കേരള ആയൂർവേദ എന്ന പേരിൽ ബ്രാൻഡ് രൂപീകരിക്കണം

സാംക്രമികേതര രോഗങ്ങളുടെ നിരക്ക് പ്രതിരോധിക്കുന്നതിന് വേണ്ടി കേരളത്തിൻ്റെ തനതായ ആയുർവേദം ആഗോളതലത്തിൽ അനുഭവവേദ്യമാക്കുന്നതിന് വേണ്ടിയും ടൂറിസം മേഖലയിൽ "കേരള ആയുർവേദ" എന്നൊരു ബ്രാൻഡിൻ്റെ രൂപീകരണമെന്ന ആവശ്യം ഉയർന്നു. അതുവഴി കേരളാ ടൂറിസം മേഖലയുടെയും പൊതുജനാരോഗ്യരംഗത്തിൻ്റേയും സമഗ്രമായ വികസനം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ സാധ്യമാക്കുമെന്നും അഭിപ്രായം ഉയർന്നു. അഖില കേരള ഗവൺമെന്റ് ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ 29 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഗവൺമെന്റ് ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന "കേരളം മെഡിക്കൽ വാല്യൂ ടൂറിസത്തിന് ആയുർവേദം "," സാംക്രമികേതര രോഗങ്ങളുടെ നിരക്ക് പ്രതിരോധിക്കുന്നതിൽ ആയുർവേദത്തിന്റെ പങ്ക് " എന്ന വിഷയത്തിലുള്ള സെമിനാറിൽ ഉയർന്ന് വന്നതാണ് ഈ നിർദ്ദേശങ്ങൾ.
ആയുർവേദം അനുശാസിക്കുന്ന വ്യക്തി അധിഷ്ഠിതമായ ജീവിത രീതികളായ ദിനചര്യ, ഋതുചര്യ, യോഗാ ക്രമങ്ങൾ, പഞ്ചകർമകൾ, രസായന ചികിത്സകൾ എന്നിവ പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും അതിൻ്റെ തനതായ ഗുണങ്ങളോടെ ലഭ്യമാവുന്നതിന് സർക്കാർ തലത്തിലുള്ള ആയുർവേദ വെൽനെസ് സെൻ്ററുകളും, കേരള- ആയുർവേദ ബ്രാൻഡും വഴിവെക്കുമെന്നും സെമിനാർ വിലയിരുത്തി. ഗുണനിലവാരം ഉള്ള ആയുർവേദ ചികിൽസാ രീതികൾ സജ്ജീകരിക്കുന്നതിലൂടെ കൂടുതൽ വിനോദ സഞ്ചാരികളെ സംസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിനും അതുവഴി കേരള ടൂറിസം മേഖല സർക്കാരിൻ്റെ പ്രധാന വരുമാന സ്രോതസ് ആക്കി മാറ്റുവാനും സാധിക്കും. ടൂറിസം മേഖലയിലെ ആയുർവേദത്തിൻ്റെ അനന്ത സാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ രൂപരേഖകൾ ഇതോടൊപ്പം തയ്യാറാക്കുകയും ചെയ്തു.
