സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി

വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല
 
C M and Khan
വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാര്‍ക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു.രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ ഉടന്‍ രാജിവെക്കണമെന്ന കത്ത് അസാധുവായി നിയമപ്രകാരം മാത്രമേ വിസി മാര്‍ക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി. ഇന്ന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പ്രകാരം ഗവര്‍ണര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങളില്‍ തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി


 വിസിമാര്‍ക്ക് തത്ക്കാലം തുടരാമെന്ന കോടതിവിധി ആശ്വസകരമെന്ന് എം ജി യൂണിവേഴ്‍സിറ്റി വി സി ഡോ.സാബു തോമസ്. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കും. നിയമോപദേശം തേടിയതിന് ശേഷമായിരിക്കും വിശദീകരണം നല്‍കുകയെന്നും സാബു തോമസ് പറഞ്ഞു. നിയമപ്രകാരം മാത്രമേ വിസിമാര്‍ക്കെതിരെ നടപടിപാടുള്ളു എന്നാണ് ഹൈക്കോടതി ഉത്തരവ്.


 കേരള ഗവര്‍ണറും സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും തമ്മിലുള്ള പോര്‍വിളി ഹൈക്കോടതയിലേക്ക് നീണ്ടപ്പോള്‍ അതിശക്തമായ വാദ പ്രതിവാദത്തിനാണ് കോടതി മുറി സാക്ഷ്യം വഹിച്ചത്.സര്‍വകലാശാല വിഷയത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഇടപെടല്‍ നടത്തിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനായിരുന്നു വാദം കേട്ടതും ഇടപെടല്‍ നടത്തിയതും. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയാണ് പുറത്താക്കല്‍ ഉത്തരവ് നല്‍കിയതെന്നും പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് അധികാരം ഇല്ലെന്നുമായിരുന്നു വി സിമാരുടെ പ്രധാനവാദം. ഇത് രാജി വക്കാനുള്ള ഉത്തരവല്ലെന്നും രാജി വക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്ന് ചാന്‍സിലര്‍ മറുപടി നല്‍കി. വി സിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് നല്‍കിയതെന്നും ഗവര്‍ണര്‍ അറിയിച്ചു.ചോദ്യങ്ങളും ഉത്തരങ്ങളും മറുചോദ്യങ്ങളുമൊക്കെയായി കോടതി മുറി ചൂടുപിടിച്ചപ്പോഴെല്ലാം ജസ്റ്റിസും കൃത്യമായ ചോദ്യങ്ങളുമായി നിറഞ്ഞുനിന്നു. ഗവര്‍ണറുടെ ഉത്തരവിനെ അഭ്യാര്‍ത്ഥനയായി കാണാനാവില്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ധൃതി പിടിച്ചതെന്നും ഗവര്‍ണറോട് ചോദിച്ചു. തെറ്റായ നിയമനങ്ങള്‍ തെറ്റ് തന്നെയെന്ന് പറഞ്ഞ കോടതി ചാന്‍സലര്‍ മനുഷ്യനല്ലെ എന്നും തെറ്റ് പറ്റിയാല്‍ തിരുത്താന്‍ ഉള്ള അധികാരം വേണ്ടതല്ലേ എന്നും ചോദിച്ചു.അതേസമയം സര്‍ക്കാര്‍ ഇന്നത്തെ വാദത്തില്‍ ഇടപെട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആര്‍ക്കും വേണ്ടി പക്ഷം പിടിക്കാനില്ലെന്നും വാദിക്കാനില്ലെന്നുമായിരുന്നു എ ജിയുടെ പ്രതികരണം. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ രാജി ചോദിച്ചുള്ള ചാന്‍സിലറുടെ കത്ത് അസാധുവായെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. ചാന്‍സിലറായ ഗവര്‍ണര്‍ അന്തിമ ഉത്തരവ് ഇറക്കുന്നത് വരെ വി സിമാര്‍ക്ക് തുടരാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. വി സിമാരുടെ രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.


 സര്‍വകലാശാലകള്‍ക്ക് സുരക്ഷ നല്‍കണമെന്ന് നിര്‍ദേശിച്ച്‌ ഗവര്‍ണര്‍.ഒന്‍പത് സര്‍വകലാശാലകളില്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഗവര്‍ണര്‍ കത്തുനല്‍കി. പ്രശ്‍നസാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാനുള്ള നിര്‍ദേശം. വിധിപ്പകര്‍പ്പ് കിട്ടിയശേഷമാണ് ഗവര്‍ണറുടെ പ്രതികരണം. വിസിമാര്‍ക്ക് തല്‍ക്കാലത്തേക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്.


