സാമൂഹിക പുരോഗതിക്ക് ഉപകാരപ്പെടും വിധം ഡിജിറ്റൽ സാങ്കേതികവിദ്യ മൂല്യമുള്ളതാക്കി തീർക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് കഴിയണം' മുഖ്യമന്ത്രി പിണറായി വിജയൻ

 
Dig

അനുദിനം മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ വേറിട്ട ആശയങ്ങളിലൂടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സാമൂഹ്യ നന്മ വളർത്താൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിറ്റൽ സർവകലാശാലയുടെ നവീകരിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാകേതിക വിദ്യ മൂല്യമുള്ള സാമൂഹിക വികസനത്തിന് പ്രാപ്തമാകുന്ന തരത്തിലാകണം വികസിപ്പിക്കേണ്ടതെന്നും,  സേവന മേഖലകളിൽ എന്ന പോലെ ഡിജിറ്റൽ സാങ്കേതികവിദ്യ സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവരിലും എത്തിക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഇരുപത്തിയഞ്ച് വർഷങ്ങൾക്കുള്ളിൽ നിർമ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതികത ജോലികളായിരിക്കും ലോകത്തെ നിയന്ത്രിക്കുകയെന്നും വിദ്യാർത്ഥി സമൂഹത്തെ അതിനായി പ്രാപ്തരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വൈസ് ചാൻസലർ ഡോ.(പ്രൊഫ: )സജി ഗോപിനാഥ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. അഭിമാനകരമായ  പദ്ധതികളിലൂടെയാണ് ഡിജിറ്റൽ സർവകലാശാലയ്ക്ക്  സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞതെന്ന് മന്ത്രി അധ്യക്ഷ പ്രസംഗത്തിൽ  പറഞ്ഞു.  

സർവകലാശാലയിലെ എ ഐ സെന്റർ  സ്വന്തം നിലയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'കൈരളി ' എ ഐ പ്രോസസ്സർ ചിപ്പിന്റെ പ്രകാശന കർമ്മവും പ്രവർത്തന ഉദ്ഘാടനവും വ്യവസായം , നിയമം , കയർ , വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു . സർവകലാശാല എപ്പോഴും  ചലനാത്മകമാണെന്നും വേറിട്ട പാതയിലെ സഞ്ചാരപഥത്തിലാണെന്നും അദ്ദേഹം പറഞ്ഞു.  വേർതിരിച്ചറിയാൻ കഴിയാത്ത രീതിയിൽ സാങ്കേതികവിദ്യ മാറുന്ന ഇക്കാലത്ത് സമൂഹത്തെ മുന്നോട്ടു നയിക്കാൻ  പ്രാപ്തരായ വിദ്യാർഥികളെ സൃഷ്ടിക്കുക  എന്നത് ഏറെ അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

രാജ്യത്തെ മികച്ച സാങ്കേതിക സർവ്വകലാശാലയായി ഡിജിറ്റൽ സർവകലാശാല മാറിയെന്നും സമ്പദ്ഘടനയുടെ വിപുലീകരണത്തോടൊപ്പം വൈജ്ഞാനിക ഘടനയിലും മാറ്റം വരുത്താൻ സർവ്വകലാശാലയ്ക്ക് കഴിയണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു.  ഇക്കണോമിക്സ് &  സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് വേണ്ടി  സർവകലാശാല നടത്തിയ ' എ ഐ ഫോർ ആൾ'  - കപ്പാസിറ്റി ബിൽഡിംഗ് പ്രോജക്ടുകളുടെ സംഗ്രഹ പ്രകാശനവും മന്ത്രി നിർവഹിച്ചു . വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർവകലാശാല ക്യാമ്പസിൽ നടന്ന ബിസിനസ് മാനേജ്മെൻറ് ട്രെയിനിങ്  പ്രോഗ്രാമിൽ ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണവും മന്ത്രിമാർ നിർവഹിച്ചു. 

 സംസ്ഥാന പട്ടികജാതി വകുപ്പ്  ഡിജിറ്റൽ സർവകലാശാലയുമായി   ചേർന്ന് ബിരുദധാരികളായ  പട്ടികജാതി വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പാക്കുന്ന സൗജന്യ  നൈപുണ്യ തൊഴിൽ പരിശീലനത്തിന്റെ ഉദ്ഘാടനം ദേവസ്വം,  പട്ടികജാതി - പട്ടികവർഗ്ഗ , പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.  രാധാകൃഷ്ണൻ നിർവഹിച്ചു.  ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്തും സമൂഹത്തിൽ ജാതി മത ചിന്തകളുടെ വേർതിരിവ് ശക്തമാണെന്നും , പാർശ്വവൽകൃത വിഭാഗം എന്നൊരുപക്ഷം ഇവിടെ ഉണ്ടാകാൻ പാടില്ലായെന്നും മന്ത്രി പറഞ്ഞു.  എസ് ടി വിഭാഗങ്ങളുടെ ഉന്നമനം കൂടി ലക്ഷ്യമിടുന്ന സാങ്കേതിക പരിശീലന പദ്ധതികൾ ഡിജിറ്റൽ സർവകലാശാല ആരംഭിക്കണമെന്നും മന്ത്രി നിർദേശിച്ചു. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ആശംസകൾ നേർന്നു സംസാരിച്ചു. ഇലക്ട്രോണിക്സ് & ഐ ടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ  യു ഖേൽക്കർ ചടങ്ങിന് കൃതജ്ഞതയും രേഖപ്പെടുത്തി. വിവിധ സർക്കാർ വകുപ്പുകളിലെ  പ്രതിനിധികൾ, സർവകലാശാല രജിസ്ട്രാർ , ഉപരജിസ്ട്രാർമാർ, അക്കാദമിക തലവൻമാർ, അധ്യാപകർ, ജീവനക്കാർ , വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായി.