എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍,

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: വിദ്യാഭ്യാസ മന്ത്രി
 
sslc

എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9ന് ആരംഭിക്കും. പരീക്ഷ മാർച്ച് 29ന് അവസാനിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും.

4,19,554 പേർ എസ്എസ്എൽസി പരീക്ഷയും 4,25,361 പേർ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 പേർ രണ്ടാം വർഷ പരീക്ഷയും എഴുതുന്നു. എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം 2023 ഏപ്രിൽ 3 മുതൽ 26 വരെ സംസ്ഥാനത്ത് 70 ക്യാമ്പുകളിലും ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ 3 മുതൽ മേയ് ആദ്യവാരം വരെയും നടക്കും.

ഫെബ്രുവരി 15 മുതൽ 25 വരെ നടന്ന എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ മേഖലയിൽ 1,170 കേന്ദ്രങ്ങളും എയ്ഡഡ് മേഖലയിൽ 1,421 കേന്ദ്രങ്ങളും അൺ എയ്ഡഡ് മേഖലയിൽ 369 കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 കുട്ടികളും ലക്ഷദ്വീപിലെ ഒമ്പത് സ്കൂളുകളിലായി 289 കുട്ടികളും ഈ വർഷം പരീക്ഷയെഴുതുന്നുണ്ട്.