ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല - മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചു.
കേന്ദ്രസർവീസുകളിലേയ്ക്ക് നടത്തുന്ന പരീക്ഷകൾ ഹിന്ദിയിലാക്കാനും ഐഐടി, ഐഐഎം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത അധ്യയനഭാഷയാക്കാനുമുള്ള പാർലമെൻ്റിൻ്റെ ഔദ്യോഗിക ഭാഷാസമിതി ശുപാർശയെക്കുറിച്ചുള്ള മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് കേരളത്തിൻ്റെ നിലപാട് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചത്.
സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ അംഗീകരിക്കുന്ന 'നാനാത്വത്തിൽ ഏകത്വമെന്ന' സങ്കല്പമാണ് ഇന്ത്യയുടെ സത്തയെ നിർണ്ണയിക്കുന്നത്. ഇതംഗീകരിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യവും സഹിഷ്ണുതയും പരസ്പരബഹുമാനവുമാണ് നമ്മുടെ രാജ്യത്തെ നിലനിർത്തുന്നത്. ഏതെങ്കിലും ഒരു ഭാഷയെ മറ്റു ഭാഷകൾക്കു മുകളിൽ അവരോധിക്കുന്നത് ഈ അഖണ്ഡതയെ തകർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള സവിശേഷതകൾ അംഗീകരിക്കേണ്ടതുണ്ട്. തൊഴിൽ പരീക്ഷകൾ ഹിന്ദിയിലാക്കുന്നത് രാജ്യത്തെ ഒരു വലിയ ശതമാനം ചെറുപ്പക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടാൻ കാരണമാകും. മാത്രമല്ല, ഹിന്ദി അടിച്ചേല്പിക്കുന്നത് സഹകരണാത്‌മക ഫെഡറലിസം എന്ന തത്വത്തിനു വിരുദ്ധവുമാണ്.
ഇക്കാരണങ്ങൾ കണക്കിലെടുത്ത് ഹിന്ദിവൽക്കരണത്തിനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.