അദാനിയുടെ ഓഹരി തട്ടിപ്പ്

മോദിയുടെത് കുറ്റകരമായ മൗനം:കെ.സുധാകരന്‍ എംപി
 
Kpcc

മോദിയുടെ സുഹ്യത്തായ അദാനി ഗ്രൂപ്പ് കൃത്രിമ കണക്കുകളിലൂടെയാണ് കോര്‍പ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തിയതെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും പ്രധാനമന്ത്രിയുടെത്  കുറ്റകരമായ മൗനമാണെന്നും പൊതുജനതാല്‍പ്പര്യവും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ പഴുതടച്ച അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഓഹരി വില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ച അദാനി ഊതിപ്പെരുപ്പിച്ച ബലൂണായിരുന്നെന്ന് ഹിന്‍ഡന്‍ബര്‍ഗിന്റെ കണ്ടെത്തലിലൂടെ വ്യക്തമായി. ഓഹരി ഇടപാടുകളില്‍ ഗുരുതര തിരിമറി നടത്തിയും കോടികള്‍ കടമെടുത്തും ബിജെപിയുടെയും മോദിയുടെയും സ്‌പോണ്‍സറായ അദാനിക്ക് വളഞ്ഞ വഴികളിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍ മോദി ഭരണകൂടം അനിയന്ത്രിതമായി തുറന്നു കൊടുത്തു. മോദിസര്‍ക്കാര്‍ വിദേശ നിക്ഷേപങ്ങള്‍ക്കായി രാജ്യത്തിന്റെ വാതില്‍ തുറന്നിട്ടത് അദാനിയെ പോലുള്ള കോര്‍പ്പറേറ്റ് കുത്തകളുടെ പേപ്പര്‍ കമ്പനികള്‍ക്ക് ഇവിടെ നിന്നും കോടികള്‍ നിക്ഷേപത്തിന്റെ പേരില്‍ കൊള്ളയടിക്കാനാണ്. ഇതില്‍ നല്ലൊരു പങ്ക് മോദിയും ബിജെപിയും കൈപ്പറ്റിയിട്ടുണ്ടെന്ന ആക്ഷേപമുണ്ട്. അതിന്റെ പ്രത്യുപകാരമായിട്ടാണ് രാജ്യത്തിന്റെ പൊതുമുതലും സമ്പത്തും അദാനിയെപോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനും കടമെടുത്ത് മുടിക്കാനും ബിജെപി സര്‍ക്കാര്‍ വിട്ടുകൊടുത്തതെന്നും സുധാകരന്‍ പറഞ്ഞു.

വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടെ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ അദാനിക്ക് തീറെഴുതിയ മോദി സര്‍ക്കാര്‍ അവയുടെ നിലനില്‍പ്പ് തന്നെ അപായപ്പെടുത്തി.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം  പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച  74000 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ എല്‍.ഐ.സി നടത്തിയത്. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ ഓഹരികള്‍ പണയംവെച്ച് വന്‍തോതില്‍ കടം വാങ്ങിയാണ് അദാനി ഗ്രൂപ്പ് വളര്‍ച്ച നേടിയത്. കൂടാതെ കര്‍ഷര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും മുന്നില്‍ വാതിലുകള്‍ കൊട്ടിയടുക്കുമ്പോഴാണ് സ്വകാര്യ ബാങ്കുകളേക്കാള്‍ ഇരട്ടി വായ്പ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് നല്‍കിയത്.ഹിന്‍ഡന്‍ബര്‍ഗിന്റെ  റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായ ഓഹരി ഇടവില്‍ ലക്ഷകണക്കിന് കോടികളാണ് മലയാളികള്‍ അടക്കമുള്ള നിക്ഷേപകര്‍ക്ക് നഷ്ടമായത്.ഇത്തരം ഒരു അവസ്ഥ ജനങ്ങള്‍ക്ക് സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോദി സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല. കേരളത്തില്‍ അദാനി തുടങ്ങിയ പദ്ധതികളെ ഇപ്പോഴത്തെ പ്രതിസന്ധി കാര്യമായി ബാധിക്കുമോയെന്ന ആശങ്കയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.