തദ്ദേശീയ നിര്‍മിത 'മിട്രല്‍ ക്ലിപ്പ്' ഉപയോഗിച്ച് ഹൃദയ ചികിത്സ നടത്തിയ കോഴിക്കോട് മൈഹാര്‍ട്ട് സ്റ്റാര്‍കെയര്‍ ആശുപത്രിയുടെ നൂതന മുന്നേറ്റം

 
starcare
starcare

കോഴിക്കോട് - ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് മലേഷ്യയില്‍ നിന്നെത്തിയ 51കാരന് ആശ്വാസമായി കോഴിക്കോട് മൈഹാര്‍ട്ട് സ്റ്റാര്‍കെയര്‍ ആശുപത്രി. ഇന്ത്യയില്‍ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിട്രല്‍ ക്ലിപ്പ് ഉപകരണം -'മൈക്ലിപ്പ്' ഉപയോഗിച്ചാണ് വിജയകരമായി ചികിത്സ നല്‍കിയത്. ഇന്ത്യയില്‍ താങ്ങാവുന്ന നിരക്കില്‍ ഹൃദയ പരിചരണം ലഭ്യമാക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലായി ഇത് മാറി. കോഴിക്കോട് മൈഹാര്‍ട്ട് സ്റ്റാര്‍കെയര്‍ ആശുപത്രിയിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എസ്.എം. അഷ്‌റഫാണ് ഏറ്റവും കുറഞ്ഞ മുറിവ് മാത്രം വരുത്തുന്ന രീതിയില്‍ മൈക്ലിപ്പ് ശസ്ത്രക്രിയ നടത്തിയത്.

മൂന്ന് വര്‍ഷത്തിലേറെയായി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും സ്വയം ചെയ്യാന്‍ കഴിയാത്ത നിലയിലായിരുന്നു രോഗി. ഹൃദയത്തില്‍ രക്തം തിരിച്ചൊഴുകുന്ന, ഹൃദയ വാല്‍വിന്റെ ഗുരുതര തകരാറായ മിട്രല്‍ റീഗര്‍ജിറ്റേഷന്‍ (എംആര്‍) എന്നതായിരുന്നു രോഗാവസ്ഥ.  രോഗ ലക്ഷണങ്ങള്‍ വഷളായി ഹൃദയസ്തംഭന സാധ്യതയ്ക്ക് വരെ  കാരണമാകുന്ന നിലയിലായിരുന്നു അദ്ദേഹം.
രോഗിയുടെ പ്രായം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ മൂലം തുറന്ന ഹൃദയ ശസ്ത്രക്രിയയോ ഹൃദയം മാറ്റിവയ്ക്കല്‍ പോലുള്ള പരമ്പരാഗത ചികിത്സാ മാര്‍ഗങ്ങള്‍ വളരെ അപകടകരമായതിനാല്‍ പരിഗണിച്ചില്ല. മരുന്നുകള്‍ കൊണ്ടും ചികിത്സ മതിയാകുകയുമില്ല.

മൈക്ലിപ്പിലൂടെ പകര്‍ന്ന പുതുപ്രതീക്ഷ 

ഇന്ത്യന്‍ മെഡിക്കല്‍ ടെക്നോളജി കമ്പനിയായ 'മെറില്‍' അടുത്തിടെ അവതരിപ്പിച്ച മിട്രല്‍ വാല്‍വ് തകരാര്‍ പരിഹരിക്കുന്ന 'മൈക്ലിപ്' എന്ന ഉപകരണമാണ് ഉപയോഗിച്ചത്. യുഎസ് നിര്‍മ്മിത മിട്രല്‍ ക്ലിപ്പുകള്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ അവയുടെ ഉയര്‍ന്ന വില മൂലം മിക്ക രോഗികള്‍ക്കും താങ്ങാനാകുമായിരുന്നില്ല.
 
1.5 ദശലക്ഷം ഇന്ത്യക്കാര്‍ കടുത്ത മിട്രല്‍ റീഗര്‍ജിറ്റേഷന്‍ മൂലം ബുദ്ധിമുട്ടുന്നുവെന്ന് കോഴിക്കോട് മൈഹാര്‍ട്ട് സ്റ്റാര്‍കെയര്‍ ആശുപത്രിയിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ആശിഷ് കുമാര്‍ മാന്‍ഡലെ പറഞ്ഞു. ചികിത്സിച്ചില്ലെങ്കില്‍, എംആര്‍ വിനാശകരമായ ഫലങ്ങളാണ് വരുത്തിവെക്കുക. 50 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം അതിജീവിക്കാന്‍ കഴിഞ്ഞേക്കില്ല, ഒരു വര്‍ഷത്തെ മരണ നിരക്ക് തന്നെ 57 ശതമാനം വരെയാകാം. അത്തരം രോഗികള്‍ക്ക്, ശസ്ത്രക്രിയ കൂടാതെ ഈ മൈക്ലിപ്പ് ജീവന്‍ രക്ഷിക്കുന്ന ഒരു ബദല്‍ ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നത്.'' -ഡോ. അഷ്‌റഫ് അഭിപ്രായപ്പെട്ടു.