നിപ: ഭീതി വേണ്ട, ജാഗ്രത മതി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

മൃഗങ്ങളിൽനിന്നു മൃഗങ്ങളിലേക്കു പടരുന്ന രോഗമായ നിപ കേരളത്തിൽ മനുഷ്യരിൽ ആദ്യമായി സ്ഥിരീകരിച്ചത് കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലുള്ള സൂപ്പിക്കട, ആവടുക്ക മേഖലയിലാണ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ നിപ മനുഷ്യരിലേക്കു പകരാം. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കും പകരാറുണ്ട്. ആദ്യം രോഗം ബാധിച്ചയാളിൽനിന്നു പകർന്നുകിട്ടിയവരും അവരുമായി ആശുപത്രികളിലും മറ്റുമായി വിവിധ രീതികളിൽ ബന്ധപ്പെട്ടവരും തന്നെയാണ് പലപ്പോഴും രോഗബാധിതരാകുന്നത്. ഈ പട്ടികയ്ക്കു വെളിയിൽ ഒരു സ്ഥലത്തും പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടാറില്ല. നിരീക്ഷണത്തിലുള്ളവർ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും
 
നിപ: ഭീതി വേണ്ട, ജാഗ്രത മതി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

മൃഗങ്ങളിൽനിന്നു മൃഗങ്ങളിലേക്കു പടരുന്ന രോഗമായ നിപ കേരളത്തിൽ മനുഷ്യരിൽ ആദ്യമായി സ്ഥിരീകരിച്ചത് കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലുള്ള സൂപ്പിക്കട, ആവടുക്ക മേഖലയിലാണ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ നിപ മനുഷ്യരിലേക്കു പകരാം. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കും പകരാറുണ്ട്.

ആദ്യം രോഗം ബാധിച്ചയാളിൽനിന്നു പകർന്നുകിട്ടിയവരും അവരുമായി ആശുപത്രികളിലും മറ്റുമായി വിവിധ രീതികളിൽ ബന്ധപ്പെട്ടവരും തന്നെയാണ് പലപ്പോഴും രോഗബാധിതരാകുന്നത്. ഈ പട്ടികയ്ക്കു വെളിയിൽ ഒരു സ്ഥലത്തും പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടാറില്ല. നിരീക്ഷണത്തിലുള്ളവർ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക എന്നതുതന്നെയാണ് പ്രധാനം.

രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇവരിൽനിന്നു മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണ്. വൈറസ് ബാധിച്ചവരുടെ ഒരു മീറ്ററെങ്കിലും അടുത്ത് ഇടപഴകുന്നവർക്കാണ് രോഗസാധ്യത. ഇതു പ്രധാനമായും ഡ്രോപ്‌ലെറ്റ് ട്രാൻസ്മിഷനാണ്. തുമ്മൽ, ചുമ തുടങ്ങിയവയിൽനിന്നാണ് പ്രധാനമായും പകരുന്നത്.

കോഴിക്കോട് രോഗംബാധിച്ചു മരിച്ച കുട്ടിയ്ക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന് വിദഗ്ധസംഘം പരിശോധിക്കും. തെങ്ങുകയറ്റത്തൊഴിലാളിയായ പിതാവ് അടക്കം 17 പേർ നിരീക്ഷണത്തിലുണ്ട്. നിലവിൽ കോവിഡ് സുരക്ഷയുടെ ഭാഗമായി മാസ്ക് ധരിക്കുന്നതിനാലും സാനിറ്റൈസർ ഉപയോഗിക്കുന്നതിനാലും വ്യാപകമായ രോഗബാധയ്ക്കു സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

സ്ഥിരീകരണം എങ്ങനെ?

തൊണ്ടയിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽനിന്ന് റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) വഴി വൈറസിനെ വേർതിരിച്ചെടുക്കാം. എലീസ പരിശോധനയിലൂടെയും തിരിച്ചറിയാം.

സൂക്ഷിക്കണം, പഴം മുതൽ കള്ളു വരെ

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിലെത്തിയാൽ രോഗം ബാധിക്കും. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക, വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയവ ഒഴിവാക്കുക എന്നിവയാണ് വേണ്ടത്

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍.

ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

മുൻകരുതൽ:

▪ രോഗം സ്ഥിരീകരിച്ചാൽ രോഗിയുമായുള്ള സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക.
▪ സോപ്പ് / ആൽക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
▪ രോഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക; വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
ആശുപത്രികളിൽ ശ്രദ്ധിക്കാൻ
▪ രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കണം.
▪ ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തണം.
▪ രണ്ടു രോഗികളുടെ കട്ടിലുകൾ തമ്മിൽ ഒരു മീറ്റർ അകലം എങ്കിലും ഉറപ്പാക്കുക.
▪ രോഗമുണ്ടെന്നു സംശയിക്കുന്ന ആളുകളുമായി ഇടപെടുമ്പോൾ കയ്യുറകളും 95% വരെ രോഗപ്രതിരോധം ഉറപ്പാക്കുന്ന എൻ–95 മാസ്കും ധരിക്കണം.
▪ രോഗം ഉണ്ടെന്നു സംശയിക്കുന്ന രോഗിയെ പ്രവേശിപ്പിച്ചാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണം.
▪ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആയിരിക്കണം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണുനശീകരണം നടത്തണം.