ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് ഒമിക്രോണെന്ന് സംശയം
രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയം. ഇതിൽ നാല് പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരികെ എത്തിയവരാണ്. ജയ്പൂരിലാണ് സംഭവം.
ഈ കുടുംബത്തിലെ 14പേരുടെ സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ പരിശോധനയിൽ ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ നാലുപേർക്ക് ദക്ഷിണാഫ്രിക്ക യാത്രാ ചരിത്രമുളളതിനാൽ ഇവരെ രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ പ്രവേശിപ്പിച്ചു. ഈ ഒൻപത് പേരുടെയും സാമ്പിളുകൾ ജനിതക ഘടനാ പഠനത്തിനയച്ചതായി ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലെ അധികൃതർ അറിയിച്ചു. രാജസ്ഥാനിൽ കഴിഞ്ഞ ദിവസം 213 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 114 പേരും ജയ്പൂരിൽ നിന്നാണ്. രാജ്യത്ത് വിദേശത്ത് നിന്നെത്തിയ 30ഓളം പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധനയും, നിരീക്ഷണവും, നിയന്ത്രണങ്ങളും കർശനമാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
