വൈവിദ്ധ്യങ്ങളുടെ വിസ്മയം ഒരുക്കി ക്രാഫ്റ്റ് വില്ലേജിന്റെ വൗ വീക്ക്

 
p6

രാജ്യത്തെ ആദ്യത്തെ ലാടം തറയ്ക്കൽ വിദഗ്ദ്ധയും മികച്ച തേനീച്ചക്കർഷകയും മികച്ച കുതിരസവാരിക്കാരിയും ആയ ഒലി അമൻ ജോദ്ധയുടെ ഊർജ്ജം പ്രസരിപ്പിക്കുന്ന പ്രഭാഷണത്തോടെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ ‘വൗ വീക്കി’നു കാഹളം ഉണർന്നു. ലോകവനിതാദിനത്തോട് അനുബന്ധിച്ച് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിച്ചുവരുന്ന വനിതാവാരമായ വേൾഡ് ഓഫ് വിമൻ വീക്കിന്റെ (വൗ - WoW) മൂന്നാം എഡിഷനാണ് വിവിധ പരിപാടികളോടെ തുടക്കമായത്.

നളിനി ജമീലയുടെ പ്രഭാഷണം ആയിരുന്നു ആദ്യദിനത്തിലെ മറ്റൊരു മുഖ്യയിനം. മ്യൂസിക് ബാൻഡ് 'തീപ്പെട്ടി', കോൺടെമ്പററി ഡാൻസ് 'സാരംഗി', പ്രിയയുടെ കവിത അവതരണം എന്നിവയും ആദ്യസായാഹ്നത്തെ കലാസുരഭിലമാക്കി.

മാർച്ച് 12 വരെ തുടരുന്ന വൗ വീക്കിൻ്റെ ഉദ്ഘാടനം ലോകവനിതാദിനമായ മാർച്ച് 8-ന് ഉച്ചയ്ക്കു നടക്കുന്ന വനിതാസംഗമത്തിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലുംനിന്നുള്ള നർത്തകരും ഗായകരും മറ്റു വിവിധ തുറകളിൽ ഉള്ളവരും എത്തുന്നുണ്ട്. സജിത മഠത്തിലിന്റെ ‘കാളിനാടകം’, വിവിധ മ്യൂസിക് ബാൻഡുകൾ, കവിതകളുടെയും കഥകളുടെയും അവതരണം തുടങ്ങിയവയെല്ലാം വൗ വീക്കിനെ സമ്പന്നമാക്കും.

ആരോഗ്യ, വനിത-ശിശുവികസന മന്ത്രി വീണ ജോർജ്ജ് നേതൃത്വത്തിൽ മാർച്ച് 9-ന് രാത്രി 9-ന് ക്രാഫ്റ്റ്സ് വില്ലേജിൽനിന്നു കോവളത്തേക്കുള്ള രാത്രിനടത്തവും തുടർന്ന് നൈറ്റ് ഫെസ്റ്റിവലും നടക്കും. വൈകിട്ട് ‘തരാന’ (Taranna) ബാൻഡിൻ്റെ സംഗീതമേളയുണ്ട്.

നബാർഡിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രത്യേകകരകൗശലസ്റ്റോളുകളും പ്രശസ്ത ചിത്രകാരി സജിത ശങ്കറിന്റെ പെയിന്റിങ്ങുകളുടെ പ്രദർശനവുമാണ് വൗ വീക്കിലെ രണ്ടു പ്രധാന ആകർഷണങ്ങൾ. മുപ്പതോളം വനിതാസംരംഭകരുടെ സ്റ്റോളുകളും മേളപ്പറമ്പിൽ ഉണ്ട്. മാർച്ച് 11-നു പകൽ മൂന്നു മുതൽ ഫ്ലീ മാർക്കറ്റും കൈമാറ്റവും ക്രാഫ്റ്റ്സ് വില്ലേജ് അങ്കണത്തിൽ നടക്കും.

മാർച്ച് 7 മുതൽ 10 വരെ പകൽ സമയം വിവിധ വിഷയങ്ങളിൽ ശില്പശാലകൾ നടക്കുന്നുണ്ട്. അമ്പെയ്ത്, ആംഗ്യഭാഷ, ക്രിയേറ്റീവ് റൈറ്റിങ്, മൂവ്മെന്റ് തീയറ്റർ, ഇന്റർവ്യൂ ക്രാക്കിങ്, മൺപാത്രനിർമ്മാണം, മാക്രോം കലാപരിപാടി, ആർട്ട് തെറാപ്പി, ജ്വല്ലറി ആർട്ട്, മൺപാത്രനിർമ്മാണം, ഫയർ ഡാൻസ്, അനിമൽ ഫ്ലോ, ഇമോട്ടിക്കോൺ തുടങ്ങിയ വിഷയങ്ങളിലാണ് ശില്പശാലകൾ.