 കേരള വൈസ് ചാന്‍സലറുടെ ചുമതല ആരോഗ്യ സര്‍വകലാശാല വിസിക്ക്. ഡോ. മോഹനനന്‍ കുന്നുമ്മലിന് ഗവര്‍ണര്‍ പകരം ചുമതല നല്‍കി.കേരള വിസിയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ഡോ. മോഹനനന്‍ കുന്നുമ്മലിന് പകരം ചുമതല നല്‍കിയത്. ഡോ. വി പി മഹാദേവന്‍ പിള്ളയാണ് കേരള സര്‍വകലാശാല വിസി. 2018 ഒക്ടോബര്‍ 24 നാണ് വി പി മഹാദേവന്‍ പിള്ള വൈസ് ചാന്‍സലറായി നിയമിതനായത്. ഗവര്‍ണര്‍ പി സദാശിവമാണ് വി പി മഹാദേവന്‍ പിള്ളയെ വി സിയായി നിയമിച്ചത്.


 കോടതിവിധിക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ല. ചട്ടവും കീഴ്‍വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു.


 വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ കര്‍ക്കശ നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുന്നോട്ട് പോകുമ്പോള്‍ ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം.സര്‍വകലാശാലകളില്‍ ആര്‍എസ്‌എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നാണ് സിപിഎമ്മിന്‍റെ പ്രധാന വാദം. ആര്‍എസ്‌എസ് തലവന്‍ മോഹന്‍ഭഗവതിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് പോയി ഗവര്‍ണര്‍ കണ്ടതടക്കം ചൂണ്ടിക്കാണിച്ച്‌ ആര്‍എസ്‌എസ് നോമിനികളെ സര്‍വകലാശാലാ തലപ്പത്ത് കൊണ്ട് വരാനാണ് ആരിഫ് മുഹമ്മദ്ഖാന്‍റെ ശ്രമമെന്ന് സിപിഎം പറയുന്നു.പ്രത്യക്ഷ സമരങ്ങളിലെല്ലാം ഈ വാദമായിരിക്കും നേതാക്കളുന്നയിക്കുക. പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാട് സ്വീകരിച്ചത് മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കിയിരുന്നു. ഗവര്‍ണറുടെ ആര്‍എസ്‌എസ് അജണ്ടയെന്ന പ്രചാരണത്തിന് നല്ല സ്വീകാര്യതയുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.


 സര്‍വകലാശാല വിഷയത്തില്‍ മറുപടി പറയാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എല്‍ ഡി എഫ് പ്രഖ്യാപിച്ച സമരത്തെ പരിഹസിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സമരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ഗവര്‍ണര്‍ സമരക്കാര്‍ക്ക് വേണമെങ്കില്‍ ചായ കൊടുക്കാം എന്നായിരുന്നു പരിഹസിച്ചത്. ആരൊക്കെ എതിര്‍ത്താലും ഞാന്‍ എന്‍റെ ജോലി ചെയ്യുമെന്നും ഏത് തരത്തിലുള്ള പ്രതിഷേധവും ഉയരട്ടെയെന്നും ഗവ‍ര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സ്വതന്ത്ര രാജ്യമാണെന്നും ആ‌ര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.അതേസമയം മന്ത്രിമാരെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. മന്ത്രിമാരില്‍ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ വിമര്‍ശിച്ചത്. ആരാണ് അവര്‍? ഞാന്‍ മറുപടി പറയാന്‍ യോഗ്യത ഉള്ള ആള്‍ ആണോ അവര്‍? എന്ന് ചോദിച്ച ഗവര്‍ണര്‍, ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാന്‍ നിയമിച്ചതല്ലല്ലോ എന്നും പറഞ്ഞു. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ നടപടിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രശ്നമുണ്ടെങ്കില്‍ അവര്‍ സുപ്രീം കോടതിയില്‍ പോകട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് അഭിമുഖ യോഗ്യത പോലുമില്ലെന്നായിരുന്നു ഗവര്‍ണറുടെ മറ്റൊരു പരാമര്‍ശം.അതേസമയം ഗവര്‍ണര്‍ക്ക് എതിരെ സമരം കടുപ്പിക്കാനാണ് എല്‍ ഡി എഫ് തീരുമാനം. 25 നും 26 നും സംസ്ഥാനത്താകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് എല്‍ ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.


