ഇരട്ടനികുതി ഉത്തരവോടെ നിരക്ക് ഇരട്ടിയാക്കി സ്വകാര്യ ബസുകൾ

 
bus

അന്തർ സംസ്ഥാന സർവീസുകൾക്ക് കേരളത്തിൽ ഇരട്ടി നികുതി ഏർപ്പെടുത്തിയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. ബസ് കമ്പനികൾ യാത്രക്കാർക്ക് അധികഭാരം വരുത്തിവയ്ക്കുകയാണ്. ടിക്കറ്റ് നിരക്ക് 250 രൂപയോളമാണ് വർധിപ്പിച്ചത്. ക്രിസ്മസ് കാലത്ത് നിരക്ക് ഇരട്ടിയാക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണ് ബസ് കമ്പനികൾ.

എന്നാൽ ബസ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ സാധ്യമല്ലെന്നാണ് അന്തർ സംസ്ഥാന ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഇരട്ടനികുതി ഏർപ്പെടുത്തിയതോടെ ബസ് സർവീസ് നടത്തുന്നതിനുള്ള ചെലവ് വർധിച്ചു. അതിനാൽ, ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അവർ പറയുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് കേരളത്തിലും നികുതി ചുമത്താമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാർ നീക്കം തടയണമെന്ന ടൂറിസ്റ്റ് ബസ് ഉടമകളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. കേന്ദ്രനിയമത്തിന്‍റെ അഭാവത്തിൽ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.