മഴക്കെടുതിയെത്തുടർന്നു സംസ്ഥാനത്ത് 178 ക്യാംപുകൾ തുറന്നു.

5168 പേരെ മാറ്റിപ്പാർപ്പിച്ചു
 
f
മഴക്കെടുതിയിൽ ഇന്ന് 3 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു
രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നു വീടുകൾ കൂടി പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.
മഴക്കെടുതിയിൽ ഇന്ന് 3 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തുടനീളം മഴക്കെടുതിയിൽ ആകെ 15 ജീവനുകളാണ് ഇതുവരെ നഷ്ടപ്പെട്ടിട്ടുള്ളത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ മഴസാധ്യത പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളും ആണ് അതിശക്തമായ മഴ, ഓറഞ്ച് അലേർട്ട് പ്രഖ്യപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം. 
മുന്നറിയിപ്പുകൾ ഗൗരവമായി കാണുകയും അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും തയ്യാറാകണം.