ലഹരി വിരുദ്ധ ദിനത്തില്‍ സന്ദേശവുമായി നടന്‍ മമ്മൂട്ടിയുടെ കെയര്‍ ആന്ഡ് ഷെയര്‍
ആലപ്പുഴ: നടന് മമ്മൂട്ടി നേതൃത്വം നല്കുന്ന കെയര് ആന്ഡ് ഷെയര് ഇന്റര്നാഷണല് ഫൗണ്ടേഷന് തീരദേശ മേഖല ലഹരിവിരുദ്ധ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ സെന്റ്. ജോസഫ് ഗേള്സ് ഹയര് സെക്കന്ററി സ്കൂളില് വച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര് എ. അലക്സാണ്ടര് നിര്വഹിച്ചു കൊണ്ട് സമസ്ത മേഖലയിലും ലഹരിക്കു മേല്ക്കോയ്മയുള്ള ഈ കാലഘട്ടത്തില് അതിനെതിരെ പോരാടാന് എല്ലാ വിഭാഗത്തിലുള്ള ആളുകളും കൂട്ടായി കൈകോര്ത്ത് പ്രവര്ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ഒരാളെയെങ്കിലും ലഹരി വിമുക്തനാക്കാന് കഴിഞ്ഞാല് ഈ കാലഘട്ടത്തില്‍ ഏറ്റവും വലിയ പുണ്യം അതായിരിക്കും എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആലപ്പുഴ രൂപത ബിഷപ്പ് ജെയിംസ് റാഫേല്‍ ആനാപ്പറമ്പില്‍ പ്രസ്താവിച്ചു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വഴികാട്ടി പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും കേരളത്തിലുടനീളം കുട്ടികളെ ലഹരി വിരുദ്ധ ബോധവത്കരണം സാധ്യമാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കെയര്‍ ആന്ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ പറഞ്ഞു. ആലപ്പുഴ ഡി. വൈ. എസ്. പി. പ്രിത്വിരാജ് കുട്ടികള്‍ക്കായി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പി കുര്യാക്കോസ്. ജെ, സെന്റ്. ജോസഫ് സ്‌കൂള്‍ മാനേജര്‍ മദര്‍ ആനി മാത്യു തുടങ്ങിയവരും പ്രസംഗിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രചരണ സന്ദേശ പ്രകാശനവും നടന്നു.
