കെ.ജയകുമാറിനും കെ.ആർ.അജയനും ഡി.വിനയചന്ദ്രൻ അവാർഡ്

 
KR
ജിവിതം നിരന്തരമായ യാത്രയാക്കിയ പ്രശസ്ത കവി ഡി.വിനയചന്ദ്രന്റെ ഓർമ്മയ്ക്കായി വിനയചന്ദ്രൻ പൊയട്രി  ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള നാഷണൽ പൊയട്രി അവാർഡ് കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് സമ്മാനിക്കാൻ  തീരുമാനിച്ചതായി അവാർഡ് കമ്മിറ്റി ചെയമാൻ ഡോ. ഇന്ദ്രബാബുവും  ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രതാപനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.50,000 രൂപയും നേമം പുഷ്പരാജ് രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ലഭ്യമായ 17 നാമനിർദ്ദേശങ്ങളിൽനിന്നാണ് കെ. ജയകുമാറിനെ ജഡ്ജിംഗ്  കമ്മിറ്റി പരിഗണിച്ചത്. യാത്രാവിവരണത്തിനുള്ള അവാർഡ് കഥാകൃത്തും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ.ആർ. അജയന്റെ 'ആരോഹണം ഹിമാലയം'.എന്ന കൃതിക്കാണ്. 10,000 രൂപയും നേമം പുഷ്പരാജ് രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ലഭ്യമായ 74 കൃതികളിൽനിന്നാണ് അജയന്റെ കൃതി  ജഡ്ജിംഗ് കമ്മിറ്റി  തിരഞ്ഞെടുത്തത്. ഡോ. ഇന്ദ്രബാബു ചെയർമാനും ഡോ.പി.സി.റോയി, പ്രൊഫ.എം.എസ്. നൗഫൽ  എന്നിവർ അംഗങ്ങളും ശ്രീകുമാർ മുഖത്തല കൺവീനറുമായ കമ്മിറ്റിയാണ് അവാർഡുകൾ നിർണയിച്ചത്. ഫെബ്രുവരി നാലാം വാരം തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന്  ജനറൽ സെക്രട്ടറി പ്രതാപൻ അറിയിച്ചു.അവാർഡ് കമ്മിറ്റി അംഗങ്ങളും ട്രഷറർ കുടവനാട് സുരേന്ദ്രനും സുനിൽ പാച്ചല്ലൂരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.അവാർഡ് സമർപ്പണ സമ്മേളനത്തോടൊപ്പം ഏകദിന നാഷണൽ പൊയട്രി സംവാദവും നടക്കും.