കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിൽ അടിയന്തിരമായി ഇറക്കി

നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി ഇറക്കി. ജിദ്ദ- കോഴിക്കോട് വിമാനമാണ് ഇറക്കിയത്.
 
air

നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ജിദ്ദ- കോഴിക്കോട് വിമാന‌മാണ് അടിയന്തരമായി ഇറക്കിയത്. വൈകീട്ട് 7.20നായിരുന്നു ലാൻഡിങ്.

വൈകിട്ട് 6.30ന് കരിപ്പൂരിൽ ഇറങ്ങാനിരുന്ന സ്‌പേസ്‌ജെറ്റ് വിമാനമാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.    197 യാത്രക്കാരുമായി സൗദിയിലെ ജിദ്ദയിൽനിന്നു കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് 5.59നാണ് വിമാനത്താവളത്തിൽ ആദ്യം ജാഗ്രതാ നിർദേശം ലഭിക്കുന്നത്. തുടർന്ന് 6.29ന് സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളിലടക്കം ജാഗ്രതാ നിർദേശം നൽകി. ഏറെ പരിശ്രമത്തിനു ശേഷം 7.19നാണു വിമാനം സുരക്ഷിതമായി ഇറക്കാനായത്.

188 മുതിർന്നവരും മൂന്നു കുട്ടികളുമാണ് യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പൈലറ്റുമാർക്കു പുറമേ നാല് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.  

    അതേസമയം, എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പൈലറ്റിന്റെ മനോധൈര്യമാണ് അപകടമുണ്ടാവാതെ രക്ഷയായത്. സാഹസികമായാണ് പൈലറ്റ് വിമാനം നിയന്ത്രിച്ചത്. ‌‌ലാന്‍ഡ് ചെയ്യാനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടിട്ടും പൈലറ്റ് പിന്‍മാറിയില്ല. മൂന്നാമത്തെ ശ്രമത്തിലാണ് ലാൻഡിങ് വിജയകരമായത്.

അതേസമയം, ഈ വിമാനത്തിന്റെ അപ്രതീക്ഷിത ലാൻഡിങ്ങിനെ തുടർന്ന് ഗവര്‍ണറുടെ വിമാനം വഴിതിരിച്ചുവിട്ടു. ജിദ്ദ വിമാനത്തിന് സുരക്ഷിത ലാൻഡിങ് ഒരുക്കാനാണ് ഗവർണറുടെ വിമാനം വഴി തിരിച്ചുവിട്ടത്. അരമണിക്കൂർ വട്ടമിട്ടു പറന്ന ശേഷം ലാൻഡിങ് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. ആറരയ്ക്കാണ് ഗവർണർ കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്നത്.

ഗവർണറുടെയടക്കം എട്ടു വിമാനങ്ങളാണ് ജിദ്ദ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്ങിനായി നെടുമ്പാശേരിയിൽ നിന്നും തിരിച്ചുവിട്ടത്. അതേസമയം, അടിയന്തരമായി ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിൽ എത്തിക്കുമെന്ന് സിയാൽ എം.ഡി എസ് സുഹാസ് അറിയിച്ചു