മാർച്ച് 8-ന് 11 മണിക്ക് നബാർഡിൻ്റെ സഹകരണത്തോടെ ‘കൃഷിയും വനിതാസംരംഭകരും’ സെമിനാർ ഉണ്ട്. വനിതകളായ 18 ‘ചെയിഞ്ജ് മേക്കേഴ്സി’നെ വനിതാസംഗമത്തിൽ മന്ത്രി ആർ. ബിന്ദു ആദരിക്കും. നിർമ്മാണസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്ന ‘മെൻ അറ്റ് വർക്ക്’ എന്ന സൈൻ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ‘ഹ്യൂമൻ അറ്റ് വർക്ക്’ എന്നു മാറ്റുന്നതിൻ്റെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. വനിതാദിനത്തിലെ പരിപാടികൾ സമാപിക്കുന്നത് വൈകിട്ട് 6 30-നു തുടങ്ങുന്ന മ്യൂസിക് ബാൻഡ്, നൃത്ത വിഭാഗങ്ങളിലെ അവാർഡ് ഷോയോടെയാണ്.


മാർച്ച് 10, 11, 12 തീയതികളിലാണ് പ്രധാന കലാവിരുന്ന്. മാർച്ച് 10-ന് വൈകിട്ട് 6 30-ന് സജിത മഠത്തിൽ അഭിനയിക്കുന്ന കൊച്ചി ലോകധർമ്മിയുടെ ‘കാളിനാടക’മാണ് ആദ്യം. തുടർന്ന് ‘നായിക’ നൃത്തം, ശാന്തി പ്രിയയുടെ ബാവുൽ സംഗീതം, തൃപ്പൂണിത്തുറ തുടിപ്പിൻ്റെ നൃത്തം ‘ഒറ്റ’, ആർദ്ര സാജൻ്റെ ബീറ്റ് ബോക്സിങ് എന്നിവ നടക്കും. വൈകിട്ട് 5 30 മുതൽ പുള്ളുവൻ പാട്ടും ഉണ്ട്.

മാർച്ച് 11-ന് 6 45 മുതൽ ‘രാഗവല്ലി’ മ്യൂസിക് ബാൻഡ്, എന്ന വാദ്യത്തിൽ മാരിയാന ഗിവോർഗ്യാൻ്റെ (Mariyana Gevorgyan) കാനൂൻ (Qanoon) സോളോ, പ്രശസ്ത സ്പാനിഷ് ഫ്ലെമെങ്കോ ഡാൻസർ ബെറ്റീന കാസ്റ്റാനോയും (Bettina Castano) കഥക് നർത്തകി അദിതി ഭാഗവതും (Aditi Bhagwat) ഒരുക്കുന്ന ഫ്യൂഷൻ നൃത്തം, ജുനാഹി രത്തൻ്റെ ഒഡീസി നൃത്തം, ജാനകി ഈശ്വർ, അഭയ ഹിരൺമയി എന്നിവരുടെ സംഗീതവിരുന്ന്, ഇബ്തിസാമിൻ്റെ (Ibthisam) ‘ടെക്നോ ടെസ്റ്റ്’ എന്നിവയാണ്.

സമാപനദിവസമായ 12-ന് വൈകിട്ട് 6 മുതൽ ദിവ്യ, സെബാറ്റോമി, ഗൗരി ലക്ഷി എന്നിവരുടെ മ്യൂസിക് ബാൻഡുകളും രൂപ രേവതിയുടെ വയലിനും ഉണ്ട്. രാത്രി 11-നു തുടങ്ങുന്ന തുനിഹ (Thuniha) ഡിജെയോടെ വൗ വീക്കിനു കൊടിയിറങ്ങും.

സ്ത്രീകളുടെ, വിശേഷിച്ചും യുവതികളുടെ സംഘം ആണ് പ്രധാനവേദിയുടെ ആർട്ട് വർക്ക് ഉൾപ്പെടെ എല്ലാ ആസൂത്രണവും സംഘാടനവും നടത്തിയത്. ഗൗതമി, ഗോകുൽ എന്നിവരാണ് കലാമേളയുടെ ക്യുറേറ്റർമാർ. സ്ത്രീകൾക്കു മുൻതൂക്കമുള്ള യുവാക്കളുടെ കൂട്ടായ്മയായ ‘മാറ്റം’ എന്ന സന്നദ്ധസഘടനയും പങ്കാളിയാണ്.