ഭാസ്‌കരന്‍ മാഷിന്റെ പാട്ടുകളിലലിഞ്ഞ് ഫാബുലസ് ഫെബ്രുവരി

 
d

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ സാംസ്‌കാരിക പരിപാടി ഫാബുലസ് ഫെബ്രുവരി ഇന്ന് സമാപിക്കും. സംഗീത സംവിധായകന്‍ പി.ഭാസ്‌കരന്റെ ഓര്‍മ്മ ദിവസമായ ഇന്ന് (ഫെബ്രുവരി 25) പി.ഭാസ്‌കരന്‍ അനുസമരണവും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള സംഗീത സന്ധ്യയുമാണ് ഫാബുലസ് ഫെബ്രുവരിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓര്‍ക്കുക വല്ലപ്പോഴും എന്ന പേരില്‍ സംഘടിപ്പിക്കുന്ന സ്മൃതിസന്ധ്യ വൈകിട്ട് ആറിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പിന്നണി ഗായിക രാജലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഭാസ്‌കരന്‍ മാഷിന്റെ പാട്ടുകളിലൂടെയുള്ള യാത്രയാകും. തബലയുടെയും ഹാര്‍മോണിയത്തിന്റെയും പുല്ലാങ്കുഴലിന്റെയും മാത്രം അകമ്പടിയോടെ ഏറെ ആസ്വാദ്യകരമായ രീതിയിലാണ് ഗാനസന്ധ്യ അണിയിച്ചൊരുക്കുന്നത്. ഫാബുലസ് ഫെബ്രുവരിയുടെ രണ്ടാം ദിവസമായ ഇന്നലെ നടന്ന നാടകാവതരണങ്ങള്‍ ശ്രദ്ധേയമായിരുന്നു.

സ്പാനിഷ് നാടകമായ അമായയും, ആരോമല്‍.ടി രചനയും സംവിധാനവും നിര്‍വഹിച്ച് കാലദര്‍ശന നാട്യവേദി അവതരിപ്പിച്ച രക്ഷസ്സ് എന്ന നാടകവുമാണ് അരങ്ങിലെത്തിയത്. പതിവു നാടക സങ്കേതങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സംഭാഷണത്തേക്കാളേറെ ശാരീരികാഭിനയത്തിനും ദൃശ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് അമായ അണിയിച്ചൊരുക്കിയത്. വാണിജ്യവത്കരണം എന്ന രക്ഷസ്സിന്റെ കടന്നുവരവിനെക്കുറിച്ചാണ് രക്ഷസ്സ് എന്ന നാടകം സംസാരിക്കുന്നത്. രണ്ടു നാടകങ്ങളുടെയും ആദ്യ അവതരണമായിരുന്നു. രണ്ടു നാടകങ്ങളും ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റി. നാടകാവതരണങ്ങശള്‍ പ്രശാന്ത് നാരായണന്‍ ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ്, സെക്രട്ടറി പ്രിയദര്‍ശനന്‍.പി.എസ്, പ്രോഗ്രാം അസിസ്റ്റന്‍ഡ് ആനി ജോണ്‍സണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.