കേരളത്തിലെ ആദ്യ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്റർ വൻ വിജയം
* 8000 പേർക്ക് വാക്സിൻ നൽകി
തിരുവനന്തപുരം വിമൻസ് കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിന് മികച്ച പ്രതികരണം.പ്രവർത്തനമാരംഭിച്ച് പത്തു ദിവസത്തിനുള്ളിൽ 8000 പേർ ഈ സെന്ററിൽ നിന്നും വാക്സിൻ സ്വീകരിച്ചു.4800 പേർ ആദ്യ ഡോസ് വാക്സിനും 3200 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാം എന്നതാണ് ഈ യജ്ഞത്തിന്റെ പ്രത്യേകത. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്.
18 വയസ്സിന് മുകളിലുള്ളവർക്കാണ് ഇവിടെ വാക്സിൻ നൽകുന്നത്. ഇതിനായുള്ള സ്ലോട്ട് എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്ക് ഓപ്പൺ ആകും.ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലുള്ള ട്രിവാൻഡ്രം എഹെഡ് എന്ന ഉദ്യമത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.
ജില്ലയിൽ പുതിയ ആശയങ്ങളും പ്രവർത്തന രീതികളും നടപ്പാക്കിയാണ് വാക്‌സിനേഷൻ പുരോഗമിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടുന്ന രീതിയിലാണ് സെന്റർ സജ്ജീകരിച്ചിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു. ചിട്ടയോടെയും സുരക്ഷിതമായും കാര്യക്ഷമമായും വാക്‌സിൻ നൽകാൻ സാധിക്കുന്നുണ്ടെന്നതാണ് ഈ യജ്ഞത്തിന്റെ മറ്റൊരു പ്രത്യേകത. ഓണാവധി ദിവസങ്ങളിൽ 3700 പേരാണ് ഇവിടെ നിന്നും വാക്‌സിൻ സ്വീകരിച്ചത്.
ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ ജോലി ചെയ്യുന്നു.വാക്‌സിനേഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കൗണ്ടറുകളും ഹെൽപ് ഡെസ്‌ക്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ഓൺലൈനായി രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ സെന്ററിലെത്തുന്നവർക്ക് വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്‌ട്രേഷൻ സ്ഥിരീകരിക്കാനും വാക്‌സിൻ സ്വീകരിക്കാനും നിരീക്ഷണം പൂർത്തിയാക്കാനും സാധിക്കും.ഓൺലൈൻ ബുക്കിംഗിലൂടെ ലഭിക്കുന്ന സമയം കൃത്യമായി പാലിക്കാൻ സാധിച്ചില്ലെങ്കിൽ ആ ദിവസത്തെ വാക്‌സിനേഷൻ സമയം തീരുന്നതിനുമുമ്പ് കുത്തിവയ്പ്പ് എടുക്കാവുന്നതാണ്. വാക്‌സിനേഷൻ പ്രക്രിയകൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികൾ സ്വീകരിക്കും.
.
