ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധം: മന്ത്രി വീണാ ജോര്‍ജ്

 
Veena_minister

എന്റെ ആരോഗ്യം, എന്റെ അവകാശം: ഏപ്രില്‍ 7 ലോകാരോഗ്യ ദിനം

തിരുവനന്തപുരം: പൗരന്‍മാരുടെ ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി കേരള പൊതുജനാരോഗ്യ നിയമം, മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് നിയമം, കേരള സാംക്രമിക രോഗങ്ങള്‍ ആക്ട് എന്നിവ യാഥാര്‍ത്ഥ്യമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനമാണ്. ആരോഗ്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട പ്രധാന ഇടങ്ങളാണ് ആരോഗ്യ കേന്ദ്രങ്ങള്‍. ഇവ വിവേചനങ്ങള്‍ കൂടാതെ രോഗികളുടെ ആരോഗ്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 2012ലെ നിയമം ശക്തിപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിനായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കിയതായും മന്ത്രി പറഞ്ഞു.

എല്ലാ വര്‍ഷവും ഏപ്രില്‍ ഏഴാം തീയതിയാണ് ലോകാരോഗ്യ ദിനം ആചരിക്കുന്നത്. 1948 ല്‍ ലോകാരോഗ്യ സംഘടന സ്ഥാപിതമായതിന്റെ വാര്‍ഷിക ദിനമാണ് ഏപ്രില്‍ 7. 'എന്റെ ആരോഗ്യം, എന്റെ അവകാശം' എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിന സന്ദേശം. എല്ലാവര്‍ക്കും എല്ലായിടങ്ങളിലും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങളും ആരോഗ്യ സംബന്ധമായ വിവരങ്ങളും വിദ്യാഭ്യാസവും ലഭ്യമാകുക, ശുദ്ധമായ കുടിവെള്ളം, സുരക്ഷിതമായ വായു, പോഷകാഹാരം, മെച്ചപ്പെട്ട പാര്‍പ്പിടം, മാന്യമായ ജോലി ഇടങ്ങളും സാഹചര്യങ്ങളും, വിവേചനങ്ങളില്‍ നിന്നും മോചനം തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

മറ്റ് അവകാശങ്ങളെ പോലെ തന്നെ ഒരു പൗരന്റെ അവകാശമാണ് ആരോഗ്യവും. യാതൊരു വിവേചനവും കൂടാതെ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം ലഭിക്കുന്നതിനും സ്വന്തം ആരോഗ്യ സംബന്ധമായ വിവരങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കപ്പെടുന്നതിനും പൗരന് അവകാശമുണ്ട്. ഇതോടൊപ്പം സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, പാര്‍ശ്വവത്കരിക്കപ്പെട്ട, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ മുതലായവരുടെ അവകാശങ്ങളും പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. അമ്മമാരുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യ അവകാശങ്ങള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ഭക്ഷ്യവസ്തുക്കളിലെ മായം, കൃത്രിമ നിറങ്ങള്‍, രാസവസ്തുക്കള്‍, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം, മാലിന്യങ്ങളുടെ അശാസ്ത്രീയമായ കൈകാര്യം ചെയ്യല്‍, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയവ ആരോഗ്യ അവകാശങ്ങള്‍ ഉറപ്പാക്കേണ്ട വിവിധ മേഖലകളാണ്.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രളയം, വരള്‍ച്ച തുടങ്ങിയവയും പ്രകൃതിദുരന്തങ്ങളോടനുബന്ധിച്ചുണ്ടാകുന്ന രോഗങ്ങള്‍, മലിനീകരണം തുടങ്ങിയ നിരവധി പ്രശ്നങ്ങളും ആരോഗ്യത്തിന് വെല്ലുവിളിയാകാറുണ്ട്. മനുഷ്യന്റെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നതോടൊപ്പം പക്ഷിമൃഗാദികളുടെയും പ്രകൃതിയുടെയും ആരോഗ്യ സംരക്ഷണത്തിലൂടെ മാത്രമേ മനുഷ്യന്റെ ആരോഗ്യ സംരക്ഷണം സാധ്യമാകൂ എന്ന തിരിച്ചറിവാണ് ലോകത്തെ ഏകാരോഗ്യം അഥവാ വണ്‍ ഹെല്‍ത്ത് എന്ന ആശയത്തിലേക്കെത്തിച്ചത്. ഇതുള്‍ക്കൊണ്ട് രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് വണ്‍ഹെല്‍ത്ത് നടപ്പിലാക്കി.