പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകും: മുഖ്യമന്ത്രി

 
C M

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സർക്കാർ ആവശ്യമായ പദ്ധതികൾ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  രാജ്യത്തെ കുഞ്ഞുങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പോഷകാഹാരക്കുറവും അതിന്റെ ഫലമായി സംഭവിക്കുന്ന വളര്‍ച്ച മുരടിപ്പും സംബന്ധിച്ച് സ്വീകരിക്കേണ്ട ഫലപ്രദമായ ഇടപെടലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാർ ആവശ്യമായ ഇടപെലടുകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ 'കുട്ടികളിലെ പോഷകാഹാര സംരക്ഷണം: വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  സംസ്ഥാനത്തെ കുട്ടികളിൽ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ ഗ്രാമപ്രദേശങ്ങളിലെ കുട്ടികളേക്കാൾ നഗരപ്രദേശങ്ങളിലെ കുട്ടികൾക്കാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും.  ഗ്രാമപ്രദേശങ്ങളിലെ കുട്ടികളിൽ കൂടുതലും ഇലക്കറികളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണരീതി തുടരുമ്പോൾ നഗരങ്ങളിലെ വിദ്യാർത്ഥികൾക്ക് താല്‍പര്യം പുതിയ രീതിയിലുള്ള ഫാസ്റ്റ് ഫുഡുകളോടാണ്. ആവശ്യത്തിന് സാമ്പത്തികശേഷിയുള്ള കുട്ടികൾ പോലും പോഷകാഹാര കുറവ് കാണുന്നുണ്ട്. ഭക്ഷ്യ-പൊതുവിതരണ വകുപ്പും ഇക്കാര്യത്തിൽ ഫലപ്രദമായ പല നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഭക്ഷ്യകമ്മീഷൻ ഈ വിഷയം ചർച്ച ചെയ്യാന്‍ തയ്യാറായത് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


    2013 ലെ ഭക്ഷ്യഭദ്രതാ നിയമപ്രകാരം രൂപീകൃതമായിട്ടുള്ള സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ആദിവാസി ഗോത്രമേഖലയിലെ ജനതയുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യകമ്മീഷന്‍ ശക്തമായ ഇടപെടലുകൾ നടത്തിവരുന്നുണ്ടെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ആദിവാസി സമൂഹത്തിന്റെ അർഹമായ ആനുകൂല്യങ്ങളക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനും സ്ത്രീകളിലും കുട്ടികളിലും പോഷഹാരക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ഭക്ഷ്യകമ്മീഷൻ ആരംഭിച്ച 'ഭാസുര' എന്ന ബോധവത്ക്കരണ പരിപാടി ഏറ്റവും ഫലപ്രദമായ പദ്ധതികളില്‍ ഒന്ന്.  സംസ്ഥാനത്തെ 132 ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷന്‍കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിന് ഭക്ഷ്യകമ്മീഷൻ നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


    കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന സംസ്ഥാന ഭക്ഷ്യ കമ്മീഷനുകൾക്ക് ഈ രംഗത്ത് ഫലപ്രദമായി ഇടപെടുന്നതിന്  ദേശീയ സെമിനാർ സഹായകരമാകുമെന്ന് പ്രത്യാശിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  രാജ്യത്തെ 47% ൽ അധികം കുഞ്ഞുങ്ങൾ, നേരിടുന്ന പോഷകാഹാരക്കുറവ് മൂലമുള്ള വളർച്ചാ മുരടിപ്പിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങൾക്ക് ഇത് ഊർജ്ജം പകരും.  വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യകമ്മീഷനുകളിലെ ചെയർമാൻമാരും അംഗങ്ങളും ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കുന്നു. യോഗത്തിൽ ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാൻ                   ശ്രീ. കെ.വി.മോഹന്‍ കുമാർ സ്വാഗതവും ഭക്ഷ്യ കമ്മീഷന്‍ അംഗം ശ്രീ. കെ. ദിലീപ് കുമാർ  കൃതജ്ഞതയും രേഖപ്പെടുത്തി. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷ്ണര്‍ ഡോ. സജിത് ബാബു ഐ.എ.എസ്, വനിത ശിശു വികസന ഡയറക്ടര്‍ ജി.പ്രിയങ്ക ഐ.എ.എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യകമ്മീഷനിലെ ചെയര്‍മാന്‍മാരും, അംഗങ്ങളും, സംസ്ഥാന ഭക്ഷ്യ - ആരോഗ്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ദ്വിദിന് സെമിനാറില്‍ പങ്കെടുക്കുന്നു.