നാല് ലക്ഷം കടന്ന് പുതിയ കേസുകള്‍, 3,523 മരണം
രാജ്യത്ത് കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,933 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1.91 കോടിയായി ഉയര്‍ന്നു. 3523 പേര്‍ക്കാണ് ഇന്നലെ മഹാമാരി ബാധിച്ച് ജീവന് നഷ്ടമായത്.ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായത്. ഏപ്രിൽ മാസത്തിൽ മാത്രം 65 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.
കോവിഡ് വ്യാപനം ഇന്ത്യയില്‍ അതിതീവ്രമാവുകയാണ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. മേയ് നാല് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. താത്കാലിക വിസയിലുള്ള വിദേശ പൗരന്മാര്ക്കും വിലക്ക് ബാധകമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.അമേരിക്കൻ പൗരന്മാർ, ഗ്രീൻ കാർഡ് ഉള്ളവർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. താല്‍ക്കാലിക വിസയിലുള്ള വിദേശ പൗരന്മാർ 14 ദിവസത്തിലധികം ഇന്ത്യയിൽ താമസിച്ചാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര അനുവദിക്കില്ല.
അതേസമയം, രാജ്യത്ത് 18-45 വയസിനിടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന് പ്രക്രിയകള്‍ക്ക് ഇന്ന് തുടക്കമാകും. എന്നാല്‍ പല സംസ്ഥാനങ്ങളിലും വാക്സിന് ക്ഷാമം നേരിടുന്നുണ്ട്. മധ്യപ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവടങ്ങളില്‍ വാക്സിനേഷന് മുടങ്ങുമെന്ന് സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതിയായ വാക്സിനെത്തിക്കാന്‍ നിര്‍മാണ കമ്പനികള്‍ക്ക് സാധിക്കാത്തതാണ് കാരണം.
രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദേശരാജ്യങ്ങളിലുള്ള ആരോഗ്യവിദഗ്ധർ പോലും അഭിപ്രായപ്പെടുന്ന സ്ഥിതിയുമുണ്ട്.