നീതി ആയോഗിൻ്റെ ആരോഗ്യ സൂചിക പട്ടികയിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് എത്തുന്ന സംസ്ഥാനമായ കേരളം സാംക്രമികേതര രോഗങ്ങൾ മൂലമുള്ള മരണ നിരക്കിലും ഒന്നാമതാണെന്നാണ് അടുത്തിടെ നടന്ന ICMR- INDIAB പഠനഫലം വ്യക്തമാക്കുന്നത്. അത് കൊണ്ട് ആരോഗ്യമേഖല ജീവിതശൈലീ രോഗ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കുന്നു. അമിത രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ അവയുടെ പൂർവ്വ അവസ്ഥയിൽ തന്നെ, അതായത് രോഗം ഉണ്ടാവുന്നതിനു മുൻപ് തന്നെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ഇടപെടലുകൾ നടത്തി. രോഗത്തിൽ എത്തുന്നതിൽ നിന്നും സമൂഹത്തെ തടയാൻ ആയുർവേദത്തിന് സാധിക്കും. ജീവിത ശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിൽസയ്ക്കും ഒരു ഏകീകൃത ആയുർവേദചികിൽസാക്രമം രൂപീകരിക്കുകയും നടപ്പിലാക്കുകയും പ്രസ്തുത മേഖലകളിൽ അനുയോജ്യമായ ഗവേഷണങ്ങൾ പ്രോൽസാഹിപ്പിക്കുകയും ചെയ്യുക വഴി ആരോഗ്യരംഗത്തും സാമ്പത്തിക രംഗത്തും വിപ്ലവകരമായ മാറ്റം വരുത്താൻ സാധിക്കുമെന്നും യോഗം വിലയിരുത്തി. സെമിനാറിൽ ഡോക്ടർ രാം മനോഹർ പി (റിസർച്ച് ഡയറക്ടർ അമൃത സ്കൂൾ ഓഫ് ആയുർവേദ കൊല്ലം) ഡോക്ടർ ബിജു സോമൻ ( പ്രൊഫസർ & ഹെഡ്, എ എം സി എച്ച് എസ് എസ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി തിരുവനന്തപുരം), ഡോക്ടർ ഗോപകുമാർ , (പ്രൊഫസർ & എച്ച് ഒ ഡി, ഡിപ്പാർട്ട്മെൻ്റ് ഓഫ് രോഗ നിദാന , സുപെർതിൻഡൻ്റ് ഗവ.ആയുർവേദ കോളേജ് ,കണ്ണൂർ) ഡോക്ടർ ഉണ്ണികൃഷ്ണൻ പയ്യാപള്ളിമന (പ്രൊഫസർ & എച്ച് ഓ ഡി ക്ലിനിക്കൽ റിസർച്ച് & എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് സയൻസസ് & ടെക്നോളജി ബാംഗ്ലൂർ) ഡോക്ടർ രാജമോഹനൻ കെ (പ്രൊഫസർ ഇൻ ചാർജ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ഗവൺമെൻറ് മെഡിക്കൽ കോളേജ് തിരുവനന്തപുരം) ശ്രീ ഷാരോൺ വീട്ടിൽ (സെക്രട്ടറി ഡിറ്റിപിസി തിരുവനന്തപുരം) ഡോക്ടർ എസ് സജികുമാർ (മാനേജിംഗ് ഡയറക്ടർ ധാത്രി ആയുർവേദ) ഡോക്ടർ സുഭാഷ് എം (മെഡിക്കൽ ഓഫീസർ ഐ എസ് എം ഗവൺമെൻറ് ഓഫ് കേരള) ഡോക്ടർ ആലത്തൂർ നാരായണൻ നമ്പി (പ്രിൻസിപ്പാൾ അഷ്ടാംഗം ആയുർവേദ ചികിത്സാലയം& വിദ്യാപീഠം) ഡോക്ടർ ഗീതാ കൃഷ്ണൻ ജി (ട്രസ്റ്റി വേൾഡ് ആയുർവേദ ഫൗണ്ടേഷൻ ഫോർമർ ടെക്നിക്കൽ ലീഡ് ഡബ്ലിയു എച്ച് ഒ) ഡോക്ടർ ജ്യോതി ആർ ( മെമ്പർ, സെമിനാർ കമ്മിറ്റി & പ്രൊഫ ഗവൺമെൻറ് ആയുർവേദ കോളേജ് തിരുവനന്തപുരം) ഡോക്ടർ രാജ് മോഹൻ (കൺവീനർ &അസോസിയേറ്റ് പ്രൊഫസർ ഗവൺമെൻറ് ആയുർവേദ കോളേജ് തിരുവനന്തപുരം) തുടങ്ങിയവർ പങ്കെടുത്തു.