മഹാമാരിക്കാലത്ത് സപ്ലൈകോ കേരള ജനതയ്ക്ക് അത്താണിയായി - മുഖ്യമന്ത്രി

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നേരിട്ടെത്തി നിര്‍വ്വഹിക്കുകയായിരുന്നു.
 
a
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വില്‍പ്പനശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി ബസ് ടെര്‍മ്മിനലിനടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍ പുതുതായതി ആരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നേരിട്ടെത്തി നിര്‍വ്വഹിക്കുകയായിരുന്നു. കോവി‍ഡ് മഹാമാരിക്കാലത്ത് സപ്ലൈകോ ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വച്ചതെന്നും, 13 നിത്യോപയോഗ സാധനങ്ങള്‍ 2016-ലെ വിലയ്ക്കുതന്നെ ഇപ്പോഴും വില വര്‍ദ്ധിപ്പിക്കാതെ വിതരണം തുടരുന്നത് സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സുഭിക്ഷാ ഹോട്ടലുകള്‍ വഴി കുറഞ്ഞവിലയ്ക്ക് ഉച്ച ഭക്ഷണമെത്തിക്കുന്ന സുഭിക്ഷ കേരളം പദ്ധതിയെയും മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പുതുതായി ആരംഭിക്കുന്നതും നവീകരിച്ചതുമായ മറ്റ് 24 സപ്ലൈകോ മാവേലി സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയുടെ ഉദ്ഘാടനം ഇതിനോടൊപ്പം മുഖ്യമന്ത്രി വെര്‍ച്ച്വലായി നിര്‍വ്വഹിച്ചു. തദവസരത്തില്‍ ആദ്യവില്‍പ്പന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഡപ്യൂട്ടി മേയര്‍ പി. കെ. രാജു, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ബിജു പ്രഭാകര്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍  സഞ്ചീബ് പഡ്ജോഷി, ജനറല്‍ മാനേജര്‍ സലീം കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ 25 മാവേലി വില്‍പ്പനശാലകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഓരോ ജില്ലയിലെയും വില്‍പ്പന ശാലകള്‍ അതാത് സ്ഥലത്തെ എം.എല്‍.എ മാര്‍ ജനപ്രതിനിധികല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദ്യ വില്‍പ്പന നടത്തി. ഈ സര്‍ക്കാര്‍ ചുമതല ഏറ്റെടുത്ത ശേഷം പുതിയതും നവീകരിച്ചതുമായ 50 സപ്ലൈകോ വില്‍പ്പന ശാലകള്‍ തുറന്നുകൊടുത്തു.