ഡോക്ടർക്കെതിരെ കൊലപാതകശ്രമം , ആരോഗ്യ മേഖല സ്തംഭിക്കും ഐ എം എ _____

 
IMA

കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ 60 വയസ്സുകാരനായ മുതിർന്ന കാർഡിയോളജി ഡോക്ടറെ സ്കാൻ റിപ്പോർട്ട് വൈകി എന്നാരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തികഞ്ഞ കാടത്തമാണെന്നും  ഇത്തരം മർദ്ദനങ്ങൾക്ക് വിധേയമായി  ചികിത്സ തുടരാൻ ആകില്ല എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ സുൽഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ ജോസഫ് ബനവൻ എന്നിവർ ഒരു പ്രസ്താവനയിൽ അറിയിച്ചു.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ സീ . റ്റി സ്കാൻ റിപ്പോർട്ട് വൈകിയെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റായ ഡോക്ടറെ അവഹേളിക്കുകയും ആശുപത്രി തല്ലിത്തകർക്കുകയും തുടർന്ന് കാർഡിയോളജി ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹത്തെയും പൊതുസമൂഹത്തിനെയും ഞെട്ടിപ്പിക്കുന്നതാണ്.

കോഴിക്കോട് എല്ലാ ആശുപത്രികളിലും പ്രതിഷേധ സൂചകമായി ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും.


 ഇത്തരം നീച പ്രവർത്തനങ്ങൾ തുടർന്നാൽ കേരളത്തിലാകമാനം ചികിത്സ നടപടികൾ നിർത്തിവച്ച് സമര രീതികളിലേക്ക് പോകുവാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർബന്ധിതമാകും.

ആശുപത്രി സംരക്ഷണ നിയമം ഉടനടി ഉടച്ചു വാർക്കുകയും ഹൈക്കോടതി ഉത്തരവിന് അനുസൃതമായി പോലീസ്  നടപടികൾ ശുഷ്കാന്തിയൊടെ നടപ്പിലാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് എത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ആശുപത്രി ആക്രമണങ്ങൾ  ഡോക്ടർമാരെ ഡിഫൻസീവ് ചികിത്സാരീതിയിലേക്ക് തള്ളിവിടുമെന്നും അത്  ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുവാൻ ഇടയാകും എന്നും അവർ ചൂണ്ടിക്കാണിച്ചു

ഇത്തരം ആക്രമണങ്ങൾക്കെതിരെ കേരളത്തിൻറെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് കേരളത്തിലെ മെഡിക്കൽ സമൂഹം ഒന്നടങ്കം  ആവശ്യപ്പെടുന്നു.