ഐ.എസ്.എൽ മത്സരം: ഊരിലെ കുരുന്നുകൾക്ക് മഹാരാജാസിൽ സ്വീകരണം

 
chil

വെള്ളിയാഴ്ച്ച (ഒക്ടോബർ 28) കൊച്ചിയിൽ  നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി ഐ.എസ്.എൽ മത്സരത്തിലെ താരങ്ങളെ  കൈ പിടിച്ച് ആനയിക്കാനെത്തിയ  ആദിവാസി ഊരിലെ കുരുന്നുകൾക്കു സ്വീകരണം നൽകി. പട്ടിക വർഗ വികസന വകുപ്പ് എറണാകുളം മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങ് ഫോർട്ട്കൊച്ചി സബ് കളക്ടർ പി. വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു.

 

കാലിന്റെ കീഴിലെ പന്ത് ആരുടെയും കുത്തകയല്ല എന്നത് പോലെ ജീവിതത്തിൽ വരുന്ന അവസരങ്ങൾ ഏതെങ്കിലും പ്രദേശത്തുള്ളവരുടെ കുത്തകയല്ലെന്ന് സബ് കളക്ടർ കുട്ടികളോട് പറഞ്ഞു. എന്തിനെയും വെട്ടിപ്പിടിക്കാനുള്ള ഊർജം ലഭിക്കുന്നത് ഇത്തരത്തിലുള്ള യാത്രകളാണെന്നും  അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കുട്ടികൾക്ക് ഫുട്ബോളുകൾ സമ്മാനിച്ചു.

chil

കാസര്‍ഗോഡ് കരിന്തലം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിലെ  22 ട്രൈബല്‍ വിദ്യാര്‍ത്ഥികളെയാണ് ഐഎസ്എൽ മത്സരത്തിലെ താരങ്ങളെ  മൈതാനത്തിലേക്കു കൈപിടിച്ച്  ആനയിക്കാനായി തിരഞ്ഞെടുത്തത്.  മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും സ്‌കൂള്‍ ഡയറക്ടറുമായ കെ.വി ധനേഷിന്റെ നേതൃത്വത്തിലാണ് കുട്ടികൾ കൊച്ചിയിലെത്തിയത്. 

പട്ടിക വർഗ വികസന വകുപ്പ്, എറണാകുളം ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗൺസിൽ, മഹാരാജാസ് കോളേജ് എന്നിവ  സംയുക്തമായാണു സ്വീകരണം സംഘടിപ്പിച്ചത്. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സിമി ആൻ്റണി, ചിൽഡ്രൻ ആന്റ് പൊലീസ് ജില്ലാ കോ - ഓഡിനേറ്റർ ബാബു ജോൺ, ഫുട്ബോൾ താരം സി.വി സീന, ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ.അനൂപ്, ട്രൈബൽ ഡവലപ്മെന്റ്  ഓഫീസ് പ്രതിനിധി കെ.എം. മുനീർ, കൊച്ചി കോർപ്പറേഷൻ സി.ഡി.പി.ഒ. ഇന്ദു, കോളേജ് യൂണിയൻ പ്രതിനിധി അഖിൽ, എൻ.ജി.ഒ യൂണിയൻ  ജില്ലാ പ്രസിഡൻ്റ് കെ.പി ഷാനിൽ തുടങ്ങിയവർ പങ്കെടുത്തു.