  നാല് മാധ്യമങ്ങളെ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുപ്പിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ചില മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ കൊടുത്ത വാര്‍ത്ത ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയ്യാറായില്ലെന്നും അതാണ് അവരെ ഒഴിവാക്കാന്‍ കാരണമെന്നുമാണ് ഗവര്‍ണര്‍ നല്‍കിയ വിശദീകരണം.രാജ് ഭവനുമായി ബന്ധപ്പെട്ട് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി. രാജ്ഭവന്‍ പിആര്‍ഒ ആവശ്യപെട്ടിട്ടും തിരുത്താന്‍ അവര്‍ തയ്യാറായില്ല. അതുകൊണ്ടാണ് അത്തരം മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. പാര്‍ട്ടി കേഡറുകളെ താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചില വിഷയങ്ങളില്‍ വിശദീകരണം നല്‍കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍ താന്‍ പറയുന്നതിനെ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നുണ്ടെന്നും അത്തരക്കാരെ ഒഴിവാക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെയാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. മാധ്യമങ്ങളോടുള്ള വിവേചനത്തില്‍ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നാല് മാധ്യമങ്ങള്‍ക്ക് മാത്രം പ്രവേശനം നിഷേധിച്ചത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഗവര്‍ണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നത് ശരിയല്ലെന്നും എല്ലാവരെയും ഒരു പോലെ കാണണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.


 മാധ്യമ വിമര്‍ശനത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് ബഹുമാനം മാത്രമാണെന്നും എന്നും അത്തരം നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. മാധ്യമങ്ങളെന്ന വ്യാജേന പാര്‍ട്ടി കേഡറുകളെത്തുന്നുവെന്ന പരാമര്‍ശം വിവാദമായതോടെയാണ് പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണറുടെ പ്രതികരണം. പാര്‍ട്ടി കേഡര്‍ ജേര്‍ണലിസ്റ്റ് ചമയുന്നുവെന്ന പരാമര്‍ശം ആവര്‍ത്തിക്കുകയാണെന്നും അത് കൊണ്ടാണ് രാജ് ഭവനിലേക്ക് മാധ്യമപ്രവര്‍ത്തകരോട് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് നേരത്തെ നടത്തിയ 'കടക്ക് പുറത്ത്', മാധ്യമ സിന്‍ഡിക്കേറ്റ് പരാമര്‍ശങ്ങളും ഗവര്‍ണര്‍ സൂചിപ്പിച്ചു. ഭരണ പക്ഷത്തിനിരിക്കുമ്പോള്‍ മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' പരാമര്‍ശം നടത്തിയത് താനല്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമങ്ങളെ മാധ്യമ സിന്‍ഡിക്കേറ്റെന്ന് വിളിച്ചതാരാണെന്ന് ഓര്‍മ്മിക്കുന്നില്ലെയെന്നും ഗവര്‍ണര്‍ ചോദിച്ചു. സര്‍വകലാശാല വിസിമാരുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്ബ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.


  ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കളല്ല കേരളത്തിലെ സര്‍വകലാശാലകളെന്ന് എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ്.കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്‌എഫ്‌ഐയുടെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍.


  കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീം കോടതി വിധി അന്തിമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ചാന്‍സലറുടെ അധികാരത്തില്‍ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സിപിഎംകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍, രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓര്‍ക്കണം. തിരിച്ചും പ്രതിരോധിക്കും. ശക്തമായി നേരിടും. ഗവര്‍ണര്‍ അനാഥനല്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അതുകൊണ്ട് ഭീഷണി വേണ്ട. അധികാരം രാജഭരണമല്ലെന്നും ഇനി മൂന്ന് കൊല്ലമേയുള്ളൂവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.


  9 സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍.അത്‌ എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


 വിസിമാരെ പുറത്താക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനം ശരിയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.കെ സി വേണുഗോപാലിന്‍റെയും കെ പി സി സി യുടെയും നിലപാട് ഒന്നാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചാകും വേണുഗോപാല്‍ പറഞ്ഞിട്ടുണ്ടാവുകയെന്നും സുധാകരന്‍ വിശദീകരിച്ചു. വിസിമാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. കേരളത്തില്‍ ഗവര്‍ണര്‍ ആര്‍എസ്‌എസ് അജണ്ട നടപ്പാക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കെപിസിസി. 'പിണറായി ഭരണത്തിനെതിരെ പൗര വിചാരണ' എന്ന പേരില്‍ തുടര്‍ പ്രക്ഷോഭം നടത്തും. ഭരണപരാജയം മറികടക്കാന്‍ സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. സ്വപ്‍ന പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. മുന്‍ മന്ത്രിമാരും മുന്‍ സ്പീക്കറും എന്തുകൊണ്ടാണ് മാനനഷ്ട കേസ് നല്‍കാത്തതെന്നും സുധാകരന്‍ ചോദിച്ചു.


