മാസ്റ്റര്‍പ്ലാന്‍ രണ്ടാംഘട്ട കെട്ടിടനിര്‍മ്മാണം ആരംഭിച്ചു; ആറുനില മന്ദിരം ഉയരും

കിടക്ക കിട്ടാത്ത അവസ്ഥയ്ക്ക് പരിഹാരമാവും
 
Thiruvananthapuram_medical_college

മെഡിക്കല്‍ കോളേജ് മാസ്റ്റര്‍പ്ലാന്‍ രണ്ടാംഘട്ടത്തിലുള്‍പ്പെട്ട ആറുനില ഐപി ബ്ലോക്കിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 250 കിടക്കകള്‍ ഉണ്ടായിരുന്ന ആറു വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചാണ് പുതിയ ആറുനില മന്ദിരം പണിയുന്നത്. പഴയ കെട്ടിടം പൊളിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വാര്‍ഡുകള്‍ താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കുകയും കൂടുതല്‍ കട്ടിലുകള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ മന്ദിരം പൂര്‍ത്തിയാകുന്നതോടെ വലിയതോതില്‍ രോഗികളെ കിടത്തിചികിത്സിക്കാന്‍ സാഹചര്യമൊരുങ്ങും. എന്നാല്‍ അനുദിനം വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണം  പ്രതിസന്ധിക്കു കാരണമാകുന്നുണ്ട്. അത്യാഹിതവിഭാഗത്തിലും രോഗികളുടെ  വര്‍ധന ഉണ്ടായിട്ടുണ്ട്.  

കഴിഞ്ഞവര്‍ഷം ഇവിടെ ദിനംപ്രതി 700 രോഗികള്‍ ചികിത്സ തേടിയെങ്കില്‍ എമര്‍ജന്‍സി മെഡിസിന്‍, ട്രോമ എന്നിവ രൂപീകരിച്ച് ചികിത്സാ സൗകര്യം വിപുലപ്പെടുത്തിയതിനാല്‍ ഇപ്പോള്‍ ആയിരംരോഗികള്‍ വരെ ചികിത്സ തേടിയെത്താറുണ്ട്. വിവിധ രോഗങ്ങള്‍ക്ക് ഏറ്റവും ആധുനികമായ ചികിത്സ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കി. ചികിത്സ തേടുന്നവരില്‍ ഭൂരിഭാഗവും അഡ്മിറ്റ് ചെയ്ത് ചികിത്സിയ്ക്കേണ്ട രോഗികളുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒപി വിഭാഗത്തില്‍ നാലായിരവും പേര്‍വരുന്നതില്‍ 2000 രോഗികളെ കിടത്തിച്ചികിതിത്സിക്കേണ്ടിവരും.   350 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയേണ്ടിവരും. ഇത്രയധികം രോഗികള്‍ക്ക് കിടക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ ചിലരെയെങ്കിലും തറയില്‍കിടത്തി ചികിത്സിക്കേണ്ടി വരുന്നുണ്ട്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് നിർബന്ധമായും കട്ടിൽ നൽകും .


പുതിയ കെട്ടിടം പൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കാതെ തറയില്‍ കിടത്തി ചികിത്സ പൂര്‍ണമായും ഒഴിവാക്കാനും രോഗികള്‍ക്കെല്ലാം കിടക്ക ലഭ്യമാക്കി ചികിത്സിക്കാനും സമാന്തരമായി ഹെറിറ്റേജ് ബ്ലോക്ക് എന്നറിയപ്പെടുന്ന പ്രധാനകെട്ടിടത്തില്‍ സംവിധാനമൊരുക്കുകയും ചെയ്യുന്നുണ്ട്. അഞ്ചുകോടി രൂപ ചെലവഴിച്ച് രണ്ടുവലിയ വാര്‍ഡുകള്‍ നിര്‍മ്മിച്ച് 240 രോഗികളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാഹിതവിഭാഗത്തിലെ റെഡ്സോണില്‍ മെഡിസിന്‍, സര്‍ജിക്കല്‍ വിഭാഗങ്ങളില്‍ യഥാക്രമം 45, 35 വീതം കിടക്കകള്‍ സജ്ജമാക്കി. നാലു മെഡിക്കല്‍ വാര്‍ഡുകളില്‍ പത്ത് കട്ടിലുകള്‍ അധികം നല്‍കി 40 കിടക്കകളുടെ അധികസൗകര്യമൊരുക്കി. കോവിഡ് ഭീതി ഒഴിഞ്ഞതിനാല്‍ കോവിഡ് രോഗികള്‍ക്കു നല്‍കിയിരുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ബ്ലോക്കിലെ 30 കിടക്കകള്‍ സാധാരണ രോഗികള്‍ക്ക് നല്‍കി. 2009ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഏതുവാര്‍ഡിലേയ്ക്കും ഒഴിവുള്ള രോഗികളെ പുനഃക്രമീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലും നാല്പതോളം വരുന്ന അജ്ഞാത രോഗികള്‍ക്കും കിടക്ക ലഭ്യമാക്കുന്നു.