കാൻസർ മരുന്നുകൾ: കൊള്ള തടയാൻ നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 
medic

കാൻസർ രോഗത്തിനുള്ള മരുന്നുകളുടെ പേരിലുള്ള തട്ടിപ്പും കൊള്ളയും അമിതവിലയും നിയന്ത്രിക്കേണ്ടത് കേന്ദ്ര സർക്കാരായതിനാൽ കേന്ദ്രനിയമത്തിൽ പര്യാപ്തമായ വകുപ്പുകൾ ചേർത്ത് കാലോചിതമായ ഭേദഗതികൾ വരുത്തുന്നതിന് സംസ്ഥാന സർക്കാർ ആവശ്യമായ ശുപാർശകൾ കേന്ദ്രസർക്കാരിന് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.


     കാൻസർ മരുന്നുകളുടെ പേരിലുള്ള കൊള്ളയും തട്ടിപ്പും തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.  വ്യാജ കാൻസർ മരുന്നുകൾ  സംസ്ഥാനത്ത് എത്തുന്നുണ്ടെന്ന്  സർക്കാർ സമ്മതിച്ചു.  

രാജ്യത്ത് മരുന്നിന്റെ ഉൽപ്പാദനവും വിതരണവും വിൽപ്പനയും നിയന്ത്രിക്കുന്നത് കേന്ദ്ര നിയമമായ ഡ്രഗ്സ് ആന്റ് കോസ്മറ്റിക് ആക്ട് 1940 ആന്റ് ഡ്രഗ്സ് റൂൾസ് 1945 പ്രാകാരമായതിനാൽ സംസ്ഥാന സർക്കാരിന് മരുന്നു തട്ടിപ്പിൽ നടപടിയെടുക്കാൻ അധികാരമില്ലെന്ന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ ഉത്തരവ്.മരുന്നുകൾ നേരിട്ട് ഇറക്കുമതി ചെയ്യാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.  ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ കർശന പരിശോധനക്ക് ശേഷമാണ് വിതരണം ചെയ്യുന്നത്.  അനധികൃത മരുന്ന് ഇറക്കുമതിക്കെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്.  നിയമവിരുദ്ധമായി മരുന്നുകൾ സംസ്ഥാന വിപണിയിൽ എത്തുന്നില്ല.    കാൻസർ ചികിത്സക്കുള്ള Osimertinib പോലുള്ള വിലകൂടിയ മരുന്നുകളുടെ വിലകുറഞ്ഞ പതിപ്പുകൾ ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിൽ നിന്നും അനധികൃതമായി കൊണ്ടുവന്ന് ഓൺലൈൻ വഴിയും വ്യക്തികൾ വഴിയും രോഗികൾക്ക് എത്തിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ടെന്ന ഗുരുതര വസ്തുതയും റിപ്പോർട്ടിലുണ്ട്. 

ഇത് തടയാൻ സംസ്ഥാന സർക്കാർ ജാഗരൂകരാണ്. ഓൺലൈൻ മരുന്ന് വ്യാപാരത്തിന്റെ വ്യവസ്ഥകൾക്ക് നിയമ നിർമ്മാണം നിലവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ നടപടിയെടുക്കാൻ ബുദ്ധിമുട്ടുണ്ട്.


     മരുന്നുകളുടെ  വിലവർധനവ് തടയാൻ ഉൽപ്പാദനം കൂട്ടുകയാണ് പോംവഴിയെന്നും ഇത്തരം നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ സമീപിക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.


     സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം, അമിതവില തുടങ്ങിയ അനധികൃത ഇടപാടുകൾ തടയാൻ നടപടിയെടുക്കേണ്ടത് ഡ്രഗ്സ് കൺട്രോളറായതിനാൽ ഇക്കാര്യത്തിൽ ജാഗ്രതയോടെയുള്ള കാര്യക്ഷമമായ പരിശോധനകളും തുടർ നടപടികളും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.


     എല്ലാ സർക്കാർ ഡോക്ടർമാരും മരുന്നുകളുടെ കുറിപ്പടികൾ ജനറിക് നാമത്തിൽ രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.  ഇത് സ്വകാര്യാശുപത്രികളിലും വ്യാപകമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.


     ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡ്രഗ്സ് കൺട്രോളർക്കുമാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.  കോട്ടയം എസ്.എച്ച്. മൗണ്ട് ലാവണ്യയിൽ പി.യു. ഐപ്പ് സമർപ്പിച്ച പരാതിയിലാണ് നടപടി.