പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാം;

വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്
 
POSTER

പക്ഷികളിൽ കണ്ടുവരുന്ന വൈറസ് രോഗമായ പക്ഷിപ്പനി മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗബാധിത പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത പൊതുവെ കുറവാണെങ്കിലും, രോഗം ബാധിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമായേക്കാം. രോഗബാധിതമോ രോഗം സംശയിക്കുന്നതോ ആയ പക്ഷികളുമായി സമ്പർക്കത്തിൽ വരുന്നവർ പ്രത്യേക ജാഗ്രതയും വ്യക്തിഗത സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചാൽ പനി, ശക്തമായ ശരീരവേദന, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. ഗുരുതരമായ സാഹചര്യങ്ങളിൽ കഫത്തിൽ രക്തം കാണപ്പെടുന്നതിനും മറ്റ് ശ്വാസകോശ അണുബാധകൾക്കും സാധ്യതയുണ്ട്.

പക്ഷികളുമായോ ചത്ത പക്ഷികളുമായോ സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്ക് ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ നടത്തരുത്. ഉടൻതന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവർത്തകരെയോ വിവരം അറിയിച്ച് വൈദ്യസഹായം തേടണം. ആശുപത്രികളിലെത്തുന്ന രോഗികളും പൊതുജനങ്ങളും മാസ്ക് ധരിക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

പ്രധാന പ്രതിരോധ മുൻകരുതലുകൾ

രോഗബാധിതമോ രോഗം സംശയിക്കുന്നതോ ആയ പക്ഷികളുമായും മൃഗങ്ങളുമായും നേരിട്ടുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കണം. ചത്ത പക്ഷികളെ കൈകൊണ്ട് സ്പർശിക്കരുത്. പക്ഷികളുടെ സ്രവങ്ങളോ കാഷ്ഠമോ പതിച്ച പ്രതലങ്ങളിൽ സ്പർശിക്കേണ്ടിവന്നാൽ ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മാംസം, മുട്ട എന്നിവയുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച് അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. നിയന്ത്രണമില്ലാത്ത പ്രദേശങ്ങളിൽപ്പോലും മാംസവും മുട്ടയും നന്നായി വേവിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ. പാതിവെന്ത ഭക്ഷണം ഒഴിവാക്കണം. പച്ചമാംസവും പാകം ചെയ്ത ഭക്ഷണവും കൈകാര്യം ചെയ്യാൻ ഒരേ പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കരുത്.

രോഗബാധിത പക്ഷികളുടെ വിസർജ്യങ്ങളും മറ്റ് മാലിന്യങ്ങളും ജലാശയങ്ങളിൽ നിക്ഷേപിക്കരുത്. ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശപ്രകാരം അവ സുരക്ഷിതമായി സംസ്കരിക്കണം.

കള്ളിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സുരക്ഷാ മുൻകരുതലുകൾ പാലിക്കണം

രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പക്ഷികളെ കൊന്നുനശിപ്പിക്കുന്ന (കള്ളിങ്) നടപടികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. നിർദിഷ്ട നിലവാരത്തിലുള്ള പി.പി.ഇ കിറ്റ്, എൻ-95 മാസ്ക്, അനുയോജ്യമായ കൈയുറകൾ, ഫെയ്സ് ഷീൽഡ്, ബൂട്ട് എന്നിവ നിർബന്ധമായും ധരിക്കണം. ഉപയോഗശേഷം ഇവ നിർദേശിച്ച രീതിയിൽ സുരക്ഷിതമായി സംസ്കരിക്കണം.

ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ഏഴ് ദിവസത്തേക്ക് പ്രതിരോധ മരുന്നായ ഒസെൽറ്റമിവിർ കഴിക്കണം. സമ്പർക്കവിവരങ്ങളും മരുന്ന് കഴിച്ചതിന്റെ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുകയും ആരോഗ്യപ്രവർത്തകരുടെ തുടർനിരീക്ഷണത്തിൽ തുടരുകയും വേണം.