റാണി ദ റിയൽ സ്റ്റോറി സൂര്യതേജസിൽ പഞ്ചരത്ന തിളക്കമായി ‘റാണി’

 
poster

സ്ത്രീ ശക്തി അനുഭവവേദ്യമാക്കി ‘റാണി’... സൂര്യ ഫെസ്റ്റിവലിൽ പഞ്ചരത്നപരമ്പരയിലാണ് ശങ്ക‍‍ര്‍ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘റാണി- ദ റിയൽ സ്റ്റോറി’ പ്രദ‍ര്‍ശിപ്പിച്ചത്.  മാജിക് ടെയിൽ വ‍‍‍ര്‍ക്ക്സ് പ്രൊഡക്ഷൻസ് നി‍ര്‍മിച്ച ചിത്രം വിഷയംകൊണ്ട് മാത്രമല്ല, 5 ശക്തരായ അഭിനേത്രികളുടെ അസാധാരണപ്രകടനംകൊണ്ടും മികവുറ്റതായി. പ്രബലനായ രാഷ്ട്രീയ നേതാവിന്റെ കൊലപാതകത്തിനുത്തരവാദിയെന്ന് മുദ്രകുത്തപ്പെട്ട വീട്ടുജോലിക്കാരിയുടെ ഉദ്വേഗജനകമായ കഥയാണ് റാണി... ജീവതത്തിൽ കണ്ടുമുട്ടിയ വ്യത്യസ്ത മേഖലകളിലെ 5 സ്ത്രീകൾ നിയമത്തിന് മുന്നിൽ ഉറച്ചുനിന്ന് പോരാടാൻ വീട്ടുജോലിക്കാരി സ്ത്രീക്ക് തങ്ങാകുന്നതാണ് ഇതിവൃത്തം. അന്വേഷണാത്മക പശ്ചാത്തലത്തിൽ വൈകാരിക മുഹൂര്‍ത്തങ്ങൾ കൂട്ടിയിണക്കി സിനിമ മുന്നേറുമ്പോൾ മലയാളത്തിലെ 5 അഭിനേത്രികളുടെ അസാധാരണ പ്രതിഭയുടെ മാറ്റ് കൂടിയാണ് പ്രകടമാകുന്നത്. വിശേഷണങ്ങൾക്ക് അതീതരായ ഉര്‍വശി, ഭാവന, അനുമോൾ, ഹണി റോസ്, മാലാ പാവതി എന്നിവ‍ര്‍ക്കൊപ്പം വീട്ടുജോലിക്കാരിയുടെ വേഷത്തിലെത്തിയ പുതുമുഖതാരം നിയതി കടമ്പിയം പ്രേക്ഷക ഹൃദയം കീഴടക്കുന്നു. രാഷ്ട്രീയനേതാവിന്റെ വേഷത്തിലെത്തുന്ന മിന്നൽ മുരളി ഫെയിം ഗുരു സോമസുന്ദരവും ഇന്ദ്രന്‍സും മണിയൻപിള്ളരാജുവും അശ്വിൻ ഗോപിനാഥും കൃഷ്ണൻ ബാലകൃഷ്ണനും അംബി നീനാസവും അശ്വത് ലാലും തങ്ങളുടെ കഥാപാത്രങ്ങളായി ജീവിച്ചപ്പോൾ ഒരു സ്ത്രീകേന്ദ്രീകൃത സിനിമയുടെ ദൃശ്യഭാഷയെ വിപുലീകരിക്കുക മാത്രമല്ല, ഇക്കലത്തിന്റെ അസ്ഥിരതകളെ ചോദ്യം ചെയ്യുക കൂടിയാണ് ചെയ്യുന്നത്.

 മ്യൂസിയം മേഖലയിലും അതിന്റെ സാങ്കേതിക ഇൻസ്റ്റലേഷനുകളിലും ഗണ്യമായ സംഭാവനകൾ നൽകുന്ന മാജിക്ടെയ്ൽ വ‍ര്‍ക്സിന്റെ പ്രഥമ സിനിമാ സംരംഭമാണ് റാണി- ദ റിയൽ സ്റ്റോറി. സെപ്റ്റംബ‍ര്‍ അവസാനവാരം റിലീസായ ചിത്രം കുടുംബപ്രേക്ഷകരുൾപ്പെടെയുള്ളവരുടെ ശ്രദ്ധനേടിയിരുന്നു. ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച സ്ത്രീ കൂട്ടായ്മയുടെ പരമ്പരയിലെ ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 
    
      ലിംഗഭേദത്തിനുമപ്പുറം  പേരില്ലാത്ത,   മുഖമില്ലാത്ത, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ പ്രതിബിംബമാണ് റാണിയിൽ പ്രതിഫലിക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമാകുന്നതിനൊപ്പം, കഥപറച്ചിലിന്‍റെ ഔപചാരിക ഘടനകളിൽ പരീക്ഷണം നടത്തിയിരക്കുന്നത് ദൃശ്യഭാഷയെ അനിതര സാധരണമാക്കുകയും ചെയ്യുന്നു. കാസര്‍കോട് സ്വദേശിയായ 24കാരി മേന മേലത്താണ് സംഗീത സംവിധായികയെന്നതും ‘റാണി’ക്ക് കൂടുതൽ മിഴിവേകുന്നു.  പെണ്ണത്തം കൊട്ടിഘോഷിക്കുന്നതിനുമപ്പുറം  സ്ത്രീയുടെ അസാധാരണ ശക്തി മുന്നോട്ടുവെക്കുന്ന കരുത്തും കൂട്ടായ്മയുടെ പ്രസക്തിയും ‘റാണി’ പങ്കിടുന്നു.  ചലച്ചിത്രം 6 സ്ത്രീകളെ കുറിച്ച് മാത്രമല്ല,  അവർക്ക് ചുറ്റുമുള്ള പുരുഷന്മാരെയും പരിസരത്തെയും കാലത്തേയും അപഗ്രഥിക്കുന്നു.