ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വിജ്ഞാപനം

നിലവിലെ രീതി തുടരണമെന്ന് കേരളം
 
Court

 ന്യൂനപക്ഷ മതവിഭാഗങ്ങളെ നിശ്ചയിക്കുന്നതിനും വിജ്ഞാപനം നടത്തുന്നതിനും നിലവിലെ സമ്പ്രദായം തുടരണമെന്ന് കേരളം അറിയിച്ചതായി കേന്ദ്രം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള 2004ലെ ദേശീയ കമ്മീഷന്‍ നിയമത്തിന്റെയും 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമത്തിന്റെയും അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളുടെ നിർണ്ണയം നടത്തണമെന്നാണ് കേരളം അറിയിച്ചിരിക്കുന്നതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. ന്യൂനപക്ഷ നിർണ്ണയത്തിൽ സുപ്രീം കോടതി വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതുവരെ ഈ രീതി തുടരണമെന്ന് കാണിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ.ശർമിള മേരി ജോസഫ് നൽകിയ കത്തും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചു.

2004 ലെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ ആക്ടിലെ സെക്ഷൻ 2 (എഫ്) പ്രകാരം ന്യൂനപക്ഷ മതവിഭാഗങ്ങളെ നിശ്ചയിക്കുന്ന വിജ്ഞാപനം കേന്ദ്ര സർക്കാരാണ് പുറപ്പെടുവിക്കേണ്ടത്. ഇതനുസരിച്ച് മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളെ ന്യൂനപക്ഷ മതവിഭാഗങ്ങളായി കേന്ദ്രം വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതേസമയം, ടിഎംഎ പൈ കേസിൽ, സുപ്രീം കോടതിയുടെ 11 അംഗ ഭരണഘടനാ ബെഞ്ച് മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളെ സംസ്ഥാനാടിസ്ഥാനത്തിൽ വിലയിരുത്തണമെന്ന് വിധിച്ചിരുന്നു.