടുണ്ട്.) ദേശീയ - അന്തർദേശീയതലങ്ങളിലുള്ള ഉള്ള റാങ്കിങ് ആൻഡ് അക്രെഡിറ്റേഷൻ പ്രക്രിയകളിൽ നമ്മുടെ സ്ഥാപനങ്ങൾ പങ്കെടുക്കുകയും മികച്ച  സ്ഥാനം നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യണം. മികച്ച റാങ്ക് ഉള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാനാണ് നിലവിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും താല്പര്യപ്പെടുന്നത്. തൊഴിൽദാതാക്കളും മികച്ച ഗ്രേഡുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക്  മുൻഗണന നൽകിവരുന്നു.

നിലവിൽ 'നാക്'   അക്രെഡിറ്റേഷൻ ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടുത്ത രണ്ടുവർഷത്തിനുള്ളിൽ അക്രെഡിറ്റേഷൻ നേടാൻ ശ്രമിക്കണം. നിലവിൽ അക്രെഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങൾക്ക് അവയുടെ റീ-അക്രെഡിറ്റേഷൻ  സമയബന്ധിതമായി പുതുക്കാനും ഉയർന്ന ഗ്രേഡ് നേടിയെടുക്കാനും കഴിയണം. കൂടുതൽ കോളേജുകൾക്ക് A++ ഉം A+ ഉം നേടിയെടുക്കാൻ സാധിക്കണം. നിലവിൽ  A++ ഉം A+ഉം  നേടിയെടുത്ത  സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര റാങ്കിങ് നേടാൻ പ്രവർത്തനങ്ങൾ നടക്കണം. നമ്മുടെ സർവ്വകലാശാലകളെ ലോകത്തെ  മികച്ച 500 സർവ്വകലാശാലകളുടെ പട്ടികയിലേക്ക് ഉയർത്താൻ കഴിയണം.

അതിനു കഴിയുന്ന നിലയിൽ എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കോളേജുകൾക്കും സർവ്വകലാശാലകൾക്കും അന്തരീക്ഷമൊരുക്കാനാണ് 'എക്‌സലൻഷ്യ 23'. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ മുഴുവൻ കോളേജുകളിലെയും പ്രിൻസിപ്പൾമാരും IQASC കോർഡിനേറ്റർമാരും 'എക്‌സലൻഷ്യ 23'ലെ സിമ്പോസിയത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിത റോയ്, കോളേജിയേറ്റ് എഡ്യുക്കേഷൻ ഡയറക്ടർ വി വിഘ് നേശ്വരി എന്നിവർ പങ്കെടുത്തു