അടുത്ത രണ്ട് ദിവസം അതിതീവ്ര മഴ തുടരാൻ സാധ്യത
ആന്തമാൻ കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴയോ അതിതീവ്രമഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം ബുധനാഴ്ചയോടെ (നവംബർ 17) തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് വ്യാഴാഴ്ചയോടെ (നവംബർ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കും. അതിനിടെ അറബിക്കടലിലും ന്യൂനമർദ്ദ രൂപപ്പെടാൻ സാധ്യതയുണ്ട്. തെക്കൻ കർണാടത്തിനും വടക്കൻ തമിഴ്നാടിനും മുകളിലും തെക്ക് കിഴക്കൻ അറബിക്കടലിലും ചക്രവാതചുഴി നിലനിൽക്കുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്കൻ കേരളത്തിൽ കൂടിയും കർണാടക, തമിഴ്‌നാട് വഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെയും ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയോടെ (നവംബർ 17) മധ്യകിഴക്കൻ അറബിക്കടലിൽ ഗോവ, മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.