അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദിച്ച് ദീപ ധന്‍രാജിന്റെ 'വി ഹാവ് നോട്ട് കം ഹിയര്‍ റ്റു ഡൈ

 
pi

രോഹിത് വെമുലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജാതിവ്യസ്ഥക്കെതിരെ ശബ്ദമുയര്‍ത്തി ദീപ ധന്‍രാജിന്റെ 'വി ഹാവ് നോട്ട് കം ഹിയര്‍ റ്റു ഡൈ'. ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവായ  ദീപ ധന്‍രാജിന്റെ ഈ ചിത്രം മേളയുടെ രണ്ടാം ദിനത്തില്‍  നിറഞ്ഞ കരഘോഷത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്.  രോഹിത് വെമുലയുടെ ആത്മഹത്യ  രാജ്യത്തെ പിടിച്ചുലച്ചതും  ഇതേതുടര്‍ന്ന്  ശക്തമായ ജാതി വിരുദ്ധ പ്രസ്ഥാനത്തിന് തുടക്കമായതും 110 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം വരച്ചുകാട്ടുന്നു. 

വ്യത്യസ്തമായ കരുത്തുറ്റ പ്രമേയങ്ങള്‍ അനാവരണം ചെയ്യുന്ന ഇവരുടെ 9 ചിത്രങ്ങളാണ്  മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.  മതത്തിലെ പുരുഷാധിപത്യത്തിനെതിരെ സ്ത്രീകള്‍ ജമാഅത്ത് സ്ഥാപിച്ച സംഭവത്തെക്കുറിച്ചുള്ള ചിത്രമാണ് ഇന്‍വോക്കിംഗ് ജസ്റ്റിസ്.  ചിപ്‌കോ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പരിസ്ഥിതി പ്രവര്‍ത്തക സുദേഷ ദേവിയുടെ ജീവിതകഥ  അവതരിപ്പിക്കുന്ന ചിത്രമാണ് സുദേഷ.  ഒരു സ്ത്രീയുടെ ആത്മസംഘര്‍ഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള ശബ്ദമാണ് ഈസ് ദിസ് ജസ്റ്റ് എ സ്‌റ്റോറി?. ചരിത്രത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന 9 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങളിലേക്കാണ് യങ് ഹിസ്‌റ്റോറിയന്‍സ് വെളിച്ചം വീശുന്നത്. അസംഘടിത തൊഴില്‍ മേഖലയിലെ സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന കര്‍ണാടകയിലെ ഓള്‍ വുമണ്‍ ട്രേഡ് യൂണിയന്റെ ചരിത്രവും പുകയില ഫാക്ടറികളിലെ ചൂഷണങ്ങളും വിശദമാക്കുന്ന സര്‍ഗസൃഷ്ടിയാണ് ടമ്പാക്കൂ ചാകില ഊബ് ആലി. 1984ലെ ഹൈദരാബാദ് വര്‍ഗീയ ലഹളയ്ക്ക് കാരണമായ രാഷ്ട്രീയ ഗൂഢാലോചകളുടെ അന്വേഷണമായി  വാട്ട് ഹാപ്പെന്‍ഡ് ടു ദിസ് സിറ്റി? മാറുമ്പോള്‍  ഇന്ത്യയിലെ പൗരാവകാശ സമരങ്ങളുടെ മുന്നണിപ്പോരാളിയായ കെ.ജി കണ്ണബിരാന്റെ പൊതുജീവിതമാണ് ദി അഡ്വക്കേറ്റ് മുന്നോട്ടുവയ്ക്കുന്നത്.  ഇന്ത്യയിലെ കുടുംബാസൂത്രണ പദ്ധതിയും പ്രത്യുല്‍പാദന അവകാശങ്ങളും സ്ത്രീകളുടെ വീക്ഷണത്തില്‍ നിന്ന് പരിശോധിക്കുന്ന ചിത്രമാണ് സംതിങ് ലൈക് എ വാര്‍.

1980ല്‍ 'യുഗാന്തര്‍' എന്ന സ്ത്രീപക്ഷ ചലച്ചിത്ര കൂട്ടായ്മയുടെ ഭാഗമായി സ്ത്രീകളുടെ അവകാശസമരങ്ങളെക്കുറിച്ച് മൂന്നു ഡോക്യുമെന്ററികള്‍ ചിത്രീകരിച്ചുകൊണ്ട് ചലച്ചിത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ദീപ ധന്‍രാജ് സ്ത്രീകളുടെ രാഷ്ട്രീയപങ്കാളിത്തം, ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ 40 ഓളം ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കന്നട, ഹിന്ദി, ഇംഗഌഷ്, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി  ഭാഷകളിലുള്ള ഈ ചിത്രങ്ങള്‍ നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.