സംസ്കാരത്തിന്റെ വീണ്ടെടുപ്പായി സീതകളി: ഫാബുലസ് ഫെബ്രുവരിക്ക് തുടക്കമായി

 
kkk

കേരളത്തിന്റെ സ്വന്തം അനുഷ്‌ടാന കലാരൂപമായ സീതകളി അവതരണം വേറിട്ട അനുഭവമായി. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ സാംസ്കാരിക പരിപാടി ഫാബുലസ് ഫെബ്രുവരിയുടെ ഭാഗമായാണ് സീതകളി അവതരിപ്പിച്ചത്.  രാമായണത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ പാട്ടിന്റെയും വാദ്യങ്ങളുടെയും അകമ്പടിയോടെയുള്ള നൃത്തരൂപമാണ് സീതകളി.

കേരള ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പെരിനാട് സീതകളി സംഘമാണ് വളരെ അപൂർവമായി മാറിക്കൊണ്ടിരിക്കുന്ന പൈതൃക കലാരൂപമായ സീതകളി അവതരിപ്പിച്ചത്. ഫാബുലസ് ഫെബ്രുവരിയുടെ ഉത്ഘാടനം അഡ്വ വി.കെ. പ്രശാന്ത് എംഎൽഎ നിർവഹിച്ചു. സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ്, സെക്രട്ടറി പ്രിയദര്‍ശനന്‍.പി.എസ്, പ്രോഗ്രാം അസിസ്റ്റന്‍ഡ് ആനി ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫാബുലസ് ഫെബ്രുവരിയുടെ രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് ആറിന് ഡോ ആരോമല്‍.ടി രചനയും സംവിധാനവും നിര്‍വഹിച്ച് കാലദര്‍ശന നാട്യവേദി അവതരിപ്പിക്കുന്ന രക്ഷസ്സ് എന്ന നാടകം അരങ്ങേറും. നാടകാവതരണം പ്രശാന്ത് നാരായണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഏഴു മണിക്ക് സ്പാനിഷ് നാടകമായ അമായ അരങ്ങിലെത്തും. നാളെ വൈകിട്ട് ആറിനു പി.ഭാസ്‌കരന്‍ അനുസ്മരണം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗായിക രാജലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയോടെ ഫാബുലസ് ഫെബ്രുവരിക്ക് സമാപനമാകും.