വ്യവസായാനുകൂലാന്തരീക്ഷത്തിന് തടസം നിൽക്കുന്നവർക്കെതിരെ നടപടി - മന്ത്രി പി. രാജീവ്
സംസ്ഥാനത്ത് വ്യവസായാനുകൂലാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്. ചില ഉദ്യോഗസ്ഥർ അവരുടെ മനോഭാവത്തിലും പ്രവർത്തനത്തിലും ഇനിയും മാറാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ യന്ത്ര പ്രദര്‍ശന മേള 'മെഷിനറി എക്സ്പോ - 2022' കലൂര്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരും മാറി ചിന്തിക്കേണ്ടത് നാടിൻ്റെ ആവശ്യമാണ്. കൂടുതൽ സംരംഭങ്ങൾ ഇവിടെ ആരംഭിച്ചാൽ മാത്രമേ സംസ്ഥാനത്തിനും ഗുണകരമാകു. സംസ്ഥാനത്തിന് കൂടുതൽ വരുമാനത്തിനും ഇത് ഉപകരിക്കും. സർക്കാരിന് ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടപ്പിലാക്കണമെങ്കിൽ വരുമാനം കൂടുതൽ ലഭിക്കണം. സംരംഭങ്ങൾ കൂടുതൽ ആരംഭിക്കണമെങ്കിൽ കേന്ദ്ര സർക്കാരിൻ്റെയും എല്ലാ വകുപ്പുകളുടേയം പൊതു സമൂഹത്തിൻ്റെയും പിന്തുണ വേണം. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളുമായി ചർച്ച തുടരുകയാണ്. അതോടൊപ്പം ബാങ്കേഴ്ന് യോഗവും ചേർന്നു. ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങുവാൻ സംസ്ഥാന സർക്കാർ മികച്ച പിന്തുണയാണ് നൽകുന്നത്. ഒരു വർഷത്തിനകം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണെന്നും എല്ലാ വകുപ്പുകളും പൊതുജനങ്ങളും ഒന്നിച്ചു നിന്നാലേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും നടത്തുന്നവർക്കും പുതിയ സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളുടെ പ്രവർത്തനവും ലഭ്യമാക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ സംരംഭകർക്ക് പുതിയ അറിവുകൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. സംരംഭകർക്കും സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രദർശനം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മേയർ എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. എക്സ്പോ ഡയറക്ടറിയുടെ പ്രകാശനം ഹൈബി ഈഡൻ എം പി നിർവഹിച്ചു. ടി.ജെ വിനോദ് എം എൽ എ വിശിഷ്ടാതിഥിയായിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ, കെഎസ്ഐഡിസി എംഡി എം.ജി രാജമാണിക്യം, ജില്ലാ കളക്ടർ ജാഫർ മാലിക്, കൗൺസിലർ ദീപ്തി മേരി വർഗീസ്, എംഎസ്എംഇ ജോയിൻ്റ് ഡയറക്ടർ ജി.എസ് പ്രകാശ്, ഫിക്കി കോ ചെയർമാൻ ദീപക് അസ്വാനി, ചെറുകിട വ്യവസായ അസോസിയേഷ ന് പ്രസിഡന്റ് എം. ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു. വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടർ കെ.സുധീർ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. കാര്‍ഷിക ഭക്ഷ്യസംസ്കരണം, ജനറല്‍ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മെഷിനറികളും സാങ്കേതിക സ്ഥാപനങ്ങളും അടക്കം 140 സ്റ്റാളുകളാണു മേളയില്‍ ഒരുക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പഞ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് എക്സ്പോ നടത്തുന്നത്. എക്സിബിറ്റേഴ്സ് ആയി മേളയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചവരെ മാത്രമേ മേള സന്ദര്‍ശിക്കുവാന്‍ അനുവദിക്കൂ. കൂടാതെ ശരീര ഊഷ്മാവ് പരിശോധിച്ച് സാനിറ്റൈസേഷന്‍ ഉറപ്പുവരുത്തിക്കൊണ്ട് മാത്രം മേളയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ പ്രവേശന കവാടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. മേള സന്ദര്‍ശിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് http://machineryexpokerala.in/visitor register എന്ന ലിങ്ക് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്ക് സൗകര്യവും മേളയില്‍ ഒരുക്കും. 38,050 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പവലിയനില്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിച്ചാണ് പരിപാടി.
സംസ്ഥാനത്തെ സംരംഭകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നത് ലക്ഷ്യംവച്ച്, പരമാവധി ജനങ്ങള്‍ക്ക് മേള ഉപകാരപ്രദമാക്കുന്നതിനായി വ്യവസായ വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും യു ട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയിലും മേളയില്‍ പങ്കെടുക്കുന്ന സ്റ്റാളുകളുടെ വിശദവിവരങ്ങളും യന്ത്രങ്ങളുടെ പ്രവര്‍ത്തനവും അടങ്ങുന്ന വീഡിയോകള്‍ ലഭ്യമാക്കും. 2022 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കുന്നതിനുള്ള വലിയൊരു കാല്‍വെയ്പ്പ് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ സൂക്ഷ്മ ചെറുകിട സംരംഭകര്‍ക്ക് പ്രയോജനകരമാണ് എക്സ്പോയെന്ന് വ്യവസായ വകുപ്പ് അധികൃതർ പറഞ്ഞു.