27ാമത് ഐ.എഫ്.എഫ്.കെ; കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് സെര്‍ബിയന്‍ സിനിമകള്‍

 
iffk

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ആദ്യപ്രദര്‍ശനം നടത്തിയ ‘വര്‍ക്കിംഗ് ക്ളാസ് ഹീറോസ്’ ഉള്‍പ്പെടെ ആറ് സെര്‍ബിയന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

മിലോസ് പുസിച്ച് സംവിധാനം ചെയ്ത ഈ ചിത്രം സാധാരണക്കാരുടെ ജീവിതത്തിലേക്കു വെളിച്ചം വീശിക്കൊണ്ട് മുതലാളിത്തത്തിന്റെ ഇരുണ്ട മറുപുറങ്ങളെ കാട്ടിത്തരുന്നു. നിര്‍മ്മാണസ്ഥലത്തെ അനധികൃത തൊഴിലാളികളെ നിരീക്ഷിച്ചുകൊണ്ട് എന്തുവില കൊടുത്തും കമ്പനിയുടെ പ്രതിച്ഛായ സംരക്ഷിക്കുക എന്ന ദൗത്യം ഒരു നിര്‍മ്മാണനിക്ഷേപകനുവേണ്ടി നിര്‍വഹിക്കുന്ന സ്നേഹശൂന്യയായ ഒരു ബിസിനസുകാരിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.
മികച്ച സംവിധായകനുള്ള ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച സ്റ്റെഫാന്‍ ആര്‍സെനിജെവിച്ചിന്റെ ‘ആസ് ഫാര്‍ ആസ് ഐ കാന്‍ വോക്ക്’ അഭയാര്‍ത്ഥിജീവിതത്തിന്റെ സമകാലിക അവസ്ഥകള്‍ അവതരിപ്പിക്കുന്നു. 2021ലെ  കാര്‍ലോവി വാരി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അഞ്ചു പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണിത്. സ്വന്തം കുട്ടികളെ വിട്ടുകിട്ടാനായി കാല്‍നടയായി ഒരു ഐതിഹാസികയാത്ര നടത്തുന്ന ദരിദ്രനായ ഒരു മനുഷ്യന്റെ കഥയാണ് സര്‍ദാന്‍ ഗോലുബോവിച്ചിന്റെ ‘ഫാദര്‍’. വിവിധ മേളകളില്‍നിന്നായി 16 അന്താരാഷ്ട്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണിത്. 


ഇവാന്‍ ഇക്കിച്ചിന്റെ ‘ഒയാസിസ്’ നിരാശാഭരിതമായ ഇടത്ത് സ്നേഹം അന്വേഷിക്കുന്നവരുടെ കഥയാണ്. 11ാം നൂറ്റാണ്ടില്‍ ജോര്‍ദാന്‍ മരുഭൂമിയില്‍ നാല്‍പ്പതു വര്‍ഷത്തോളം ഒരു താപസയെപ്പോലെ കഴിഞ്ഞ സെയിന്‍റ് പെറ്റ്കയുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രമാണ് ഹാദ്സി അലക്സാണ്ടര്‍ ദിജുറോവിച്ചിന്റെ ‘എ ക്രോസ് ഇന്‍ ദ ഡെസര്‍ട്ട്’. ഈ വര്‍ഷം മോസ്കോ ചലച്ചിത്രമേളയില്‍ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘ദ ബിഹെഡിംഗ് ഓഫ് സെന്‍റ് ജോണ്‍, ദ ബാപ്റ്റിസ്റ്റ്’ എന്ന സിനിസ സിവെറ്റിക്കിന്റെ ചിത്രവും കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.