മോഷ്ടാവിൻ്റെ വലിയ ചിത്രം ബോർഡാക്കി സ്ഥാപന ഉടമ

കരകൗശല വിൽപ്പന കേന്ദ്രത്തിൽ മോഷണശ്രമം നടത്തിയ കള്ളനാണ് ഈ ഗതികേട് സംഭവിച്ചത്
 
K
മോഷണശ്രമം പരാജയപ്പെട്ടെങ്കിലും അല്പ വസ്ത്രധാരിയായി മോഷണശ്രമം തുടരുന്ന കള്ളന്റെ നിരവധി വീഡിയോ ചിത്രങ്ങൾ സ്ഥാപനത്തിന് ലഭിച്ചു
മോഷണത്തിന് ഇറങ്ങുമ്പോൾ പിടി വീഴാതിരിക്കാൻ ഉടുതുണി വേണ്ടെന്ന് വെക്കുന്ന കള്ളന്മാരുടെ ശ്രദ്ധയ്ക്ക്: കഴിയുന്നതും കവടിയാർ പണ്ഡിറ്റ് കോളനി ഭാഗം ഒഴിവാക്കുക. ഇല്ലെങ്കിൽ ചിലപ്പോൾ മാനം  പോയെന്ന് ഇരിക്കും. കഴിഞ്ഞമാസം മൂന്നുതവണ പണ്ഡിറ്റ് കോളനിയിലെ കൾച്ചർ ഷോപ്പി എന്ന  കരകൗശല വിൽപ്പന കേന്ദ്രത്തിൽ മോഷണശ്രമം നടത്തിയ കള്ളനാണ് ഈ ഗതികേട് സംഭവിച്ചത്. ഒരു ദിവസം പൂർണ നഗ്നനായും,  ഒരു ദിവസം അടിവസ്ത്രം മാത്രം ധരിച്ചും പരിസരനിരീക്ഷണത്തിന് എത്തിയ കള്ളൻ മൂന്നാം ദിവസം അടിവസ്ത്ര ധാരിയായി  സ്ഥാപനത്തിന് ഉള്ളിൽ കടന്ന് മോഷണശ്രമം നടത്തി. എന്നാൽ അകത്തു കയറിയപ്പോൾ  കണ്ടത് ആറന്മുളക്കണ്ണാടി യും നെട്ടൂർ പെട്ടിയും ചെന്നപട്ടണംകളിപ്പാട്ടങ്ങളും ഒക്കെയാണ്.  കെട്ടിടത്തിന്റെ മറുഭാഗത്തെ ഓരോ മുറിയും വിശദമായി പരിശോധിച്ചെങ്കിലും അവിടെ നിന്നും ഒന്നും കിട്ടിയില്ല. മോഷണശ്രമം പരാജയപ്പെട്ടെങ്കിലും അല്പ വസ്ത്രധാരിയായി മോഷണശ്രമം തുടരുന്ന കള്ളന്റെ നിരവധി വീഡിയോ ചിത്രങ്ങൾ സ്ഥാപനത്തിന് ലഭിച്ചു. തലയിൽ തൊപ്പി ധരിച്ചാണ്  കള്ളൻ എത്തിയതെങ്കിലും ഇടയ്ക്കൊന്നു തുമ്മാൻ വേണ്ടി തലക്കെട്ട് അഴിച്ചപ്പോൾ നരച്ച താടിയും, പുറകോട്ട് തിരിഞ്ഞപ്പോൾ കഷണ്ടി തലയും  ക്യാമറയിൽ വ്യക്തമായി പതിഞ്ഞു. മോഷണശ്രമത്തിൽ കലിപൂണ്ട സ്ഥാപന ഉടമകൾ കള്ളന്റെ വലിയ ചിത്രം ബോർഡാക്കി   പണ്ഡിറ്റ് കോളനിയിൽ  തന്നെ വെച്ചു