  ഗവര്‍ണര്‍ നിയമസഭയെ അവഹേളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓര്‍ഡിനന്‍സുകള്‍ തിരിച്ചയക്കുന്നു.11 ഓര്‍ഡിനന്‍സുകള്‍ ലാപ്‍സായി. നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ല. ബില്ലുകള്‍ ഒപ്പിടാതെ ഇരിക്കുന്നത് സഭയോടുള്ള അവഹേളനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഗവര്‍ണറെ പരസ്യമായി പ്രതിഷേധം അറിയിക്കുകയാണ്. ഗവര്‍ണര്‍ മന്ത്രിമാരെ കാബിനറ്റ് പദവിയോടെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാര്‍ശ പ്രകാരമാണ്. കേന്ദ്രതലത്തില്‍ ഇത് പ്രധാനമന്ത്രി ചെയ്യുന്നു, ജനങ്ങള്‍ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയാണ് അധികാരത്തില്‍ വരിക. അതിലെ മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. നിയമിക്കുന്നതും രാജി വയ്ക്കാന്‍ ആവശ്യപ്പെടുന്നതും മുഖ്യമന്ത്രിയാണ്, ഗവര്‍ണറല്ല. ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചനാധികാരം ഇല്ല. ട്വീറ്റ് വിവാദമായപ്പോള്‍ 'പ്രീതി' പിന്‍വലിച്ചാലും മന്ത്രിമാര്‍ക്ക് തത്‍സ്ഥാനത്ത് തുടരാം എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. 'പ്രീതി' തത്വം എന്താണ് എന്നതിനെ കുറിച്ചുള്ള സാമാന്യ ധാരണ പോലും മറക്കുന്നു. സമൂഹത്തിന് മുന്നില്‍ പരിഹാസ്യനാകരുത്. പലവഴിക്ക് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഗവര്‍ണര്‍ അതിന് കൂട്ട് നില്‍ക്കുന്നു. അത് ഔചിത്യമല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മന്ത്രിമാരെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതാണോ. എത്ര വട്ടം ആരെയെല്ലാം അദ്ദേഹം അധിക്ഷേപിച്ചു. മന്ത്രിമാരുടെ പൊതുവിജ്ഞാനം അളക്കാന്‍ ഗവര്‍ണര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. തനിക്കെല്ലാം ആകാം എന്നാണോ ഗവര്‍ണര്‍ കരുതുന്നത്. ഗവര്‍ണറെ വിമര്‍ശിച്ചാല്‍ ഭരണഘടനാ വിരുദ്ധം എന്നാണ് പറയുന്നത്. തരം കിട്ടുമ്പോള്‍ എല്ലാം മന്ത്രിമാരെ അധിക്ഷേപിക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് ചേര്‍ന്നത് ആണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്ത് ഭരണത്തലവനാണ് ഗവര്‍ണര്‍. എന്റെ സര്‍ക്കാര്‍ എന്ന് എല്ലായിടത്തും പറയുന്ന അദ്ദേഹം അവസരം കിട്ടുമ്ബോഴെല്ലാം താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ ഇകഴ്ത്തി കാട്ടാനാണ് ശ്രമിക്കുന്നത്. ഇത് ജനാധിപത്യം നലനില്‍ക്കുന്ന സംസ്ഥാനമാണ്. ഇവിടെ പ്രതിഷേധം ഉയരും. ഗവര്‍ണര്‍ അത് അഭിമുഖീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മുകളില്‍ അല്ല നോമിനേറ്റഡ് സ്ഥാനങ്ങള്‍, അത് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു


 ഗവര്‍ണറെ തിരുത്തിക്കാന്‍ ആണ് ഇപ്പോഴത്തെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അത് പരാജയപ്പെട്ടാലല്ലേ, അപ്പോള്‍ അടുത്ത നടപടികള്‍ ആലോചിക്കാമെന്നും ഗവര്‍ണറെ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറ‍ഞ്ഞു. ജനാധിപത്യ ഭരണത്തെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ ഭരണം നടത്താന്‍ സമ്മതിക്കില്ല. കൊളോണിയല്‍ ഭരണത്തിന്റെ നീക്കിയിരിപ്പാണ് ഗവര്‍ണര്‍ പദവി. ആ സ്ഥാനം തിരിച്ചെടുക്കാത്തത് ജനാധിപത്യ മൂല്യം മുറുകെ പിടിക്കുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാരിനെതിരെ മാത്രമല്ല, സംസ്ഥാനത്തിനാകെ എതിരെയുള്ള നീക്കമാണിത്. ലീഗ് നേതാക്കള്‍ ആപത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവര്‍ ഗവര്‍ണറുടെ നീക്കത്തിന് എതിര് നില്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെ അല്ല, പ്രതിപക്ഷ നേതാവ് ബിജെപി തന്ത്രത്തിനു കൂട്ട് നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


  സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പ്രതിഷേധ കൂട്ടായ്മ. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവില്‍ പ്രതിഷേധമെന്ന തീരുമാനത്തിലാണ് ഇടതുമുന്നണി.നവംബര്‍ രണ്ട് മുതല്‍ കണ്‍വെന്‍ഷനും 15 ന് രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധവും നേരത്തെ പ്രഖ്യാപിച്ചിരുന്നു