അപൂര്‍വ രോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പ്പ്: മുഖ്യമന്ത്രി

ഉയര്‍ന്ന ചെലവിന്റെ പേരില്‍ ആര്‍ക്കും ചികിത്സ പ്രാപ്യമാകാതെ പോകരുത്
 
health
അപൂര്‍വ രോഗ പരിചരണത്തിന് കെയര്‍ പദ്ധതി, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍: ഉദ്ഘാടനം

അപൂര്‍വ രോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പ്പായി 'കേരള യുണൈറ്റഡ് എഗെന്‍സ്റ്റ് റെയര്‍ ഡിസീസസ്' അഥവാ കെയര്‍ പദ്ധതി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപൂര്‍വ രോഗങ്ങളെ പ്രതിരോധിക്കാനും, നേരത്തെ കണ്ടെത്താനും, നിലവില്‍ ലഭ്യമായ ചികിത്സ ലഭ്യമാക്കാനും, തെറാപ്പികള്‍, സാങ്കേതിക സഹായ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാനും, ഗൃഹ കേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പു വരുത്താനും മാതാപിതാക്കള്‍ക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പു വരുത്താനുമൊക്കെ ഉതകുന്ന ഒരു സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് അപൂര്‍വ രോഗപരിചരണ പദ്ധതിയായ കെയര്‍ പ്രഖ്യാപിക്കപ്പെടുന്നത്. പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം നടത്തുന്നത്. ഇതും അത്തരത്തിലൊന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപൂര്‍വ രോഗ പരിചരണത്തിനായുള്ള കെയര്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷന്‍ വാര്‍ഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആഗോളതലത്തില്‍ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അയ്യായിരത്തില്‍ അധികം അപൂര്‍വ രോഗങ്ങളാണുള്ളത്. പതിനായിരം പേരില്‍ ശരാശരി ഒന്ന് മുതല്‍ ആറ് വരെ ആളുകളെ ബാധിക്കുന്ന രോഗങ്ങളെയാണ് അപൂര്‍വ രോഗങ്ങളായി കണക്കാക്കി വരുന്നത്. 2021 ലെ ദേശീയ അപൂര്‍വരോഗനയ പ്രകാരം ദേശീയതലത്തില്‍ 11 കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ഇവയില്‍ ഒരു കേന്ദ്രം എസ്എടി ആശുപത്രിയാണ്. ഇതിനായി 3 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര നയ പ്രകാരം ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് ഈ കേന്ദ്രത്തിലൂടെ നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകള്‍ക്ക് ഈ തുക മതിയാകില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപൂര്‍വ രോഗ പരിചരണത്തിന് ഒരു സമഗ്ര നയരൂപീകരണം ലക്ഷ്യമിടുന്നത്.

ഉയര്‍ന്ന ചെലവിന്റെ പേരില്‍ ആര്‍ക്കും ചികിത്സ പ്രാപ്യമാകാതെ പോകരുത് എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നഗരങ്ങളില്‍ സാധാരണ ഗതിയില്‍ ജീവിത ചെലവ് താരതമ്യേന കൂടുതലാണല്ലോ. ആരോഗ്യ സേവനങ്ങളുടെ കാര്യത്തിലും അതുതന്നെയാണവസ്ഥ. അതുകൊണ്ടു തന്നെയാണ് സൗജന്യവും സമഗ്രവുമായ ചികിത്സ ലഭ്യമാക്കാനായി നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. നഗരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനായാണ് നിലവില്‍ 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലായി 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അതില്‍ 42 എണ്ണമാണ് നാടിനു സമര്‍പ്പിക്കുന്നത്.

സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ആധുനിക മെഡിക്കല്‍ സൗകര്യങ്ങളോടു കൂടിയ 10 കിടക്കകളുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 10 ഐസോലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനം നടന്നു. ഇപ്പോള്‍ 37 ഐസോലേഷന്‍ വാര്‍ഡുകള്‍ കൂടി നാടിന് സമര്‍പ്പിക്കപ്പെടുന്നു.

മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോഴും പകര്‍ച്ചവ്യാധികള്‍ വളരെയേറെ കൂടുന്നുണ്ട്. ചികിത്സയും മരുന്നുകളും ഒരുക്കുന്നതുപോലെ തന്നെ പ്രധാനമാണ് രോഗപ്രതിരോധത്തിനുതകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതും. പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഐസോലേഷന്‍ വാര്‍ഡുകള്‍. ഇത് കഴിഞ്ഞ കോവിഡ് കാലത്ത് പരിചിതമാണ്. ആ മാതൃകയില്‍ സംസ്ഥാനത്തെമ്പാടും ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുകയാണ്. 140 മണ്ഡലങ്ങളിലും ഇതിനായുള്ള ആരോഗ്യ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. 250 കോടി രൂപയാണ് ഇതിന് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 ശതമാനം തുക കിഫ്ബി മുഖേനയും 50 ശതമാനം തുക എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട് മുഖേനയുമാണ് ലഭ്യമാക്കുന്നത്.

മാനവ വികസന സൂചികയില്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും ഏറെ മുന്നിലാണ് കേരളം. ലോകം ശ്രദ്ധിക്കുന്ന തരത്തിലുള്ള സാമൂഹിക പുരോഗതി നേടാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമുക്കു കഴിഞ്ഞിട്ടുണ്ട്. ആ അടിസ്ഥാനത്തില്‍ ഊന്നിക്കൊണ്ട് ആരോഗ്യ മേഖലയിലെ രണ്ടും മൂന്നും തലമുറ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ് കേരളം. അതിലേക്കുള്ള ചുവടുവയ്പ്പായി മാറും ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളെന്നും മുഖ്യമന്ത്രി പറഞ്ഞു.


കെയര്‍ പദ്ധതിയില്‍ പൊതുജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

അപൂര്‍വ രോഗങ്ങളുടെ ചികിത്സാ പദ്ധതിയായ കെയറില്‍ പൊതുജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഈ പദ്ധതി ഏറ്റെടുത്തത്. സിഎസ്ആര്‍ ഫണ്ട്, ക്രൗഡ് ഫണ്ടിംഗ് എന്നിവയിലൂടെ ഈ പദ്ധതിയ്ക്ക് തുക കണ്ടെത്തും. അപൂര്‍വ രോഗങ്ങള്‍ക്ക് വളരെ ചെലവേറിയ ചികിത്സകളാണുള്ളത്. ജീവിതത്തിന്റെ നിസഹായതയില്‍ കേരളം ഒന്നിക്കുകയാണ്. അപൂര്‍വ രോഗത്തിനായി പൈലറ്റ് പ്രോജക്ട് നടത്തി. ആശുപത്രികളില്‍ നട്ടെല്ല് നിവര്‍ത്തുന്ന ശസ്ത്രക്രിയ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലും ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് സര്‍ക്കാര്‍ വലിയൊരു വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിലെ വരാനിരിക്കുന്ന ആരോഗ്യ ആവശ്യങ്ങളാണ് നവകേരളം കര്‍മ്മപദ്ധതിയിലൂടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ഐസൊലേഷന്‍ വാര്‍ഡുകള്‍ മള്‍ട്ടി പര്‍പ്പസിനായി ഉപയോഗിക്കും. നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ പൂര്‍ണമായും സൗജന്യ ചികിത്സ ഉറപ്പാക്കും. രാജ്യത്ത് ആദ്യമായി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലാബ് സൗകര്യമൊരുക്കും. രോഗങ്ങളുടെ മുമ്പില്‍ ഒരാളും നിസഹായരായി പോകരുത്. സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധത്തിനായി വാക്‌സിനേഷന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. രണ്ടര വര്‍ഷത്തിനുള്ളില്‍ ഇരുപത്തിയൊന്നാമത് ദേശീയ പുരസ്‌കാരമാണ് ആരോഗ്യ മേഖലയ്ക്ക് ലഭിച്ചത്. അത് ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ളതാണെന്നും മന്ത്രി പറഞ്ഞു.

ആന്റണി രാജു എംഎല്‍എ, തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ബാബു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ഷിബുലാല്‍ എന്നിവര്‍ പങ്കെടുത്തു.