പുതു പരീക്ഷണങ്ങളുമായി ക്യാമ്പസ് സംവിധായകർ

 
idsffk

പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തമാർന്ന ക്യാമ്പസ് വിഭാഗം മൽസര സിനിമകൾ പ്രേക്ഷകർക്ക് നവ്യാനുഭവമായി.വ്യത്യസ്ത കലാലയങ്ങളിലെ വിദ്യാർത്ഥികൾ സംവിധാനം ചെയ്ത എട്ട് സിനിമകളാണ് ശ്രദ്ധേയമായത്.ഫിക്ഷനും ഡോക്യുമെന്ററിയും ഡോക്യുഫിക്ഷനുമടങ്ങുന്ന വിവിധ സങ്കേതങ്ങളെ നൂതനമായും ക്രിയാത്മകമായും പുതു സംവിധായകർ അവതരിപ്പിച്ചു. ദളിത്, സ്ത്രീപക്ഷ ,പ്രകൃതി സാഹൃദ നിലപാടുകൾ ഉറക്കെ പ്പറയുവാനും വ്യക്തിപരമായ ആന്തരിക സംഘർഷങ്ങളെ സൂക്ഷ്മമായി സന്നിവേശിപ്പിക്കാനും ക്യാംപസ് സിനിമകൾക്ക് കഴിഞ്ഞു.

തന്റെ അച്ഛൻ കുട്ടിക്കാലത്ത് പറഞ്ഞ കഥയാണ് കൊല്ലം ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥിയായ സംവിധായകൻ അലൻ സാവിയോ ലോപ്പസിന്റെ 1 സാമുവൽ 17 എന്ന സിനിമ.
മുത്തശ്ശിയുടെ മരണത്തിനു ശേഷം യാന്തികമായ ചുറ്റുപാടിലേക്ക് മാറുന്ന 90 -കളിലെ കഥാപരിസരമാണ് ഇതിവൃത്തം. സ്നേഹത്തിലേക്കും പ്രകൃതിയിലേക്കും മടങ്ങാനാഗ്രഹിക്കുന്ന ഗൃഹാതുരമായ ഓർമപ്പെടുത്തലായി സിനിമ മാറി.

2003 ലെ മുത്തങ്ങ സമരത്തിന്റെ ഇരുപത് വർഷത്തിനിപ്പുറമുള്ള ആദിവാസി വിഭാഗങ്ങളുടെ സമകാലിക ജീവിതത്തിലേക്കുള്ള യാത്രയാണ് അതുല്യ ഷൈലജ സംവിധാനം ചെയ്ത 'എങ്കള മണ്ണ്'. ഭരണകൂട നടപടികളിൽ ഇരയായവരുടെ ഓർമകളുടെയും വേദനകളുടെയും സത്യസന്ധമായ ആവിഷ്ക്കരണമാണ് ഡോകുമെന്ററി ഇന്നും പരിഹരിക്കപ്പെടാത്ത ഭൂപ്രശ്നങ്ങളിലും മനുഷ്യാവകാശ ലം ഘനങ്ങളിലും നീതിയുടെ രാഷ്ട്രീയം തേവര സേക്രഡ് ഹാർട്ട് കോളേജ് വിദ്യാർത്ഥിനായ സംവിധായിക അതുല്യ കൃത്യമായി പറയുന്നു.

idsffk

പ്രതീകങ്ങളിലൂടെ സംഭാഷണമില്ലാതെ ചിത്രീകരിച്ച ആഖ്യാനത്തിന്റെ പുതു പരീക്ഷണമാണ് തൃശൂർ,ചേതന കോളേജ് വിദ്യാർത്ഥിയായ ദിൽജിത്ത് കെ പി സംവിധാനം ചെയ്ത റെണയ്സൻസ് . ജനന മരണ വിവാഹങ്ങളിലൂടെ കടന്നു പോകുന്ന മതത്തിന്റെ സ്വാധീനം സിനിമ ചിത്രീകരിക്കുന്നു. വിശ്വാസത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ച് സ്വതന്ത്രമാകുന്ന മനുഷ്യനിലൂടെ സമകാലിക സംഭവങ്ങൾക്കുള്ള പ്രതികരണം കൂടിയാകുന്നു.

