ബസിൽ അധ്യാപികയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഇടപെടാതിരുന്നതില്‍ തെറ്റ് സമ്മതിച്ച് കണ്ടക്ടര്‍.
തുടക്കത്തില്‍ ഇടപെടാതിരുന്നത് തെറ്റായിപ്പോയെന്ന് കണ്ടക്ടര്‍ ജാഫര്‍ പ്രതികരിച്ചു
Mar 6, 2022, 19:26 IST

കണ്ടക്ടറോട് പരാതി പറഞ്ഞിട്ട് ഒരു നടപടിയും എടുക്കാതായതോടെ അധ്യാപിക ഫേസ് ബുക്ക് ലൈവിലൂടെ ദുരനുഭവം വിവരിച്ചു.
കെഎസ്ആർടിസി ബസിൽ അധ്യാപികയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഇടപെടാതിരുന്നതില്‍ തെറ്റ് സമ്മതിച്ച് കണ്ടക്ടര്‍. തുടക്കത്തില്‍ ഇടപെടാതിരുന്നത് തെറ്റായിപ്പോയെന്ന് കണ്ടക്ടര്‍ ജാഫര്‍ പ്രതികരിച്ചു. അക്രമിച്ചു എന്ന പറയുന്ന ആള്‍ മാപ്പ് പറയുകയും സീറ്റ് മാറി ഇരിക്കുകയും ചെയ്തു. വിഷയം അവസാനിച്ചു എന്ന് കരുതിയാണ് ഇടപെടാണ്ടിരുന്നത്. ആദ്യം തന്നെ ഇടപെടാതിരുന്നത് തെറ്റായി പോയി. വലിയ വിഷയമായി എടുക്കാത്തത് തന്‍റെ തെറ്റാണ്. മയക്കത്തിലായിരുന്നുവെന്നും യാത്രക്കാരിക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജാഫർ പറഞ്ഞു.
അതേസമയം, ബസ് കണ്ടക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും സ്ത്രീ സുരക്ഷയെ കുറിച്ച് ധാരണയില്ലാതിരുന്നത് ദുഖകരമാണ്. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും, നീതി ലഭ്യമാക്കുമെന്നും പി സതീദേവി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
രാത്രി യാത്രയ്ക്കിടെയാണ് കെഎസ്ആർടിസി ബസ്സിൽ വച്ച് അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സിൽ തൃശൂരിനടത്ത് വെച്ചാണം സംഭവം നടന്നത്. സുഹൃത്തിനൊപ്പം യാത്രിയിലായിരുന്നു അധ്യാപിക. പരാതിപ്പെട്ടിട്ടും കെഎസ്ആടിസി കണ്ടക്ടറും സഹയാത്രക്കാരും അനങ്ങിയില്ലെന്നും ആക്ഷേപം. കണ്ടക്ടറോട് പരാതി പറഞ്ഞിട്ട് ഒരു നടപടിയും എടുക്കാതായതോടെ അധ്യാപിക ഫേസ് ബുക്ക് ലൈവിലൂടെ ദുരനുഭവം വിവരിച്ചു. സുഹൃത്തല്ലാതെ സഹയാത്രക്കാർ ആരും പ്രതികരിച്ചില്ല. കണ്ടക്ടർ പരാതി പറഞ്ഞിട്ടും അനങ്ങിയില്ല. ആശ്വസിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറോട് കണ്ടക്ടർ അത് വേണ്ടെന്ന് പറഞ്ഞുവെന്നും അധ്യാപിക പറഞ്ഞു. പിന്നീട് ഹൈവേ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പ്രശ്നം ഗൗരവത്തിലെടുക്കാതിരുന്നതിനാൽ പ്രതി രക്ഷപ്പെട്ടു.
തുടർന്ന് വാഹനം നിർത്തിച്ച് ഹൈവേ പൊലീസിനെ സമീപിച്ചു. പൊലീസിടപെടലുണ്ടായപ്പോഴും ധിക്കാര പരമായിത്തന്നെയായിരുന്നു കണ്ടക്ടറുടെ പെരുമാറ്റമെന്നും യുവതി പറയുന്നു. തിരുവനന്തപുരം -കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ്സിലായിരുന്നു സംഭവം. യാത്രക്കാർ സഹകരിക്കാഞ്ഞതോടെ, നാട്ടിലെത്തി പൊലീസിനെ സമീപിക്കാമെന്നുറപ്പിച്ച് ഇവർ യാത്ര തുടരുകയായിരുന്നു. ഇതിനിടെ പ്രതി ബസ്സിൽ നിന്ന് ഇറങ്ങിപ്പോയി. ബസ്സിലെ സംഭവങ്ങളുടെ മാനസികാഘാതത്തിൽ നിന്ന് ഇവർ ഇനിയും പൂർണമായി മോചിതയായിട്ടില്ല.