‘മായൻ ചാപ്റ്റർ 1’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ഭീതിയുടെ സംഗീതവുമായി ‘അറുപത്താറിൽ ആറാം പ്രാക്ക്…’
 
poster
‘അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്, കന്നിപ്രാക്ക്…’ എന്നു തുടങ്ങുന്ന ഗാനത്തോടെ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. വരികളിലും ദൃശ്യങ്ങളിലും ഭീതിയുടെ അന്തരീക്ഷം നിറയ്ക്കുന്ന ഗാനത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ പ്രാർഥനകളുടെ സ്വരവും നിഴലിക്കുന്നു. മലയാള സിനിമയിൽ തന്നെ വ്യത്യസ്തമായ സംഗീതാനുഭവമായി ഈ ഗാനം മാറുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

രാജീവ് ഗോവിന്ദൻ രചിച്ച ഗാനത്തിന് മുജീബ് മജീദും ജോൺസ് റോയിയും ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്. ജോൺസ് റോയിയും സംഘവുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വ്യത്യസ്തമായ ആലാപനശൈലിയും സംഗീതവുമുള്ള ഗാനം ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

സത്യവും മിഥ്യയും ഇഴചേർത്ത്, വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ഫാന്റസി ഹൊറർ വിഭാഗത്തിൽ ചിത്രം അവതരിപ്പിക്കുന്നത്. പുരാതന ക്രൈസ്തവ തറവാടുകളിൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദവും ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്നാണ്.

ആക്ഷൻ, വയലൻസ്, ഹൊറർ, വൈകാരിക നിമിഷങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നൈല ഉഷ, വിജയ് ബാബു, അർഷ ബൈജു, നിരഞ്ജന അതുൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മുജീബ് മജീദാണ് സംഗീതസംവിധാനം. ഫൈസൽ അലി ഛായാഗ്രഹണവും പ്രവീൺ കുമാർ എഡിറ്റിംഗും നിർവഹിക്കുന്നു. രോഹിത് ആർ. നായരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുനിൽ ദാസ് കലാസംവിധാനവും അമൽ ചന്ദൻ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

സിനറ്റ് സേവ്യർ സ്റ്റിൽസ്, വി. ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടർ, പീറ്റർ അർത്തുങ്കൽ പ്രൊഡക്ഷൻ മാനേജർ, എബി ബെന്നി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, കിരൺ കാന്ത് പ്രൊഡക്ഷൻ, ദീപക് പരമേശ്വരൻ പ്രൊഡക്ഷൻ കൺട്രോളർ.

ഡിസംബർ മൂന്നിന് സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.