തിരുവനന്തപുരം എൽ വി പ്രസാദ് ഫിലിം സ്കൂളിലെ വിദ്യാർത്ഥിയായ മിഥുൻ മധുസുദനൻ സംവിധാനം ചെയ്ത ചായങ്ങൾ പറയുന്നത് കറുപ്പിന്റെ രാഷ്ട്രീയമാണ്. കുട്ടികളിൽ പോലും അറിഞ്ഞോ അറിയാതെയോ രൂപപ്പെടുന്ന സൗന്ദര്യ സങ്കൽപ്പങ്ങളുടെ നീതിരാഹിത്യവും മനുഷ്യത്വ വിരുദ്ധതയും ചിത്രം തുറന്നു കാട്ടുന്നു. നിറങ്ങുളും മൂല്യങ്ങളും മരണത്തിലേക്ക് തള്ളിയിടുന്ന ലോകത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കുള്ള ഐക്യദാർഢ്യമായി സിനിമ മാറുന്നു.

അധോലോക സിനിമകളുടെ കോമഡി സ്പൂഫിനെ തികഞ്ഞ സാങ്കേതിക തികവോടെ കുട്ടികളുടെ ലോകത്തിലൂടെ കഥ പറയുന്ന നിയോ ഫിലിം സ്കൂൾ വിദ്യാർത്ഥി അമൻ ലെനി സംവിധാനവും തിരക്കഥയും നിർവഹിച്ച ടി കമ്പനി വ്യത്യസ്തമായ അനുഭവമായി.കുട്ടികളുടെ സംഘട്ടനങ്ങൾക്കിടയിലെ പോപ്പുലർ സിനിമ സംഭാഷണങ്ങളും അധോലോക സിനിമകളുടെ സ്ഥിരം ചേരുവകൾക്കുളള പരിഹാസവും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

കൊച്ചി നഗരത്തിലെ പ്രേത സാന്നിദ്ധ്യങ്ങളിലേക്കും ആചാരങ്ങളിലേക്കുമുള്ള സംവിധായകൻ ദിനേഷ് കൃഷിന്റെയും. സംഘത്തിന്റെയും യാത്ര എത്തുന്നത് കാപ്പിരി മുത്തപ്പനിലാണ്. പറഞ്ഞു കേട്ടതിനപ്പുറം കോളനിവാഴ്ച കാലഘട്ടത്തിൽ കൊന്ന് കുഴിച്ചുമൂടിയ ആഫ്രിക്കൻ അടിമ മനുഷ്യരിലേക്കെത്തുന്ന യാത്ര ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശുന്നു. സങ്കൽപ്പ ക്കൾക്കപ്പുറം വിഗ്രഹവൽക്കരിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളും ദി സ്ലേവ്  സ്പിരിറ്റ് എന്ന ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു.

സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായ വടകര കമ്പോളത്തിലെ പോർട്ടർമാരുടെ ജീവിതം ചിത്രീകരിക്കുകയാണ്  ആൽഫിൻ അലോഷ്യസ് ഡേവിഡ് സംവിധാനം ചെയ്ത ആർച്ചമാർ എന്ന ഡോക്യുമെന്ററി.
പുരുഷ കേന്ദ്രീകൃതമായ കമ്പോളങ്ങളിൽ വെളുപ്പിന് 4 മണി മുതൽ 100 കിലോ ഗ്രാമിലധികം  ചുമടെടുത്ത് വരുമാനം കണ്ടെത്തുന്ന സ്ത്രീകൾ  ലിംഗ സമത്വത്തിന്റെയും കൂട്ടായ്മയുടെയും മാതൃക തീർക്കുന്നു. പതിറ്റാണ്ടുകൾക്കു മുൻപ് കേരളത്തിൽ തീർത്ത ഈ കടത്തനാടൻ മാതൃക ഉണ്ണിയാർച്ചയുടെ ധീരമായ തുടർച്ചയായി സമൂഹം കാണുന്നു.

ക്യാമറ ചലനങ്ങളിലെ ചടുലതയും ആഖ്യാനത്തിനനുസൃതമായ എഡിറ്റിംഗ് ഗതി വേഗങ്ങളും 
,ലൈവ് റെക്കോർഡിംഗ്,ഫോക്ക് - പാശ്ചാത്യ സംഗീതങ്ങളുടെ ഉപയോഗവുമടക്കം സമസ്ത മേഖലകളിലും പുതുമ നൽകാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചതിനാലാകാം തിങ്ങി നിറഞ്ഞ സന്ദസ്സ് ഹർഷാരവത്തോടെ ഓരോ സിനിമകളെയും സ്വീകരിച്ചത്